Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർസനലിനെതിരെ 5–1 ജയം, ഒന്നാം സ്ഥാനത്ത് ഒൻപതു പോയിന്റ് ലീഡ്; ലിവർപൂൾ പൊളിച്ചു!

liverpool-football-club-logo

ലണ്ടൻ∙ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ക്രിസ്മസ് ആഘോഷിച്ച ലിവർപൂൾ ആർസനലിനെ 5–1നു തകർത്ത് ന്യൂഇയറും അവിസ്മരണീയമാക്കി. 2018ലെ അവസാന ലീഗ് മൽസരത്തിലെ ഉജ്വല ജയത്തോടെ ഒന്നാം സ്ഥാനത്ത് ഒൻപതു പോയിന്റ് ലീഡ്.

അടുത്ത വാരം മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും ജയം കണ്ടാൽ യൂർഗൻ ക്ലോപ്പിന്റെ ടീമിന് കിരീടം ശരിക്കും സ്വപ്നം കാണാം. ആൻഫീൽഡിൽ റോബർട്ടോ ഫിർമിനോയുടെ ഹാട്രിക്കാണ് ലിവർപൂളിന് മിന്നും വിജയം സമ്മാനിച്ചത്. സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവരും ഗോൾ നേടി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടോട്ടനം വൂൾവ്സിനോട് 1–3ന് തോറ്റതാണ് ലിവർപൂളിന്റെ ലീഡുയർത്തിയത്. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി സതാംപ്ടനെ തോൽപ്പിച്ചാൽ ലിവർപൂളിന്റെ ലീഡ് ഏഴായി കുറയും. ക്രിസ്റ്റൽ പാലസിനെ 1–0നു തോൽപ്പിച്ച് ചെൽസി നാലാം സ്ഥാനം ഭദ്രമാക്കി. 

ആൻഫീൽഡിൽ എയ്ൻസ്‌ലി നീൽസിന്റെ ഗോളിൽ ആർസനലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ഇടവേളയ്ക്കു മുൻപു തന്നെ 4–1നു മുന്നിലെത്തി ലിവർപൂൾ കളി ‘തീർത്തു കള‍ഞ്ഞു’. 14,16 മിനിറ്റുകളിലായിരുന്നു ഫിർമിനോയുടെ ആദ്യ രണ്ടു ഗോളുകൾ. 32–ാം മിനിറ്റിൽ മാനെ ലീഡുയർത്തി. ആദ്യ പകുതിയുടെ അധികസമയത്ത് പെനൽറ്റി കിക്കിലൂടെ സലായും ലക്ഷ്യം കണ്ടു. 13 ഗോളുകളോടെ ടോപ് സ്കോറർ പട്ടികയിൽ പിയെറി എമെറിക് ഔബെമെയാങ്ങിനും ഹാരി കെയ്നും ഒപ്പമെത്തിയ സലായ്ക്ക് 65–ാം മിനിറ്റിൽ അവരെ മറികടക്കാൻ അവസരം കിട്ടിയെങ്കിലും പെനൽറ്റി കിക്ക് ഫിർമിനോയ്ക്കു നൽകി മാതൃക കാട്ടി.