റഷ്യയിലെ മികച്ചഗോൾ നേടിയത് റോണോയും ക്രൂസുമല്ല, പാവം പാവാർദ് ! – വിഡിയോ

അർജന്റീനയ്ക്കെതിരെ പാവാർദിന്റെ ഗോൾ.

പാരിസ് ∙ ഫ്രഞ്ച് യുവതാരങ്ങളുടെ ലോകകപ്പ് ആഘോഷം തീരുന്നില്ല. 19കാരൻ കിലിയൻ എംബപെ ലോകകപ്പിലെ മികച്ച യുവതാരമായതിനു പിന്നാലെ ഫ്രാൻസ് ടീമിലേക്കിതാ മറ്റൊരു മധുരം കൂടി. റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി ഫുട്ബോൾ ആരാധകർ തിര‍ഞ്ഞെടുത്തത് ഫ്രാൻസിന്റെ 22കാരൻ ഡിഫൻഡർ ബെഞ്ചമിൻ പവാർദ് അർജന്റീനയ്ക്കെതിരെ നേടിയ ഗോൾ. കൊളംബിയൻ മിഡ്ഫീൽഡർ യുവാൻ ക്വിന്റെറോ ജപ്പാനെതിരെ നേടിയ ഫ്രീകിക്ക് ഗോളും ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് അർജന്റീനയ്ക്കെതിരെ നേടിയ ഗോളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. ലോകകപ്പിൽ ആകെ പിറന്ന 169 ഗോളുകളിൽ നിന്ന് അവസാന പട്ടികയിൽ ഇടം പിടിച്ച 18 ഗോളുകളിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ്. 

പവാർദ് ഫുൾ ! 

കസാനിൽ നടന്ന പ്രീ–ക്വാർട്ടർ മൽസരത്തിന്റെ 57–ാം മിനിറ്റിലായിരുന്നു പവാർദിന്റെ ഗോൾ. ഫ്രാൻസ് അപ്പോൾ 1–2നു പിന്നിൽ. വലതു വിങിൽ നിന്ന് ലൂക്കാസ് ഹെർണാണ്ടസ് നൽകിയ ക്രോസ് ആർക്കും കിട്ടാതെ ബോക്സിന്റെ വലതു മൂലയോടു ചേർന്നു നിൽക്കുകയായിരുന്ന പവാർദിന്റെ അടുത്ത്. ഒരു നിമിഷം പോലും കാത്തു നിൽക്കാതെ വലതു കാലിന്റെ പുറംഭാഗം കൊണ്ട് പവാർദ് തൊടുത്ത ഹാഫ് വോളി ഷോട്ട് മൂളിപ്പാഞ്ഞ് വലയ്ക്കുള്ളിലേക്കു കയറി. ഒന്നാന്തരം പവർ, കൺട്രോൾ! ഫ്രാൻസ് അതോടെ മൽസരം തിരിച്ചു പിടിച്ചു.

ക്ലാസ് ക്വിന്റെറോ ! 

ജപ്പാനെതിരെ ഗ്രൂപ്പ് ഘട്ട മൽസരത്തിന്റെ 39–ാം മിനിറ്റിൽ കൊളംബിയയ്ക്കു ഫ്രീകിക്ക്. ബോക്സിനു പുറത്ത് ക്വിന്റെറോ കിക്കെടുക്കുന്നതിനു മുൻപെ ജപ്പാൻ താരങ്ങൾ ഉയർന്നു ചാടി. ഒറ്റ നിമിഷത്തെ തോന്നലിൽ തന്ത്രം മാറ്റിയ ക്വിന്റെറോ നിലംപറ്റെ ഉരുട്ടി വിട്ട പന്ത് പോസ്റ്റിനെ ചാരി ഗോൾലൈൻ കടന്നു. ജപ്പാൻ ഗോൾകീപ്പർ കവാഷിമ കയ്യെത്തിപ്പിടിച്ചെങ്കിലും വൈകിപ്പോയിരുന്നു. മൽസരം 2–1നു തോറ്റ കൊളംബിയയ്ക്ക് ഓർത്തിരിക്കാനുള്ള നിമിഷമായി ആ ഗോൾ. 

വ്രൂം മോഡ്രിച്ച് ! 

ക്രൊയേഷ്യയുടെ സ്വപ്നതുല്യമായ കുതിപ്പിന് ഇന്ധനം നൽകിയ ഗോൾ. മിഡ്ഫീൽഡിലെ സഹതാരം ബ്രോസോവിച്ച് നൽകിയ പാസ് മോഡ്രിച്ചിന് കിട്ടിയത് ഗോളിന് 20 വാര അകലെ. മുന്നിൽ വഴി മുടക്കി നിന്ന അർജന്റീന ഡിഫൻഡർ ഒട്ടാമെൻഡിയെ രണ്ടു ടച്ചിൽ വെട്ടിയൊഴിഞ്ഞ് മോഡ്രിച്ച് പായിച്ച ഷോട്ട് അർജന്റീന ഗോൾകീപ്പർ വില്ലി കാബയ്യറോയുടെ കയ്യകലെ വലയ്ക്കുള്ളിലേക്കു കയറി. 81–ാം മിനിറ്റിലെ ആ രണ്ടാം ഗോളോടെ ക്രൊയേഷ്യ അർജന്റീനയുടെ കഥ തീർത്തു.