ലോക ഫുട്ബോളർ പുരസ്കാര പട്ടിക: 11 വർഷങ്ങൾക്കു ശേഷം മെസ്സിയില്ല!

ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സലാ, റൊണാൾഡോ

സൂറിക്ക് ∙ ഒരു പതിറ്റാണ്ടിനു ശേഷം ലയണൽ മെസ്സിയില്ലാതെ ലോക ഫുട്ബോളർക്കുള്ള ഫിഫയുടെ അന്തിമ പുരസ്കാര പട്ടിക. തുടർച്ചയായ 11 വർഷത്തിനു ശേഷമാണ് ലോക ഫുട്ബോളർക്കുള്ള ‘ദ് ബെസ്റ്റ്’ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ നിന്നു അർജന്റീന താരം പുറത്താകുന്നത്. ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഈജിപ്ത് താരം മുഹമ്മദ് സലാ എന്നിവരാണ് പുരസ്കാര പട്ടികയിൽ ഇടം പിടിച്ചത്. 

2007ലും 2008ലും രണ്ടാമനായ മെസ്സി പിന്നീട് തുടരെ നാലു വർഷമാണ് പുരസ്കാരം സ്വന്തമാക്കിയത്. 2015ലും മെസ്സിക്കായിരുന്നു പുരസ്കാരം. 2008, 2013, 2014, 2016, 2017 വർഷങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പുരസ്കാരം സ്വന്തമാക്കിയതോടെ അഞ്ചു നേട്ടങ്ങളുമായി ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ലോകകപ്പിൽ നിന്ന് ഒരേ ദിവസം പുറത്താവുകയും റൊണാൾഡോ സ്പാനിഷ് ലീഗിൽ നിന്നു ഇറ്റാലിയൻ ലീഗിലേക്കു മാറുകയും ചെയ്തതിനു ശേഷം മെസ്സി–റൊണാൾഡോ വൈരത്തിന്റെ അവസാനം കുറിക്കുന്ന മറ്റൊരധ്യായമായി ഇത്തവണത്തെ പുരസ്കാര പട്ടിക. 

സ്പാനിഷ് ലീഗിൽ കഴിഞ്ഞ സീസണിലും മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും ചാംപ്യൻസ് ലീഗിലെയും ലോകകപ്പിലെയും തോൽവിയാണ് മെസ്സിയെ പട്ടികയ്ക്കു പുറത്താക്കിയത്. ബാർസിലോനയ്ക്കു ലാ ലിഗ, കിങ്സ് കപ്പ് കിരീടങ്ങൾ നേടിക്കൊടുത്ത മെസ്സി ലാ ലിഗയിലെയും യൂറോപ്പിലെയും ടോപ് സ്കോറർക്കുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. എന്നാൽ ലോകകപ്പിൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ അർജന്റീന പ്രീ–ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റു മടങ്ങി. 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലോകകപ്പിൽ അതേ ഘട്ടത്തിൽ തന്നെ മടങ്ങിയെങ്കിലും ചാംപ്യൻസ് ലീഗിൽ റയലിനു വേണ്ടിയുള്ള മികച്ച പ്രകടനം റൊണാൾഡോയെ തുണച്ചു. എന്നാൽ റയൽ മഡ്രിഡിൽ റൊണാൾഡോയുടെ സഹതാരവും ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച മിഡ്ഫീൽഡറുമായി മോഡ്രിച്ചിനാണ് ഇത്തവണ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വാരം യൂറോപ്യൻ ഫുട്ബോളർക്കുള്ള പുരസ്കാരം മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിലും ചാപ്യൻസ് ലീഗിലും  ലിവർപൂളിനു വേണ്ടിയുള്ള മികച്ച പ്രകടനമാണ് സലായെ പട്ടികയിലെത്തിച്ചത്. 

ഫ്രാൻസിനെ ലോകകപ്പ് നേട്ടത്തിലെത്തിച്ച ദിദിയെ ദെഷാം, ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച സ്ലാട്ട്കോ ഡാലിച്ച്, റയൽ മഡ്രിഡ് മുൻ പരിശീലകൻ സിനദിൻ സിദാൻ എന്നിവരാണ് മികച്ച പരിശീലകനുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. ഹ്യൂഗോ ലോറിസ് (ഫ്രാൻസ്), കാസ്പർ ഷ്മൈക്കേൽ (ഡെൻമാർക്ക്), തിബോ കോർട്ടോ (ബൽജിയം) എന്നിവരാണ് ഗോൾകീപ്പർക്കുള്ള അവസാന പട്ടികയിലെത്തിയത്. മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാര പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരെത് ബെയ്‌ൽ എന്നിവരുടെ ഗോളുകളുണ്ട്. അഡ ഹെഗർബെർഗ് (നോർവെ), സെനിഫർ മറോസാൻ (ജർമനി), മാർത്ത (ബ്രസീൽ) എന്നിവരാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിനായി രംഗത്ത്. 24ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.