ബ്ലാസ്റ്റേഴ്സ് ‘കൈവിട്ട’ ഹ്യൂമേട്ടൻ പുണെ സിറ്റി എഫ്സിയിലേക്ക് - വിഡിയോ

മുംബൈ∙ കേരളാ ബ്ലാസ്റ്റേഴ്സ് നിർദ്ദാക്ഷിണ്യം കൈവിട്ട മലയാളികളുടെ പ്രിയതാരം ഇയാൻ ഹ്യൂം ഐഎസ്എൽ അഞ്ചാം സീസണിൽ പുണെ സിറ്റി എഫ്സിയിൽ കളിക്കും. ഹ്യൂമിനെ ടീമിലെടുത്ത കാര്യം പുണെ ടീം മാനേജ്മെന്റാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒരു വർഷത്തേക്കാണ് കരാറെങ്കിലും ആവശ്യമെങ്കിൽ ഒരു വർഷത്തേക്കു കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്നാണ് വിവരം.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരമാണ് കാനഡക്കാരനായ ഹ്യൂം. നാലു സീസണുകളിൽനിന്നായി കേരളാ ബ്ലാസ്റ്റേഴ്സ്, എടികെ ടീമുകൾക്കായി 28 ഗോളുകളാണ് ഹ്യൂം നേടിയിട്ടുള്ളത്. ഇതുവരെ 59 ഐഎസ്എൽ മൽസരങ്ങളിൽ കളിച്ചിട്ടുള്ള ഹ്യൂം ഇക്കാര്യത്തിലും റെക്കോർഡിന് ഉടമയാണ്.

നേരത്തെ, കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിവരാൻ തനിക്ക് താൽപര്യമുണ്ടെങ്കിലും മാനേജ്മെന്റ് മറിച്ചാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കി ഹ്യൂം ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. താൻ പുതിയ ടീം തിരഞ്ഞെടുത്തിട്ടില്ലെന്നായിരുന്നു അന്ന് ഹ്യൂം എഴുതിയിരുന്നത്. ഇതിനു പിന്നാലെയാണ് പുണെ സിറ്റിയിലേക്ക് ചേക്കേറാനുള്ള ഹ്യൂമിന്റെ തീരുമാനം.

ബ്ലാസ്റ്റേഴ്സിലേക്കില്ലെന്ന് സ്ഥിരീകരിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ ഹ്യൂം എഴുതിയ കുറിപ്പിന്റെ പൂർണരൂപം

ഇതുവരെ മൗനം പാലിച്ചതിന് ക്ഷമ ചോദിക്കട്ടെ. എല്ലാവർക്കും അറിയാവുന്നതുപോലെ ഐഎസ്എൽ അഞ്ചാം സീസണിൽ നിർഭാഗ്യവശാൽ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ഞാൻ മടങ്ങിവരില്ല. പരുക്കിൽനിന്ന് മുക്തനായി മടങ്ങിവന്ന് ടീമിനായി കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും (ക്ലബ്ബും അങ്ങനെ ആഗ്രഹിച്ചുവെന്നാണ് ഞാൻ കരുതിയത്), അതിൽ മാറ്റം സംഭവിക്കുകയും മറ്റൊരു പാതയിൽ മുന്നോട്ടുപോകാൻ മാനേജ്മെന്റ് തീരുമാനിക്കുകയും െചയ്തിരിക്കുന്നു.

ഫുട്ബോളിൽ എപ്പോഴും ഇങ്ങനെയാണ്. ചില സമയത്ത് കൈക്കൊള്ളുന്ന തീരുമാനങ്ങൾ ക്രൂരമായിരിക്കും. എങ്കിലും, എന്നത്തേയും പോലെ ക്ലബ്ബിനും ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്കും എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.

എന്റെ കരിയറിലെ ഏറ്റവും നല്ല ആരാധകരായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. അവർ എല്ലാ വിജയവും അർഹിക്കുന്നുമുണ്ട്. ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയിൽ പങ്കാളിയാകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു നടക്കില്ലെന്ന് വ്യക്തമായിരിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ, ഇതു ഫുട്ബോളാണ്. ഇവിടെ സാഹചര്യങ്ങൾ എന്തായാലും മുന്നോട്ടുപോയേ തീരൂ.

ഐഎസ്എൽ ആദ്യ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നതുമുതൽ എനിക്ക് നിങ്ങൾ നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ എക്കാലവും എനിക്ക് ‘സ്പെഷൽ’ ആളുകളായിരുന്നു. എന്നും ഞാൻ നിങ്ങളോട് കൃതഞ്ജതയുള്ളവനായിരിക്കും.

ചിലർ കരുതുന്നതുപോലെ, മറ്റൊരു ടീമുമായും ‍ഞാൻ കരാർ ഒപ്പിട്ടിട്ടില്ല. പുതിയൊരു ടീമുമായി കരാർ ഒപ്പിടുന്നതിനു മുൻപ് കായികക്ഷമത പൂർണമായും വീണ്ടെടുക്കാനാണ് ശ്രമം.

കേരളാ ബ്ലാസ്റ്റേഴ്സിലെ എല്ലാ മെഡിക്കൽ ടീമംഗങ്ങൾക്കും സൗരഭ്, ഡോ. മനോജ്, മെൽഡ്രിക്, ഫിറ്റ്നസ് പരിശീലകൻ ഡേവ് റിച്ചാർഡ്സൻ എന്നിവർ തന്ന സർവ പിന്തുണയ്ക്കും അകമഴിഞ്ഞ നന്ദി. നല്ല വ്യക്തികളും മരണം വരെ ഉറ്റസുഹൃത്തുക്കളുമാണ് നിങ്ങളെല്ലാം. എക്കാലവും എല്ലാ പിന്തുണയും നൽകി നിങ്ങൾക്കൊപ്പമുണ്ടാകും. എന്നെന്നും ബ്ലാസ്റ്റേഴ്സിനൊപ്പം!