ഇന്ത്യ, തനിത്തങ്കം; മെഡൽ നേട്ടത്തിൽ (69) റെക്കോർഡ്

കഴിഞ്ഞ വർഷം രണ്ടുതവണ തന്നെ സുവർണ നേട്ടത്തിൽനിന്ന് ഇടിച്ചകറ്റിയ ഉസ്ബെക്കിസ്ഥാൻ താരത്തെ അട്ടിമറിച്ച് അമിത് പംഘലിന് ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സ്വർണം. രണ്ടിൽ പിഴച്ചതിനു മൂന്നാം തവണ ഉഗ്രൻ പ്രതികാരം. ഇരുപത്തിരണ്ടുകാരൻ അമിത്തിലൂടെ ബോക്സിങ് റിങ്ങിൽ ഇന്ത്യയ്ക്ക് ഇത്തവണത്തെ ഏക സ്വർണം. ലൈറ്റ് ഫ്ലൈവെയ്റ്റ് 49 കിലോ വിഭാഗത്തിൽ മൂന്നു റൗണ്ട് പോരാട്ടത്തിൽ 3–2ന് ആയിരുന്നു ഒളിംപിക് ചാംപ്യൻ ഹസൻബോയ് ദുസ്മറ്റോവിനെതിരെ അമിത്തിന്റെ വിജയം.

ഇതുൾപ്പെടെ ഇന്നലെ ഇന്ത്യ രണ്ടു സ്വർണം നേടി. ബ്രിജിൽ പ്രണബ് ബർദൻ – ശിബ്നാഥ് സർക്കാർ സഖ്യവും ബോക്സിങ്ങിൽ അമിത് പംഘലുമാണു ഇന്നലെ സ്വർണം സ്വന്തമാക്കിയത്. വനിതാ സ്ക്വാഷിൽ വെള്ളി. പി.ആർ.ശ്രീജേഷ് ക്യാപ്റ്റനായ പുരുഷ ഹോക്കി ടീം പാക്കിസ്ഥാനെ കീഴടക്കി വെങ്കലം നേടി. മലയാളി ബന്ധമുള്ള ദീപിക പള്ളിക്കൽ, സുനൈന കുരുവിള എന്നിവരും ജോഷ്ന ചിന്നപ്പ, തൻവി ഖന്ന എന്നിവരും ഉൾപ്പെടുന്ന സ്ക്വാഷ് വനിതാ ടീം ഫൈനലിൽ ഹോങ്കോങ്ങിനോടു തോറ്റാണു വെള്ളിയിലൊതുങ്ങിയത്. ആദ്യമത്സരത്തിൽ സുനൈന ലോക് ഹോയോടു തോറ്റു. രണ്ടാം മത്സരത്തിൽ ജോഷ്ന ചിന്നപ്പയും തോറ്റതോടെ സ്വർണം നഷ്ടം. കഴിഞ്ഞ തവണ വെള്ളി നേടിയ ടീമിലും ജോഷ്നയും ദീപികയും അംഗങ്ങളായിരുന്നു.

കഴിഞ്ഞ വർഷം ഉസ്ബെക്കിസ്ഥാനിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിന്റെ സെമിയിലായിരുന്നു ദുസ്മറ്റോവിനെതിരെ അമിത്തിന്റെ ആദ്യ തോൽവി. തോറ്റെങ്കിലും അന്നു വെങ്കലം കിട്ടി. പിന്നീടു ജർമനിയിൽ നടന്ന ലോക ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിലും ദുസ്മറ്റോവിനോടു തോൽവിയേറ്റു വാങ്ങി. ആ രണ്ടു തോൽവികൾക്കും ഒരു വർഷത്തിനുശേഷം താരത്തിന്റെ മധുരപ്രതികാരം. ദുസ്മറ്റോവ് ഇല്ലാതിരുന്ന ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ താരം വെള്ളി നേടിയിരുന്നു. റിയോ ഒളിംപിക്സിൽ സ്വർണം നേടിയതിനു പുറമേ ഏറ്റവും മികച്ച ബോക്സർക്കുള്ള പുരസ്കാരവും ദുസ്മറ്റോവിനായിരുന്നു.

റുമേനിയയുടെ വനിതാ റഫറി മാനുവേല റമോണയുടെ ദ്രുതചലനങ്ങൾക്കിടയിലൂടെയാണ് അമിത് ജയിച്ചുകയറിയത്. ദുസ്മറ്റോവിന്റെ പഞ്ചുകളിൽനിന്നു വിദഗ്ധമായി ഒഴിഞ്ഞുമാറിയും തരംകിട്ടുമ്പോഴെല്ലാം ആക്രമിച്ചുമാണു താരം നീങ്ങിയത്. വേഗത്തിലും കരുത്തിലും ഇന്നലെ ഇന്ത്യൻ താരം ഏറെ മുന്നിലായിരുന്നു.  റോത്തക്കിൽ കർഷകനായ വിജേന്ദർ സിങ്ങിന്റെ മകൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ബോക്സിങ് റിങ്ങിലെത്തിയതാണ്.

ഏഷ്യൻ ഗെയിംസിന് ഇന്നു കൊടിയിറങ്ങും. സമാപനച്ചടങ്ങുകൾ ഇന്ത്യൻ സമയം ഇന്നു വൈകിട്ടു 4.30ന് ആരംഭിക്കും. അവസാന ഇനമായി ഇന്നു നടക്കുന്ന ട്രയാത്ത്‌ലണിൽ ഇന്ത്യയ്ക്ക് ആളില്ല.
മെഡൽ പട്ടികയിൽ ഇന്ത്യ എട്ടാമതാണെങ്കിലും ഇന്ന് മറ്റു ടീമുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി മെഡൽ പട്ടികയിൽ മാറ്റം വന്നേക്കാം. 131 സ്വർണവുമായി ചൈനയാണു മുന്നിൽ. ജപ്പാൻ (72) രണ്ടാമതും ദക്ഷിണ കൊറിയ (48) മൂന്നാമതും നിൽക്കുന്നു.