ക്രിസ്റ്റ്യാനോ ഗോളടിച്ചു: യുവെന്റസ് ജയിച്ചു

യുവെന്റസിനു വേണ്ടി ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.

റോം ∙ ചാംപ്യൻസ് ലീഗിലെ ‘വിവാദ’ ചുവപ്പുകാർഡിന് സെരി എയിലെ ഗോൾ നേട്ടത്തോടെ ക്രിസ്റ്റ്യോനോ റൊണാൾഡോയുടെ മറുപടി. ക്രിസ്റ്റ്യോനോ ഗോളടിച്ച കളിയിൽ ഫ്രോസിനോണെ യുവെന്റ്സ് 2–0നു കീഴടക്കിയപ്പോൾ ബൊലോഗ്‌നയ്ക്കെതിരെ റോമയ്ക്ക് അപ്രതീക്ഷിത തോൽവി പിണഞ്ഞു (2–0). ടോറിനോയെ നാപ്പോളി 3–1നു മറികടന്നു. ലാസിയോ എസി മിലാൻ മൽസരം 2–2 സമനിലയിൽ പിരിഞ്ഞു.

80 മിനിറ്റ് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയതിനു ശേഷമാണ് ക്രിസ്റ്റ്യാനോ ഗോളിൽ ഫ്രോസിനോണെതിരെ യുവെന്റസ് ലീഡ് പിടിച്ചത്. ഇറ്റാലിയൻ സെരി എയിൽ ഇതോടെ ക്രിസ്റ്റ്യാനോയുടെ ഗോൾനേട്ടം മൂന്നായി. ഇഞ്ചുറി സമയത്തെ കൗണ്ടർ അറ്റാക്കിനൊടുവിൽ ഫെഡറിക്കോ ബെർണാർഡഷിയും ഗോളടിച്ചതോടെ യുവെന്റസ് വിജയം ഉറപ്പിച്ചു (2–0). ഫെഡറിക്കോ മാറ്റിയെല്ലോയുടെയും ഫെഡറിക്കോ സാന്റാന്ററിന്റെയും ഗോളാണ് റോമയ്ക്കെതിരെ ബൊലോഗ്‌നയെ വിജയത്തിലെത്തിച്ചത്.

സീസണിൽ അഞ്ചു പോയിന്റ് മാത്രമുള്ള റോമ തോൽവിയോടെ പോയിന്റ് പട്ടികയിൽ 14–ാം സ്ഥാനത്തേക്കിറങ്ങി. അഞ്ചു കളിയിൽ 15 പോയിന്റോടെ യുവെന്റ്സ് മുന്നിട്ടുനിൽക്കുന്ന പട്ടികയിൽ 12 പോയിന്റുള്ള നാപ്പോളിയാണു രണ്ടാമത്.