ഈസ്റ്റ് ബംഗാളിനെ സമനിലയിൽ കുരുക്കി; റിയൽ കശ്മീർ തലപ്പത്ത്

കൊൽക്കത്ത ∙ മഹാബലവാന്മാരായ കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ 1–1 സമനിലയിൽ കുരുക്കി കശ്മീരിൽനിന്നുള്ള ആദ്യ പ്രഫഷനൽ ടീമായ റിയൽ കശ്മീർ എഫ്സി ഐ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. തുടർച്ചയായ നാലാം വിജയം മോഹിച്ച് സ്വന്തം മൈതാനത്തു കളിക്കിറങ്ങിയ ഈസ്റ്റ് ബംഗാളിനെ ചതിച്ചത് ടീമംഗം ലാൽറാം ചുല്ലോവയുടെ സെൽഫ് ഗോളാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ സെൽഫ് ഗോളിൽ പിന്നിലായിപ്പോയ ബംഗാളിനു സമനില സമ്മാനിച്ചതു മലയാളി താരം ജോബി ജസ്റ്റിന്റെ 56–ാം മിനിറ്റിലെ ഗോളാണ്. ജസ്റ്റിനാണു മാൻ ഓഫ് ദ് മാച്ചും.

സമനിലയോടെ 16 പോയിന്റുമായി ഈസ്റ്റ് ബംഗാൾ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എന്നാൽ, തുടർച്ചയായ ആറു കളികളിൽ തോൽവിയറിയാത്ത റിയൽ കശ്മീർ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 10 കളിയിൽ 18 പോയിന്റ്. 9 കളിയിൽ 18 പോയിന്റുള്ള ചെന്നൈ സിറ്റി എഫ്സിയെ ഗോൾവ്യത്യാസത്തിൽ മറികടന്നാണു കശ്മീർ ടീം ഒന്നാം സ്ഥാനം പിടിച്ചത്.  മോഹൻ ബഗാനെ 2–1നു തോ‍ൽപിച്ച നെരോക എഫ്സി 10 കളിയിൽ 18 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.ഫെരേര (24), വില്യംസ് (69) എന്നിവരുടെ ഗോളിലാണു ബഗാനെ നെരോക എഫ്സി കീഴടക്കിയത്. 63–ാം മിനിറ്റിൽ ഹെൻറി കിസേക്ക ബഗാന്റെ ഏക ഗോൾ നേടി.