കേരളത്തിനു ടൂർണമെന്റ് ഗുണമാകും: എൻ. രാജ

എൻ. രാജ

കൊച്ചി ∙ അണ്ടർ 17 ലോകകപ്പിന് ഇന്ത്യ വേദിയായതാണു ലാലിഗ വേൾഡ് പ്രീ സീസൺ ടൂർണമെന്റ് കേരളത്തിൽ നടത്താൻ പ്രേരണയായതെന്നു ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ. രാജ.

പ്രീ സീസൺ ടൂർണമെന്റ് പോലുള്ള മൽസരങ്ങൾ കേരളത്തിൽനിന്നു കൂടുതൽ ഫുട്ബോൾ താരങ്ങൾ ഉയർന്നുവരാൻ കാരണമാകുമെന്നും സംഘാടകരിൽ പ്രമുഖനായ രാജ പറഞ്ഞു. ‘‘ഫെർണാണ്ടോ മോറിയെന്റസിനെപ്പോലുള്ള താരങ്ങളെ കൊച്ചിയിലേക്കു കൊണ്ടുവന്നതുതന്നെ അത്തരം സാഹചര്യത്തിനു വഴിയൊരുക്കാനാണ്. കേരള ബ്ലാസ്റ്റേഴ്സിന് വരുംസീസണിൽ മികച്ച സാധ്യതകളാണുള്ളത്. കളി ജയിച്ചോ തോറ്റോ എന്നതല്ല, അവർക്കു നല്ല തയാറെടുപ്പിനുള്ള അവസരം നൽകാനായെന്നാണു വിശ്വാസം. ടൂർണമെന്റ് കേരളത്തിൽത്തന്നെ നടത്തണമെന്നു നിർബന്ധിച്ചതു നിപ്പോൺ ടൊയോട്ടയാണ്.

‘‘നാളെയാണ് ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച കളി എന്നാണു കരുതുന്നത്. ഒന്നിനൊന്നു മികച്ച ടീമുകളാണ് ഏറ്റുമുട്ടുന്നത്. കേരളീയർക്കൊപ്പം ഈ കളി കാണാൻ ഞാനുമുണ്ടാകും.’’