ഛേത്രിയുടെ അപേക്ഷ കേട്ടെത്തിയത് 20,000ൽ പരം പേർ; മനംനിറയെ, കൺനിറയെ കാണികൾ

ഇന്ത്യൻ ടീമിനു പിന്തുണയുമായി ഇന്നലെ ഗാലറിയിൽ ആരാധകർ നിറഞ്ഞപ്പോൾ ചിത്രം: മനോരമ

മുംബൈ∙ ഛേത്രിയുടെ അപേക്ഷ ഫലിച്ചു! തകർത്തുപെയ്ത മഴയെ വകവയ്ക്കാതെ മുംബൈ ഫുട്ബോൾ അരീനയിലേക്ക് ആരാധകർ ഒഴുകിയെത്തി. 20,000 കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം സൂചി കുത്താൻ ഇടയില്ലാത്തവിധം തിങ്ങിനിറഞ്ഞു. ഇന്ത്യൻ പതാകകളും 100–ാം മൽസരത്തിനിറങ്ങിയ ഛേത്രിയുടെ പ്ലക്കാർഡുകളുമേന്തിയാണ് ആരാധകർ എത്തിയത്. സ്റ്റേഡിയത്തിൽ ആകെമൊത്തം ഒരു ക്രിക്കറ്റ് മൽസരത്തിന്റെ ഫീൽ. തകർത്തു പെയ്ത മഴയിലും സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടത് ഇന്ത്യയ്ക്കും ഛേത്രിക്കുമായുള്ള ആർപ്പുവിളികൾ മാത്രം! തായ്പേയ്ക്കെതിരായ ആദ്യ മൽസരത്തിൽ ഇതേ ഗ്രൗണ്ടിൽ കളി കാണാൻ എത്തിയതു 2,569 പേർ മാത്രമാണ്.

ഇന്ത്യയുടെ മൽസരം സ്റ്റേഡിയത്തിൽ എത്തി കാണണമെന്ന് ഇന്ത്യയിലെ ഫുട്ബോൾ ആരാധകരോടു ഛേത്രി ട്വിറ്റർ വിഡിയോയിലൂടെ  അപേക്ഷിച്ചിരുന്നു. ഫുട്ബോളിന് ഇന്ത്യയിലുള്ള ആരാധകവൃന്ദത്തെ തിരിച്ചറിഞ്ഞ യൂറോപ്യൻ ക്ലബുകൾ ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുമ്പോഴും ഇന്ത്യൻ ഫുട്ബോളിനോടു മുഖം തിരിക്കുന്ന ആരാധകരുടെ സമീപനമാണു ഛേത്രിയെ ഈ ഗതികേടിൽകൊണ്ടെത്തിച്ചത്. 

ക്രിക്കറ്റ് ഭ്രമത്തിനു പേരുകേട്ട ഇന്ത്യയിൽ ഫുട്ബോളിന്റെ സ്ഥാനം പിന്നിലാണ്. എങ്കിലും, ഫുട്ബോൾ മൽസരങ്ങൾ കാണുന്ന കാര്യത്തിലും ഇന്ത്യൻ ആരാധകർ പിന്നിലല്ല എന്നു വീണ്ടും  തെളിഞ്ഞിരിക്കുകയാണ് ഇന്നത്തെ മൽസരത്തിലൂടെ. 2014ലെ ലോകകപ്പ് മൽസരങ്ങൾ ഇന്ത്യയിലെ എട്ടരക്കോടി ആളുകൾ കണ്ടു എന്നാണു കണക്കുകൾ.

ഫിഫയുടെ കണക്കുകൾ പ്രകാരം റഷ്യൻ ലോകകപ്പിനുള്ള ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയിട്ടുള്ള പത്തു രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിനും സ്പാനിഷ് ലാ ലീഗയ്ക്കുമുള്ള ഇന്ത്യൻ ആരാധകരുടെ പിന്തുണയുടെ ചുവടുപിടിച്ചു പല ക്ലബുകളും ഇന്ത്യയിൽ ലോക്കൽ അക്കാദമികളും സ്ഥാപിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് മാത്രം ഇന്ത്യയിൽ മൂന്നര കോടി ആരാധകർ ഉണ്ടെന്നാണു കണക്ക്.  

ഛേത്രിയുടെ വാക്കുകളിൽനിന്ന്

‘കളി കാണാൻ എത്താത്ത എല്ലാവരോടും ഞാൻ അപേക്ഷിക്കുകയാണ്. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരോടുമായാണിത്... ദയവായി വരൂ, രണ്ടു കാരണങ്ങൾകൊണ്ടു ഞങ്ങളുടെ കളി കാണുക. ലോകത്തെ ഏറ്റവും മികച്ച കളിയാണു ഫുട്ബോൾ എന്നതാണ് ഒന്നാമത്തെ കാരണം. ഞങ്ങൾ കളിക്കുന്നത് ഇന്ത്യയ്ക്കുവേണ്ടിയാണ് എന്നുള്ളതു രണ്ടാമത്തേതും. ഒരുകാര്യം ഞങ്ങൾ ഉറപ്പുതരുന്നു; ഒരിക്കൽ ഞങ്ങളുടെ കളി കണ്ടാൽ പഴയ ആളായി ആയിരിക്കില്ല വീട്ടിലേക്കു നിങ്ങൾ തിരിച്ചുപോകുന്നത്.

യൂറോപ്യൻ ക്ലബ് ഫുട്ബോളുമായി തട്ടിച്ചുനോക്കുമ്പോൾ ഞങ്ങളുടെ നിലവാരം വളരെ താഴെയാണെന്നു പറയുന്ന യൂറോപ്യൻ ക്ലബുകളുടെ ആരാധകർക്കായി, ശരിയാണ്.. ഞങ്ങളുടെ നിലവാരം വളരെ താഴെയാണ്. പക്ഷേ ഞങ്ങളുടെ അഭിലാഷവും ഇച്ഛാശക്തിയും കൊണ്ട് ഞങ്ങൾ ഉറപ്പുതരുന്നു, നിങ്ങളുടെ സമയം നഷ്ടമാകില്ല.

പ്രതീക്ഷ നശിച്ച എല്ലാവരോടുമായി – ദയവായി സ്റ്റേഡിയത്തിലേക്കു വന്നു ഞങ്ങളുടെ കളി കാണുക. ദയവായി സ്റ്റേഡിയത്തിലേക്കു വരൂ. നിങ്ങൾക്കറിയില്ല നിങ്ങളുടെ പിന്തുണ എത്രമാത്രം വിലമതിക്കുന്നു എന്ന്. ഞങ്ങൾക്കായി ആർപ്പുവിളിക്കൂ, ഞങ്ങളുടെ കളി കാണൂ, ഞങ്ങളെ ചീത്തവിളിക്കൂ, വിമർശിക്കൂ, കളിയെക്കുറിച്ചു സംസാരിക്കൂ, വീട്ടിലെത്തിയശേഷം ചർച്ചകൾ നടത്തൂ, ഞങ്ങൾക്കു വേണ്ടി പോസ്റ്ററുകളെഴുതൂ, ദയവായി ഞങ്ങൾക്കൊപ്പം ചേരൂ. 

ഇന്ത്യൻ ഫുട്ബോളിലെ നിർണായകമായ സമയമാണ് ഇത്. ഇന്ത്യൻ ഫുട്ബോളിനു നിങ്ങളെയാണ് ആവശ്യം. അതുകൊണ്ടു നിങ്ങളുടെ പിന്തുണ ഞാൻ അഭ്യർഥിക്കുന്നു– വരൂ, ഞങ്ങളെ പിന്തുണയ്ക്കൂ, മുംബൈയിലും ഞങ്ങൾ കളിക്കുന്ന എല്ലായിടത്തും, ജയ്ഹിന്ദ്.’