Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻറിക്വെയ്ക്കു കീഴിൽ തിരിച്ചുവരവിന് സ്പെയിൻ; ക്രൊയേഷ്യയെ 6–0ന് മുക്കി - വിഡിയോ

spain-vs-croatia-goal-celebration ക്രൊയേഷ്യയ്ക്കെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന സ്പാനിഷ് താരങ്ങൾ.

മഡ്രിഡ്∙ റഷ്യൻ ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ. ലോകകപ്പ് പ്രീക്വാർട്ടറിൽ തോറ്റുപുറത്തായി നാണംകെട്ട സ്പെയിൻ, യുവേഫ നേഷൻസ് ലീഗിലാണ് ക്രൊയേഷ്യയെ തകർത്തു തരിപ്പണമാക്കിയത്. സോൾ നിഗ്വരസ് (24), മാർക്കോ അസെൻസിയോ (33), റോഡ്രിഗോ (49), സെർജിയോ റാമോസ് (57), ഇസ്കോ (70) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. അവശേഷിക്കുന്ന ഒരെണ്ണം ക്രൊയേഷ്യൻ താരം ലോവ്‌റെ കാലിനിച്ചിന്റെ (35) വക സെൽഫ് ഗോളായിരുന്നു.

മാരിയോ മാൻസൂക്കിച്ച്, ഗോൾകീപ്പർ സുബാസിച്ച് തുടങ്ങിയവർ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിനോടു വിടപറഞ്ഞതിനു ശേഷം പുതിയ ടീമിനെ കെട്ടിപ്പടുക്കുന്ന ക്രൊയേഷ്യൻ പരിശീലകൻ ലോകകപ്പ് ഫൈനലിൽ കളിച്ച ഡൊമഗോജ് വിദ, ലൂക്കാ മോഡ്രിച്ച്, ഇവാൻ റാക്കിട്ടിച്ച്, ഇവാൻ പെരിസിച്ച് എന്നിവരെ മാത്രം ഉൾപ്പെടുത്തിയാണ് സ്പെയിനെതിരെ ടീമിനെ ഇറക്കിയത്. ഇതിനു മുൻപു നടന്ന സൗഹൃദ മൽസരത്തിൽ ക്രൊയേഷ്യ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ ഇറങ്ങിയ പോർച്ചുഗലുമായി സമനിലയിൽ പിരിഞ്ഞിരുന്നു.

അതേസമയം, ലോകകപ്പിലെ ദയനീയ പ്രകടനത്തിനുശേഷം ബാർസിലോന മുൻ പരിശീലകൻ ലൂയി എൻറിക്വയുടെ കീഴിൽ തിരിച്ചുവരവിനു കോപ്പുകൂട്ടുന്ന സ്പെയിൻ യുവേഫ നേഷൻസ് ലീഗിൽ നേടുന്ന തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മൽസരത്തിൽ ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനെയും സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചിരുന്നു.

മറ്റൊരു മൽസരത്തിൽ കരുത്തരായ ബൽജിയം ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപ്പിച്ചു. സൂപ്പർതാരം റൊമേലു ലൂക്കാകുവിന്റെ ഇരട്ടഗോളുകളാണ് (31, 81) ബൽജിയത്തിന് വിജയം സമ്മാനിച്ചത്. മറ്റൊരു സൂപ്പർതാരം ഏഡൻ ഹസാഡ് 29–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് അവരുടെ ആദ്യ ഗോൾ നേടി.

യുവേഫ നേഷൻസ് ലീഗിലെ മറ്റു മൽസരങ്ങളിൽ ഫിൻലൻഡ് എസ്തോണിയയെയും (1–0), ഹംഗറി ഗ്രീസിനെയും (2–1), ലക്സംബർഗ് സാൻ മരീനോയെയും (3–0), ബോസ്നിയ ആൻഡ് ഹെർസോഗോവിന ഓസ്ട്രിയയെയും (1–0) തോൽപ്പിച്ചു.