ജയിക്കണോ, ആദ്യം നടുനിവർക്കൂ ബ്ലാസ്റ്റേഴ്സ്!

മുട്ടുകുത്തിക്കും: കൊച്ചിയില്‍ ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്ബോൾ ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ സിറ്റി എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ധീരജ് സിങ്. ചിത്രം: മനോരമ

കൊച്ചി ∙ മഴയിലും ഗോളിലും മുങ്ങിയ രാത്രി കേരള ബ്ലാസ്റ്റേഴ്സിനു നൽകിയതു തിരിച്ചറിവുകളുടെ 90 മിനിറ്റ്. ‘സിറ്റി ബ്ലൂസ്’ എന്നറിയപ്പെടുന്ന മെൽബൺ സിറ്റി എഫ്സിയിലെ ഓരോകളിക്കാരനും വ്യക്തിഗതമികവിലും ടീം മികവിലും ഏറെ മുകളിലാണെന്ന തിരിച്ചറിവാണു നേരത്തേയുള്ളത്. പുതിയ തിരിച്ചറിവുകളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനം, മഞ്ഞപ്പടയ്ക്കു നല്ലൊരു മധ്യനിര ജനറൽ ഇല്ലെന്നതാണ്.

പുതുമകളുടെ ‘ബ്ലാസ്റ്റ്’ ആയിരുന്നു ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ടൂർണമെന്റിന്റെ ആദ്യ മൽസരം. ഇന്ത്യയിലെ ക്ലബ് ഫുട്ബോൾ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത കളിയാസൂത്രണവും പന്തടക്കവും പാസിങ്ങും സ്കോറിങ്ങും വഴി സിറ്റി ബ്ലൂസ് കാണികളെ വിരുന്നൂട്ടി. 

അതിനാൽ ഫുട്ബോൾ ഗൗരവത്തിലെടുക്കുന്ന ആരും ബ്ലാസ്റ്റേഴ്സിന്റെ തോൽവിയെക്കുറിച്ചു വിലപിക്കുന്നില്ല. എന്നാൽ ഐഎസ്എൽ അഞ്ചാം സീസൺ തുടങ്ങുംമുൻപു കെബിഎഫ്സി എത്രത്തോളം മെച്ചപ്പെടണമെന്ന വെളിപ്പെടുത്തൽ കാണികൾക്കു മുൻപാകെയുണ്ടായി.

ഈ ടീം മോശമല്ല. ഗോളി ധീരജ് സിങ് ഓരോ മൽസരം പിന്നിടുന്തോറും മെച്ചപ്പെടുമെന്ന് ഉദ്ഘാടന മൽസരം സൂചിപ്പിക്കുന്നു. സിറിൽ കാലി എന്ന ഫ്രഞ്ചുകാരന്റെ വരവോടെ പ്രതിരോധനിരയ്ക്ക് അഴകും ആഴവുംകൂടി. പകരക്കാരുടെ ബെഞ്ചിലും മികച്ച പ്രതിരോധക്കാരുണ്ട്. മുൻനിരയിലെ രണ്ടു വിദേശതാരങ്ങളെ സ്ട്രൈക്കർമാർ എന്നു വെറുതേ വിശേഷിപ്പിച്ചാൽ പോരാ. രണ്ടുപേരും നല്ല ആക്രമണകാരികളാണ്. പിന്നോട്ടിറങ്ങി പന്തെടുത്തു നീക്കം മെനയാനുള്ള താൽപര്യം അവർക്കുണ്ട്. ‘എന്റെ ജോലി ഗോളടി മാത്രം’ എന്ന മട്ടിലുള്ള കഥാപാത്രങ്ങളല്ല സ്റ്റൊയാനോവിച്ചും മറ്റേജും.

മധ്യനിരയിലാണു പ്രശ്നം. മലയാളിതാരം കെ. പ്രശാന്ത് പറന്നു കളിക്കുന്നുണ്ട്. ആദ്യത്തെ അരമണിക്കൂറിൽ മാത്രം വലതുവിങ്ങിൽനിന്ന് എതിർബോക്സിലേക്കു പ്രശാന്ത് തൊടുത്തതു നാലു ക്രോസ്. അതിവേഗ നീക്കങ്ങൾ മനോഹരമായിരുന്നു. നർസാരിയും നന്നായി കളിച്ചു. പക്ഷേ കിസിത്തോയിൽനിന്നു നല്ല നീക്കങ്ങൾ ഉണ്ടായില്ല. 

രണ്ടാം പകുതിയിൽ ഇറങ്ങിയ കറേജ് പെക്കുസനും മുന്നേറ്റത്തിനുള്ള കളി പുറത്തെടുത്തില്ല. ഐഎസ്എൽ സെപ്റ്റംബറിൽ തുടങ്ങുകയാണെങ്കിൽ വെറും ഒരുമാസത്തെ തയാറെടുപ്പിനേ അവസരമുള്ളൂ. ബ്ലാസ്റ്റേഴ്സിന് ഒരു വിദേശതാരത്തെക്കൂടി എടുക്കാം. അതൊരു മധ്യനിര ജനറൽ ആവണമെന്ന് ആരാധകർ ആഗ്രഹിക്കുന്നു. ഭാവനാസമ്പന്നമായ നീക്കങ്ങൾക്കു പ്രാപ്തനായ, 90 മിനിറ്റും തളരാതെ പന്തു തട്ടുന്ന, കിടിലൻ ഫ്രീകിക്കുകൾ തൊടുക്കുന്ന, ‘ബോക്സ് ടു ബോക്സ് പ്ലയർ’ എന്ന വിശേഷണം അർഹിക്കുന്ന ഒരാൾ.

ജിറോണ എഫ്സി ഇന്നെത്തും

കൊച്ചി ∙ സ്പാനിഷ് ടീം ജിറോണ എഫ്സി ഇന്നു പുലർച്ചെ എത്തും. ഇന്നു വൈകിട്ടുതന്നെ പരിശീലനത്തിന് ഇറങ്ങിയേക്കും. നാളെ വൈകിട്ട് ഏഴിനു കലൂർ സ്റ്റേഡിയത്തിൽ മെൽബൺ സിറ്റി എഫ്സിക്കെതിരെ ജിറോണ കളത്തിലിറങ്ങും. കഴിഞ്ഞ സീസണിൽ ലാലിഗയിൽ അരങ്ങേറ്റംകുറിച്ച ജിറോണ സാക്ഷാൽ റയൽ മഡ്രിഡിനെ അട്ടിമറിച്ചു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. അന്നു കളിച്ചവരിൽ ഒൻപതുപേർ ഇന്നു കൊച്ചിയിൽ എത്തുന്നുണ്ട്.