സൂര്യനെ വിരലുകൊണ്ടു മറയ്ക്കാനാകില്ല: റോണോ റയൽ വിട്ടതിനെക്കുറിച്ച് നവാസ്

കെയ്‍ലർ നവാസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ

മഡ്രിഡ്∙ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാൻ റയൽ മഡ്രിഡ് പെടാപ്പാടു പെടുന്നതിനിടെ, റൊണാൾഡോയുടെ അഭാവം സൃഷ്ടിച്ച വിടവു നികത്താൻ ക്ലബിന് ഇനിയും സാധിച്ചിട്ടില്ലെന്ന് ഏറ്റുപറഞ്ഞ് ഗോൾകീപ്പർ കെയ്‌ലർ നവാസ്. ചാംപ്യൻസ് ലീഗിൽ താരതമ്യേന ദുർബലരായ സിഎസ്കെഎ മോസ്കോയ്ക്കെതിരെ ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് റൊണാൾഡോയുടെ അഭാവം നികത്താൻ ഇനിയും ക്ലബ്ബിനു സാധിച്ചിട്ടില്ലെന്ന് നവാസ് ചൂണ്ടിക്കാട്ടിയത്.

ടോണി ക്രൂസ് അശ്രദ്ധമായി ഗോൾമുഖത്തേക്കു പാസ് ചെയ്ത പന്ത് പിടിച്ചെടുത്ത നിക്കോള വ്ലാസിച്ച് രണ്ടാം മിനിറ്റിൽ നേടിയ ഗോളിലാണു മോസ്കോ റയലിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ  മൈതാനമധ്യത്തിൽ നിന്നുള്ള നീക്കത്തിനൊടുവിൽ കാസെമിറോയുടെ ഷോട്ട് പോസ്റ്റിലിടിച്ചതും കരീം ബെൻസെമയുടെ കരുത്തുറ്റ ഹെഡർ ക്രോസ് ബാറിൽത്തട്ടി മടങ്ങിയതും റയലിനു വിനയായി.

റൊണാൾഡോ ടീം വിട്ടതിനു ശേഷം ഗോൾ കണ്ടെത്താനാകാതെ ഉഴറുന്ന റയലിന്, തുടർച്ചയായ മൂന്നാം മൽസരത്തിലാണ് ഗോൾ നേടാനാകാതെ പോകുന്നത്. കഴിഞ്ഞ ദിവസം അത്‍ലറ്റിക്കോ മഡ്രിഡിനെതിരായ ലാലിഗ മൽസരത്തിൽ റയൽ ഗോൾരഹിത സമനിലയിൽ കുരുങ്ങിയിരുന്നു.

‘റയല്‍ മഡ്രിഡിൽ വലിയൊരു വിടവ് സമ്മാനിച്ചാണ് റൊണാൾഡോ ടീം വിട്ടത്. സൂര്യനെ വിരലുകൊണ്ടു മറച്ചുപിടിക്കാനാകില്ലല്ലോ’ – നവാസ് പറഞ്ഞു.

റയലിലുണ്ടായിരുന്ന കാലത്ത് ടീമിനായി അദ്ദേഹം ഒരുപാടു ഗോളുകൾ നേടിയിട്ടുണ്ട്. അതൊക്കെ സംഭവിച്ചു കഴിഞ്ഞതാണ്. ഭൂതകാലത്തു ജീവിക്കാൻ സാധിക്കില്ലല്ലോയെന്നും നവാസ് ചൂണ്ടിക്കാട്ടി.