ബ്ലാസ്റ്റേഴ്സ് പരിശീലനം തുടങ്ങി; മാർക്വി താരം വേണമോ എന്നു പിന്നീട് തീരുമാനിക്കുമെന്ന് ഡേവിഡ് ജയിംസ്

ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിനോടനുബന്ധിച്ചു കൊച്ചി പനമ്പിള്ളിനഗർ മൈതാനത്തു കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേഷ് ജിങ്കാനും മറ്റു കളിക്കാരും പരിശീലനത്തിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

കൊച്ചി ∙ നാലാം സീസണിൽനിന്ന് അഞ്ചാം സീസണിലേക്കുള്ള വേഷപ്പകർച്ചയിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടുമൊരിക്കൽക്കൂടി കൊച്ചിയുടെ മണ്ണിൽ പന്തുതട്ടി. അഞ്ചാം സീസണിന്റെ പ്രീ സീസൺ എന്ന നിലയ്ക്ക് ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോ‌ൾ ടൂർണമെന്റിന്റെ കൊച്ചിയിലെ പരിശീലനത്തിനു ബ്ലാസ്റ്റേഴ്സ് തുടക്കമിട്ടു. പനമ്പിള്ളി നഗർ സ്കൂൾ കളത്തിലായിരുന്നു പ്രീ സീസൺ അരങ്ങേറ്റം.

ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിലെ ചിലരും പരിശീലനത്തിൽ പങ്കുചേർന്നു. പുതിയ തലമുറയും സീനിയേഴ്സിനൊപ്പം പരിശീലിക്കണമെന്നതു ചീഫ് കോച്ച് ഡേവിഡ് ജയിംസിന്റെ നയമാണ്. 

അദ്ദേഹം തന്നെയാണ് അവരെ പരിശീലനത്തിനു ക്ഷണിച്ചത്. നേരത്തേ, അഹമ്മദാബാദിലെ പരിശീലനത്തിലും കുട്ടിത്താരങ്ങളിൽ ചിലരുണ്ടായിരുന്നു. ഐഎസ്എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വിദേശ ഗോൾ കീപ്പർ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

നവീൻ കുമാർ, അണ്ടർ 17 ലോകകപ്പ് ഹീറോ ധീരജ് സിങ് എന്നിവരിൽ ഒരാളാവും ഒന്നാം ഗോളി. മലയാളിതാരം സുജിത് ശശികുമാറാണു മൂന്നാമൻ. സുജിത്തിനും ഗോൾ കാവലി‍ന് അവസരം കിട്ടിക്കൂടെന്നില്ല. പ്രീ സീസൺ ടൂർണമെന്റിനുശേഷമേ മാർക്വീതാരം വേണോ എന്നതിൽ തീരുമാനം എടുക്കൂവെന്ന് ഡേവിഡ് ജയിംസ്. കഴിഞ്ഞ സീസണിൽത്തന്നെ മാർക്വീ താരം എന്ന സങ്കൽപ്പത്തിൽനിന്നു പല ടീമുകളും പിൻമാറിയിരുന്നു.