കുറ്റസമ്മതം നെയ്മറുടെ വിലയിടിച്ചെന്ന് നിരീക്ഷകർ

സാവോപോളോ ∙ ലോകകപ്പിൽ ചില ഘട്ടങ്ങളിൽ പരുക്കേറ്റ പോലെ അഭിനയിച്ചെന്ന് പരസ്യക്കാരുടെ വിഡിയോയിലൂടെ കുറ്റസമ്മതം നടത്തിയത് ബ്രസീലിയൻ താരം നെയ്മറുടെ വിപണി മൂല്യം കുറയ്ക്കുമെന്ന് ബിസിനസ് നിരീക്ഷകർ. 

കഴിഞ്ഞ ദിവസം സ്പോൺസർമാരായ ഗില്ലെറ്റ് കമ്പനിയുടെ പരസ്യ വിഡിയോയിലൂടെയാണ് നെയ്മർ തന്റെ ലോകകപ്പ് അനുഭവങ്ങൾ പങ്കുവച്ചത്. ‘ഓരോ ദിവസവും പുതിയ മനുഷ്യൻ’ എന്നു പേരിട്ട വിഡിയോയിൽ ലോകകപ്പിലെ മൽസരങ്ങളിൽ ഫൗളിനു വിധേയനായപ്പോൾ താൻ ആവശ്യത്തിൽ കൂടുതൽ അഭിനയിച്ചെന്ന് നെയ്മർ പറഞ്ഞിരുന്നു. 

നിരന്തരം ഫൗളിനു വിധേയനായതു കൊണ്ടാണ് അങ്ങനെ ചെയ്തത് എന്നും താരം പറഞ്ഞു. എന്നാൽ ലോകകപ്പിലെ അഭിനയം പോലെതന്നെ അനുഭവങ്ങൾ വിവരിക്കാൻ പരസ്യ വിഡിയോ തിരഞ്ഞെടുത്തതും ഉചിതമായില്ല എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.