റൊണാൾഡോ ‘തോറ്റ’ ദിനത്തിൽ റയലിന് തകർപ്പൻ ജയം; സിറ്റിക്ക് അട്ടിമറിത്തോൽവി – വിഡിയോ

റയലിന്റെ രണ്ടാം ഗോൾ നേടിയ ഗാരത് ബെയ്‍ലിന് സഹതാരത്തിന്റെ അഭിനന്ദനം.

മഡ്രിഡ് ∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മഡ്രിഡ്, യുവെന്റസ്, ബയൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് ടീമുകൾക്കു വിജയത്തുടക്കം. പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി സ്വന്തം മൈതാനത്ത് ലയോണിനു മുന്നിൽ വീണതാണു മൽസരദിനത്തിലെ വലിയ അട്ടിമറി. യുവെയ്ക്കു വേണ്ടിയുള്ള ചാംപ്യൻസ് ലീഗ് അരങ്ങേറ്റ മൽസരത്തിൽത്തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പു കാർഡ് കണ്ടു പുറത്തു പോകേണ്ടിവന്നതു കണ്ണീർക്കാഴ്ചയായി. അയാക്സ് – എഇകെ (3–0), ഷക്തർ – ഹെഫെൻഹൈം (2–2), പ്ലേസൻ – സിഎസ്കെഎ (2–2) എന്നിവയാണ് ഇന്നലത്തെ മറ്റു മൽസരഫലങ്ങൾ.

റയൽ മഡ്രിഡ് വിട്ടതിനുശേഷം ആദ്യമായി സ്പെയിനിലേക്കുള്ള മടങ്ങിവരവ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഞെട്ടിക്കുന്നതായി. വലെൻസിയയ്ക്കെതിരെ 29–ാം മിനിറ്റിൽ ജയ്സൺ മുറില്ലോയെ വീഴ്ത്തി എന്നു പറഞ്ഞ് റഫറി റൊണാൾഡോയ്ക്കു ചുവപ്പു കാർഡ് നൽകി. എന്നാൽ, ടിവി റീപ്ലേകളിൽ റൊണാൾഡോ ചുവപ്പു കാർഡ് അർഹിക്കുന്ന തെറ്റു ചെയ്തില്ലെന്നു വ്യക്തമായി.
റൊണാൾ‍ഡോ പുറത്തു പോയത് പക്ഷേ യുവെന്റസിന്റെ കളിയെ ബാധിച്ചില്ല. മിറാലെം പ്യാനികിന്റെ രണ്ടു പെനൽറ്റി ഗോളുകളിൽ വലെൻസിയയെ വീഴ്ത്തി (2–0) അവർ മൂന്നു പോയിന്റ് സ്വന്തമാക്കി.

സ്വിസ് ക്ലബ് യങ് ബോയ്സിനെ 3–0നു വീഴ്ത്തിയ മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ക്യാപ്റ്റൻ പോൾ പോഗ്ബ ഇരട്ടഗോൾ നേടി. ആന്തണി മാർഷ്യലിന്റെ മൂന്നാം ഗോളിനു വഴിയൊരുക്കിയതും പോഗ്ബ തന്നെ. സാന്തിയാഗോ ബെർണബ്യൂവിൽ റയൽ മഡ്രിഡിന്റെ വിജയവും അനായാസം. സുന്ദരമായി കളിച്ച റയൽ ഇസ്കോ (45’), ഗാരെത് ബെയ്ൽ (58’), മരിയാനോ ഡയസ് (91’) എന്നിവരുടെ ഗോളുകളിലാണു റോമയെ 3–0നു വീഴ്ത്തിയത്. സുന്ദരമായ ഫ്രീകിക്കിലൂടെയായിരുന്നു ഇസ്കോയുടെ ഗോള്‍. ടീം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പകരം മരിയാനോയാണ് റയലിന്റെ ഏഴാം നമ്പര്‍ ജഴ്സിയില്‍ ഇറങ്ങിയത്.

ബയണിനെതിരെ സ്വന്തം മൈതാനത്തു ബെൻഫിക്ക പൊരുതിക്കളിച്ചെങ്കിലും ഗോൾ തിരിച്ചടിക്കാനായില്ല. റോബർട്ട് ലെവൻഡോവ്സ്കി (10’), മുൻ ബെൻഫിക്ക താരമായ റെനാറ്റോ സാഞ്ചസ് (54’) എന്നിവരുടെ ഗോളുകളാണു ബയണിന്റെ വിജയം ഉറപ്പാക്കിയത്. എതിഹാദ് സ്റ്റേഡിയത്തിൽ വിലക്കുമൂലം മൽസരം ഗാലറിയിലിരുന്നു കണ്ട മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗ്വാർഡിയോളയ്ക്ക് ആഘാതമായി മൽസരഫലം. മാക്സ്‌വെൽ കോർണറ്റ് (26’), നബിൽ ഫെകിർ (43’) എന്നിവരുടെ ഗോളുകളിൽ ആദ്യപകുതിയിൽ തന്നെ ലയോൺ മുന്നിലെത്തി. 67–ാം മിനിറ്റിൽ ബെർണാഡോ സിൽവ ഒരു ഗോൾ തിരിച്ചടിച്ച് സിറ്റിക്കു പ്രതീക്ഷ നൽകിയെങ്കിലും ലയോൺ ചെറുത്തുനിന്നു. എഇകെയ്ക്കെതിരെ അർജന്റീന താരം നിക്കോളാസ് ടാഗ്ലിയാഫിക്കോയുടെ ഇരട്ട ഗോളുകളാണ് അയാക്സിനു വിജയം ഉറപ്പാക്കിയത്.