കപ്പടിക്കാൻ ഇന്ത്യ; ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ഏതിരാളികൾ കെനിയ

മുംബൈ ∙ ലോകകപ്പിനു മുൻപ് ആവേശക്കിരീടം മോഹിക്കുന്ന ഇന്ത്യൻ ടീം പ്രതീക്ഷയോടെ നോക്കുന്നത് നായകൻ സുനിൽ ഛേത്രിയുടെ പ്രകടനത്തിലേക്ക്. ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ന് കെനിയയെ നേരിടുന്ന ഇന്ത്യയെ വിജയത്തിന്റെ ഉയരങ്ങളിലെത്തിക്കാൻ ഛേത്രിയുടെ ഫോം നിർണായകമാണ്. ലോകത്ത് ഇപ്പോൾ ഫുട്ബോൾ കളിക്കുന്ന താരങ്ങളിൽ ഗോളടിയിൽ മൂന്നാം സ്ഥാനത്തുള്ള ഛേത്രി, ടൂർണമെന്റിലെ കളിച്ച മൂന്നു മൽസരങ്ങളിലും സ്കോർ ചെയ്തിരുന്നു. ചൈനീസ് തായ്പേയിക്കെതിരെ ഹാട്രിക്കും കെനിയയ്ക്കെതിരെ രണ്ടു ഗോളും ഛേത്രി സ്വന്തമാക്കി. 

അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനുള്ള ഒരുക്കമായി ഈ ടൂർണമെന്റിനെ കാണുന്ന ഇന്ത്യയ്ക്ക് തീർച്ചയായും കിരീടവിജയം ആത്മവിശ്വാസമേകും. കെനിയ്ക്കെതിരെ നേരത്തെ ഛേത്രി കളിച്ചതു തന്റെ നൂറാം രാജ്യാന്തര മൽസരമായിരുന്നു. ഇന്ത്യ 3–0 വിജയം കണ്ട മൽസരത്തിലാണ് ഇരട്ട ഗോൾ നേട്ടവുമായി ഛേത്രി കളംനിറഞ്ഞത്. ഗാലറിയിൽ കാണികളുടെ പിന്തുണയ്ക്കായി ഛേത്രിക്ക് നേരത്തെ അഭ്യർഥന നടത്തേണ്ടി വന്നെങ്കിലും മുംബൈ അന്ധേരിയിലെ സ്റ്റേഡിയം ഇന്നു ഹൗസ് ഫുൾ ആയിരിക്കുമെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്. 

ഛേത്രിയും ജെജെ ലാൽപെഖുലയും ചേരുന്ന മുന്നേറ്റ നിര ഇന്ത്യയ്ക്കു കരുത്താകുമ്പോൾ മധ്യനിരയിൽ ഉദാന്ത സിങ്, അനിരുദ്ധ ഥാപ്, പ്രണയ് ഹാൽദർ, ഹാലിചരൺ നർസാറി എന്നിവർ ഉജ്വല പിന്തുണ നൽകും. മലയാളി താരം ആഷിക് കുരുണിയനും മധ്യനിരയിലിറങ്ങിയേക്കും. പരിചയ സമ്പന്നരായ സന്ദേശ് ജിങ്കാൻ, പ്രിതം കോട്ടാൽ, അനസ് എടത്തൊടിക എന്നിവർക്കാണു പ്രതിരോധച്ചുമതല. കഴിഞ്ഞ മൽസരത്തിൽ പുറത്തിരുന്ന ഗോൾകീപ്പർ ഗുർപ്രീത് സന്ധു ഇന്നു കളത്തിലിറങ്ങും.