ഐലീഗിൽ ‘റിയൽ’ കയ്യാങ്കളി, ഗോകുലവും റിയൽ കശ്മീരും തമ്മിൽ

കോഴിക്കോട്∙ കളത്തിലെ പോരിനു മുൻപ് കയ്യേറ്റവും വാക്കേറ്റവുമായി റിയൽ കശ്മീർ എഫ്സി. ഐ ലീഗിലെ എവേ മത്സരത്തിനെത്തിയ സന്ദർശക ടീം പരിശീലനത്തിന്റെയും യാത്രയുടെയും പേരിലാണ് ഗോകുലം അധികൃതരുമായി ഉടക്കിയത്. ‍മെഡിക്കൽ കോളജ് സ്റ്റേഡിയത്തിലാണ് റിയൽ കശ്മീരിനും ഗോകുലത്തിനും പരിശീലനം ഒരുക്കിയിരുന്നത്. പക്ഷേ ബസ് വൈകിയതോടെ പരിശീലകരുൾപ്പെടെ ടീമംഗങ്ങൾ കോർപറേഷൻ സ്റ്റേഡിയത്തിലെത്തി. ഇന്നു വൈകിട്ട് അഞ്ചിനാണ് ഗോകുലം–കശ്മീർ മൽസരം. ലീഗിൽ 3–ാം സ്ഥാനത്താണ് കശ്മീർ ടീം. കഴിഞ്ഞ കളിയിൽ തോൽവി രുചിച്ച ഗോകുലം 7–ാം സ്ഥാനത്തേക്കു വീണിരുന്നു.

കയ്യാങ്കളി

എവേ ടീം അനുമതി കൂടാതെ സ്റ്റേഡിയത്തിലെത്തി പരിശീലനം തുടങ്ങാൻ ശ്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന ഗോകുലം സിഇഒ അശോക് കുമാർ തടഞ്ഞു. ഈ സംഭവമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. അശോക് കുമാറിനെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തതായി ഗോകുലം അധികൃതർ പറഞ്ഞു.മാച്ച് കമ്മിഷണറുടെ നിർദേശം അനുസരിച്ചാണ് മത്സരം നടക്കുന്ന മൈതാനം പരിശീലനത്തിനു കൊടുക്കാതിരുന്നത്. പിന്നീട് മാച്ച് കമ്മിഷണർ എത്തി ടീമുമായി ചർച്ച നടത്തി. സ്റ്റേഡിയത്തിൽ പരിശീലനം നടത്തണം എന്നു ടീം ശഠിച്ചതോടെ മൈതാനത്തിനു പുറത്തെ വാം അപ്പ് ടർഫിൽ പരിശീലനം നടത്താൻ അനുവദിച്ചു.

പരാതി

റിയൽ കശ്മീർ എഫ്സി അധികൃതരുടെ മോശം പെരുമാറ്റത്തെ കുറിച്ച് ഗോകുലം അധികൃതർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനു പരാതി നൽകി. അശോക് വർമയെ ആക്രമിച്ചെന്നു പൊലീസിൽ പരാതിപ്പെടാൻ ഒരുങ്ങിയെങ്കിലും വേണ്ടെന്നു വച്ചു.  

ഇരു ടീമുകളുടെയും ട്വിറ്റർ അക്കൗണ്ടുകളിൽ ഇതു സംബന്ധിച്ച് പരസ്യ യുദ്ധം നടന്നു.കശ്മീർ ടീമിനെ അനുകൂലിച്ച് മുൻ ജമ്മുകശ്മീർ  മുഖ്യമന്ത്രി ഒമർ അബ്ദുല്ല ഉൾപ്പെടെ പ്രമുഖരും രംഗത്തെത്തിയതോടെ സംഭവം ഇന്ത്യ മുഴുവൻ അറിഞ്ഞു.

ഇന്ന് മത്സരച്ചൂട്

മരണക്കളിയെന്നാണ് ഗോകുലം പരിശീലകൻ ബിനോ ജോർജ് ഇന്നത്തെ മത്സരത്തെ വിശേഷിപ്പിച്ചത്.കശ്മീർ ടീം മാനേജറുടെ വികാരം തനിക്കു മനസ്സിലാവുമെന്നും പക്ഷേ എവേ മത്സരങ്ങൾക്കു പോയാൽ പലപ്പോഴും ഒരു ടീമിനും കളി നടക്കുന്ന മൈതാനത്തു പരിശീലിക്കാൻ സാധിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു ടീമിനും മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ പരിശീലനം നടത്താൻ ആഗ്രഹമുണ്ടാവുമെന്നായിരുന്നു കശ്മീർ കോച്ച് ഡേവിഡ് റോബർട്സണിന്റെ പ്രതികരണം. 

ഐസോൾ– ആരോസ് സമനില

കട്ടക്ക് ∙ ഐ ലീഗ് പോരാട്ടത്തിൽ  മുൻ ചാംപ്യൻമാരായ ഐസോൾ എഫ്സിയും ഇന്ത്യൻ ആരോസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആരോസിന്റെ അമർജിത് സിങ്ങാണ് കളിയിലെ കേമൻ. ആദ്യ പകുതിയിൽ പന്തവകാശം ഐസോളിനായിരുന്നെങ്കിലും ഗോളിലേക്ക് കുതിച്ചത് ആരോസായിരുന്നു. എന്നാൽ നല്ല നീക്കങ്ങൾ ഗോളാക്കാൻ ആരോസിനു കഴിഞ്ഞില്ല. അൻപത്തിരണ്ടാം മിനിറ്റിൽ ലാൽഖപുയ്മവാല ക്രോമയുടെ ക്രോസിൽ ആരോസിന്റെ സുവർണാവസരം പാഴാക്കി.