Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മഞ്ഞക്കാർഡിൽ ഒരു ഓട്ടോഗ്രാഫ് പ്ലീസ്...: ഓസിലിനോട് റഫറി - വിഡിയോ

ozil-referee-autograph പിഎസ്ജിക്കെതിരായ മൽസരത്തിനു മുന്നോടിയായി റഫറിക്ക് മഞ്ഞക്കാർഡിൽ ഓട്ടോഗ്രാഫ് നൽകുന്ന ഓസിൽ.

സിംഗപ്പൂർ ∙ ‘വൺ ഓട്ടോഗ്രാഫ് പ്ലീസ്...’ സീസണു മുന്നോടിയായുള്ള സന്നാഹമൽസരത്തിന് ഇറങ്ങാൻ ടണലിൽ നിൽക്കവെ ഈ ചോദ്യം കേട്ട് ആർസനൽ ക്യാപ്റ്റൻ മെസൂട്ട് ഓസിൽ ഞെട്ടിക്കാണണം. ചോദിച്ച ആളെക്കണ്ട് ഒന്നുകൂടി ഞെട്ടിയിരിക്കുമെന്ന് ഉറപ്പ്. പിഎസ്ജി–ആർസനൽ മൽസരം നിയന്ത്രിക്കേണ്ട റഫറിയാണ് മൽസരത്തിനു മുൻപ് ഓസിലിന്റെ ഓട്ടോഗ്രാഫ് ചോദിച്ച് എത്തിയത്.

മൽസരത്തിനായി പോക്കറ്റിൽ കരുതിയിരുന്ന മഞ്ഞക്കാർഡിലാണ് റഫറി ഓട്ടോഗ്രാഫ് ചോദിച്ചതെന്നത് അതിലേറെ രസകരം. ആദ്യം ഒന്ന് അമ്പരന്ന ഓസിൽ പേനവാങ്ങി മഞ്ഞക്കാർഡിൽ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു.

എന്തായാലും മൽസരം നിയന്ത്രിക്കേണ്ട റഫറി മൽസരത്തിനു മുൻപ് താരത്തിന്റെ  ഓട്ടോഗ്രാഫ് ചോദിച്ച സംഭവം ഫുട്ബോൾ ലോകത്ത് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. കളത്തിൽ നിഷ്പക്ഷനായി പെരുമാറേണ്ട റഫറി മൽസരത്തിനു മുൻപേ താരത്തിന്റെ ഓട്ടോഗ്രാഫ് ചോദിച്ചെത്തിയത് ശരിയായില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

അതേസമയം, കേവലമൊരു സന്നാഹ മൽസരത്തിന് മുന്നോടിയായി റഫറി ഓട്ടോഗ്രാഫ് ചോദിച്ച സംഭവം ഇത്രവലിയ വിഷയമാക്കണോ എന്ന് റഫറിയുടെ പ്രവർത്തിയെ ന്യായീകരിക്കുന്നവർ ചോദിക്കുന്നു. 

എന്തായാലും, സീസണു മുന്നോടിയായുള്ള സന്നാഹമൽസരത്തിൽ ആർസനൽ 5–1ന് ഫ്രഞ്ച് ടീമായ പിഎസ്ജിയെ മുക്കിയപ്പോൾ ആദ്യ ഗോൾ ഓസിൽതന്നെ സ്വന്തമാക്കി. വംശീയ വിവാദങ്ങളുടെ ഇരുൾമറയിൽനിന്നു പുറത്തുവന്നാണ് ജർമൻ താരം ക്ലബ് ഫുട്ബോളിൽ തന്റെ വരവറിയിച്ചതെന്നതും ശ്രദ്ധേയം. തുർക്കി വംശജനായതുകൊണ്ടു ജർമനിയിൽ തനിക്ക് വംശീയാധിക്ഷേപം നേരിട്ടുവെന്നും ഇനി ദേശീയ ടീമിൽ കളിക്കാനില്ലെന്നും ലോകകപ്പിനുശേഷം ഓസിൽ വ്യക്തമാക്കിയിരുന്നു. 

ലോകകപ്പ് തോൽവിയുടെ ക്ഷീണത്തിൽനിന്നു കരകയറിയ ശരീരഭാഷയുമായി ആർസനലിന്റെ ക്യാപ്റ്റൻ സ്ഥാനവും ഏറ്റെടുത്താണ് ഓസിൽ കളത്തിലിറങ്ങിയത്. പിഎസ്ജിയിലേക്കു മാറിയ മുൻ യുവെന്റസ് ഗോൾകീപ്പർ ജിയാൻല്യൂ ബുഫണിനെ കീഴടക്കിയാണ് ഓസിൽ ഗോൾ നേടിയത്. ഫ്രാൻസിന്റെ അലയാന്ദ്രെ ലകാസറ്റെ ആർസനലിനുവേണ്ടി ഇരട്ടഗോളുകൾ നേടി.