Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവേഫ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന് ഇന്ന് തുടക്കം; ബാർസിലോന, പിഎസ്ജി, ലിവർപൂൾ കളത്തിൽ

neymar-mbape പിഎസ്ജി താരങ്ങളായ നെയ്മറും എംബപെയും പരിശീലനത്തിനിടെ

ബാർസിലോന ∙ വടക്ക് മോസ്കോ, തെക്ക് വലെൻസിയ, കിഴക്ക് ഡൊണറ്റ്സ്ക്, പടിഞ്ഞാറ് പോർട്ടോ; യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിന്റെ ആദ്യ മൽസരദിനം കളത്തിലിറങ്ങുന്ന ടീമുകളെ കുത്തുകൾ കൊണ്ടു യോജിപ്പിച്ചാൽ തന്നെ യൂറോപ്പിന്റെ അതിർത്തികൾ വരയ്ക്കാം. 11 രാജ്യങ്ങളിൽ നിന്നായി 16 നഗരങ്ങളിൽ നിന്നുള്ള ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. മൂന്നു സീസണുകൾക്കു ശേഷം കിരീടം ലക്ഷ്യമിടുന്ന ബാർസിലോന, 2010ലെ നേട്ടം ആവർത്തിക്കാൻ വെമ്പുന്ന ഇന്റർ മിലാൻ, രണ്ടു ഫൈനൽ തോൽവികൾ മറക്കാൻ ഇറങ്ങുന്ന അത്‌ലറ്റിക്കോ മഡ്രിഡ്, ജയിച്ചേ തീരു എന്ന വാശിയുമായെത്തുന്ന പിഎസ്ജി, കഴിഞ്ഞ തവണത്തെ ഫൈനൽ തോൽവി മറന്നു കളയാൻ ലിവർപൂൾ എന്നിവരാണ് ആദ്യ മൽസരദിനത്തിലെ പ്രധാന ടീമുകൾ. 

പ്രധാന മൽസരങ്ങൾ 

∙ മൊണാക്കോ–അത്‌ലറ്റിക്കോ മഡ്രിഡ് 

യൂറോപ്പ ലീഗ് ചാംപ്യൻമാർ എന്ന പകിട്ടോടെയാണ് അത്‌ലറ്റിക്കോ ചാംപ്യൻസ്  ലീഗിനിറങ്ങുന്നത്. മൊണാക്കോയെ ഇതുവരെ ഒരു യൂറോപ്യൻ മൽസരത്തിൽ പോലും അവർ നേരിട്ടിട്ടില്ല. മൊണാക്കോയുടെ സൂപ്പർ താരമായിരുന്ന തോമസ് ലെമറെ ഈ സീസണിലാണ് അത്‌ലറ്റിക്കോ സ്വന്തമാക്കിയത്. ചാംപ്യൻസ് ലീഗിൽ കഴിഞ്ഞ ആറു ഗ്രൂപ്പ് മൽസരങ്ങളും ജയിച്ചില്ല എന്ന ചീത്തപ്പേരുമായാണ് മൊണാക്കോ ഇറങ്ങുന്നത്. 

∙ ബാർസിലോന–പിഎസ്‌വി 

സ്വന്തം മൈതാനമായ നൂകാംപിൽ കഴിഞ്ഞ 26 യുവേഫ മൽസരങ്ങളിൽ ഒന്നിൽ പോലും ബാർസ തോറ്റിട്ടില്ല. 24 എണ്ണം ജയിച്ചു. രണ്ടെണ്ണം സമനിലയായി. ആന്ദ്രെ ഇനിയേസ്റ്റ വിട പറഞ്ഞതിനു ശേഷം പൂർണമായും മെസ്സിയുടെ ചുമലിലായ ബാർസ് സ്പാനിഷ് ലീഗ് സീസണിലും നാലിൽ നാലു കളികളും ജയിച്ചു നിൽക്കുകയാണ്. ഡച്ച് ക്ലബായ പിഎസ്‌വി ചാംപ്യൻസ് ലീഗിലെ കഴിഞ്ഞ ആറ് ഗ്രൂപ്പ് മൽസരങ്ങളും ജയിച്ചിട്ടില്ല. 

∙ ഇന്റർ മിലാൻ–ടോട്ടനം

ആറു സീസണുകൾക്കു ശേഷമാണ് ഇന്റർ ചാംപ്യൻസ് ലീഗിലേക്കു തിരിച്ചെത്തുന്നത്. റോമയിൽ നിന്ന് ബൽജിയം മിഡ്ഫീൽഡർ റാജ നെയ്ങ്കോളനെ നേടി കരുത്തരായാണ് അവരുടെ വരവ്. ടോട്ടനമിന്റെ കഥ നേരെ വ്യത്യസ്തം. സീസണിൽ ഒരാളെപ്പോലും അവർ ടീമിലെടുത്തിട്ടില്ല. 

∙ ലിവർപൂൾ–പിഎസ്ജി 

ഇന്നത്തെ സൂപ്പർ പോരാട്ടം. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു മുന്നേറ്റനിരകളുടെ പോരാട്ടം. ലിവർപൂളിന്റെ സലാ–മാനെ–ഫിർമിനോ ത്രയവും പിഎസ്ജിയുടെ നെയ്മർ–എംബപ്പെ–കവാനി കൂട്ടുകെട്ടും നേർക്കുനേർ നിൽക്കുമ്പോൾ ഗോളുകൾ കാണാക്കാഴ്ചയാകില്ല. ആൻഫീൽഡിൽ കഴിഞ്ഞ 16 യുവേഫ മൽസരങ്ങൾ തോറ്റിട്ടില്ല എന്നത് ലിവർപൂളിന് ആത്മവിശ്വാസം നൽകുന്നു.