കുട്ടികളോടും തോറ്റു! ഗോകുലം കേരള എഫ്സിയെ കീഴടക്കി ഇന്ത്യൻ ആരോസ്

ഗോകുലം താരം കെ.ദീപക്കിന്റെ മുന്നേറ്റം തടയുന്ന ഇന്ത്യൻ ആരോസിന്റെ മലയാളിതാരം കെ.പി.രാഹുലും സഹതാരം ആശിഷ് റായിയും

കട്ടക്ക്∙ ഗോകുലം കേരള എഫ്സിയെ ഐ ലീഗ് ഫുട്ബോളിലെ കുട്ടികളുടെ ടീമായ ഇന്ത്യൻ ആരോസ് വീഴ്ത്തി. അതും ഒരേയൊരു ഗോളിന്! (1–0). ആരോസ് ക്യാപ്റ്റനും അണ്ടർ 17 ലോകകപ്പിലെ ഇന്ത്യൻ ഹീറോയുമായിരുന്ന അമർജിത് സിങ് കിയാമിന്റെ രണ്ടാം പകുതിയിലെ പെനൽറ്റി ഗോളിലാണ് ഗോകുലം തോൽവി സമ്മതിച്ചത്. ആരോസിന്റേത് ഈ സീസൺ ഐ ലീഗിലെ രണ്ടാമത്തെ വിജയം. ഇതോടെ, ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ആരോസ് പോയിന്റ് പട്ടികയിൽ ഒൻപതാമത് എത്തി. ഗോകുലം എട്ടാം സ്ഥാനത്തു തുടരുന്നു. 

തുടക്കം മുതൽ ആക്രമിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ പറ്റാത്ത നിരാശയോടെയാണ് ഗോകുലം മടങ്ങുന്നത്. അതേസമയം, ഇന്ത്യൻ ആരോസിന്റെ പ്രതിരോധനിര കരുത്തോടെ ഒന്നിച്ചു നിന്നതും കളിയിൽ നിർണായകമായി. അവസരം കിട്ടിയപ്പോഴൊക്കെ ഗോകുലത്തിന്റെ ബോക്സിലേക്ക് ആരോസിന്റെ ചുണക്കുട്ടികൾ ഓടിക്കയറി. 

മലയാളി താരം കെ. പി. രാഹുൽ, ബോറിസ് സിങ്, റഹിം അലി എന്നിവർ ചേർന്നു മികച്ച പ്രകടനമാണ് ആദ്യപകുതിയിൽ കാഴ്ചവച്ചത്. പലവട്ടം ഗോകുലം ബോക്സിലെത്തിയ ഇവരുടെ കാൽക്കൽനിന്നു പന്തു നഷ്ടമായതു മാത്രമാണു സ്കോർ നില ഉയരാത്തതിനു കാരണം. 

രണ്ടാം പകുതിയിൽ, ഗോകുലത്തിന്റെ തന്ത്രങ്ങൾ പലവട്ടം പിഴച്ചു. 63–ാം മിനിറ്റിൽ ബ്രസീലിയൻ മിഡ്ഫീൽഡർ ഫിലിപ്പി കാസ്ട്രോയുടെ ഫ്രീകിക്ക് ഗോളാകേണ്ടതായിരുന്നു. പക്ഷേ, ഡാനിയേൽ എഡ്ഡോയുടെ ഹെഡർ തുലച്ചു! തൊട്ടുപിന്നാലെ, ഗോകുലം ബോക്സിൽ വിക്രം പ്രതാപ് സിങ്ങിനെ ഫിലിപ്പി കാസ്ട്രോ ഫൗൾ ചെയ്തതിനു പെനൽറ്റി. നിസ്സാരമായ ഫൗളായിരുന്നെങ്കിലും ബോക്സിനുള്ളിൽ ആയിരുന്നതിനാലാണു റഫറി പെനൽറ്റി വിധിച്ചത്. 66–ാം മിനിറ്റിൽ അമർജിത് സിങ് കിയാമിന്റെ സ്പോട് കിക്ക് ഗോകുലത്തിന്റെ വലയും ആരാധകരുടെ നെഞ്ചും തുളച്ച് ഗോളായി.