രണ്ടു വിദേശ സ്ട്രൈക്കർമാരുമായി ഊർജം സംഭരിച്ച് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുന്നു

കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ. (കെബിഎഫ്സി ട്വീറ്റ് ചെയ്ത ചിത്രം)

കൊച്ചി ∙ പ്രളയക്കെടുതിയിൽനിന്നു കരകയറാൻ ആഞ്ഞുശ്രമിക്കുന്ന കേരളത്തിലെ യുവാക്കളിൽ അടുത്ത മാസം അവസാനത്തോടെ ആരവമുണർത്താൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിക്കുമോ? ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ദുരിതത്തിന്റെ തേങ്ങലിനു നേരിയ തോതിലെങ്കിലും ആശ്വാസമേകാൻ ഫുട്ബോളിന്റെ ഊർജം സഹായിക്കുമെന്ന വിശ്വാസത്തിലാണ് അവർ. പുതു സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിനു കാരണമാകാവുന്ന ഒരു പ്രധാനഘടകത്തിൽ മഞ്ഞപ്പടയ്ക്കു പ്രതീക്ഷകളേറെ.

മൂർച്ചയേറിയ മുന്നേറ്റനിര. അതിലാണു പ്രതീക്ഷ. സ്ലൊവേനിയയിൽനിന്നുള്ള മറ്റേജ് പൊപ്ലാട്നിക് ഗോളടി യന്ത്രമാണ്. സെർബിയക്കാരൻ സ്ലാവിസ സ്റ്റൊയനോവിച്ചും മികച്ച ഗോൾ വേട്ടക്കാരൻ. ഇവർക്കൊപ്പം മലയാളി താരം സി.കെ. വിനീതുണ്ട്. കേരളം കണ്ട മികച്ച സ്ട്രൈക്കർമാരുടെ നിരയിലേക്ക് ഉയരാൻ കാത്തുനിൽക്കുന്ന കെ. പ്രശാന്തിന് ഈ സീസൺ നിർണായകം. പ്രശാന്ത് കസറുമെന്ന വിശ്വാസത്തിലാണ് ആരാധകർ. ഇവർ ഒരുമിച്ചോ ഒറ്റയ്ക്കോ കസറിയാൽ ബ്ലാസ്റ്റേഴ്സ് എതിരാളികളെ മുക്കും. ഗോളടിച്ചു മുക്കും.

ഹ്യൂമേട്ടന്റെ റോളിലേക്ക് പൊപ്ലാട്നിക്

ഏഷ്യയിലേക്ക് ആദ്യത്തെ വരവാണ് ഈ സ്ട്രൈക്കറുടേത്. മാർക്വീ താരം വേണ്ടെന്ന ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസിന്റെ തീരുമാനത്തിന്റെ ആദ്യഫലം പൊപ്ലാട്നിക്കിന്റെ നിയമനം ആയിരുന്നു. പറന്നുകളിക്കുന്നൊരു സ്ട്രൈക്കറായി കിട്ടുമെന്നായാൽ ഏതു കോച്ചാണു വിട്ടുകളയുന്നത്? അങ്ങനെ മറ്റേജിനെ ബ്ലാസ്റ്റേഴ്സിൽ എടുത്തു.

സ്ലൊവേനിയയിലെ ഏറ്റവും വലിയ ലീഗിൽ കഴിഞ്ഞ രണ്ടു സീസണിലായി 58 കളിയിൽ 42 ഗോളടിച്ചാണ് താരം കേരളത്തിലേക്കു വന്നത്. ഇത്രയും മികച്ച ഫോമിൽ മറ്റൊരു വിദേശ സ്ട്രൈക്കറും ഐഎസ്എൽ കളിക്കാൻ എത്തിയിട്ടില്ല. ലക്ഷണമൊത്ത സ്ട്രൈക്കർ എന്നതിനുമപ്പുറം അതിവേഗക്കാരനായ വിങ്ങറുമാണ്. ബ്ലാസ്റ്റേഴ്സിന്റെ പ്രത്യാക്രമണനീക്കങ്ങൾക്ക് ഇതു പുതിയമുഖം നൽകും. പിന്നിലേക്ക് ഇറങ്ങി പന്തെടുക്കാനും ഈ സ്ട്രൈക്കർക്കു മടിയില്ല.

സെർബിയൻ സ്ട്രൈക്കർ

സ്ലാവിസ സ്റ്റൊയനോവിച് എന്ന സ്ട്രൈക്കറും മികച്ച ഫോമിൽ ആയിരുന്നു പോയസീസണിൽ. സെർബിയൻ സൂപ്പർ ലീഗിൽ റാഡ്നിക്കി നിസ് ടീമിനുവേണ്ടി 23 കളിയിൽ 10 ഗോളടിച്ചാണ് ഇന്ത്യയിലേക്കുള്ള വരവ്. പൊപ്ലാട്നിക്കിനെപ്പോലെയാണ് ഈ ഇരുപത്തൊൻപതുകാരനും, പിന്നിലേക്ക് ഇറങ്ങി പന്തെടുത്തു മുന്നേറാൻ മടിയില്ല.

ഇന്ത്യൻ കളിക്കാർ അൽപംകൂടി സാങ്കേതികജ്ഞാനം ആർജിക്കേണ്ടിയിരിക്കുന്നു എന്നു പറയുമ്പോൾത്തന്നെ കെ. പ്രശാന്ത് എന്ന യുവതാരത്തിന്റെ കളിമിടുക്കിൽ ഏറെ മതിപ്പുണ്ടെന്നും സെർബിയൻ സ്ട്രൈക്കർ പറയുന്നു. പ്രശാന്തിന്റെ വേഗം, ഡ്രിബ്ലിങ് എന്നിവയൊക്കെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു ഈ വിദേശതാരത്തെ. ആക്രമണത്തിൽ രണ്ടുപേരും ഒത്തിണങ്ങാൻ സാധ്യത ഏറെയാണ്.