Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ട്–ബ്രസീൽ സെമിഫൈനൽ ഇന്നു കൊൽക്കത്തയിൽ; ടിക്കറ്റിനായി ‘അടി’

brazil

കൊൽക്കത്ത ∙ കണ്ടുമുട്ടിയത് ഇത്തിരി നേരത്തേയായോ എന്നേ സംശയമുള്ളൂ; കളിയും കണക്കും നോക്കിയാൽ ഈ ലോകകപ്പിന്റെ ഫൈനൽ കളിക്കേണ്ടവരാണ് ഇംഗ്ലണ്ടും ബ്രസീലും. പക്ഷേ, സ്ഥലം മാറിയിട്ടില്ല–ഫൈനൽ നടക്കുന്ന കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം തന്നെ. ഇന്നു ജയിക്കുന്നവർക്ക് 28ന് ഇവിടെ വീണ്ടും ഇറങ്ങാം. കളിപ്രേമത്തിനു സമ്മാനമെന്ന പോലെ, ഗുവാഹത്തിയെ തഴഞ്ഞ് ഫിഫ നൽകിയ സെമിഫൈനൽ ആസ്വദിക്കാൻ കൊൽക്കത്തക്കാരും തയാർ. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണ് കിക്കോഫ്.

∙ പ്രതിരോധം (ഇംഗ്ലണ്ട്–60, ബ്രസീൽ–40)

അഞ്ചു കളികളിൽ ഇംഗ്ലണ്ട് വഴങ്ങിയത് മൂന്നു ഗോളുകൾ. ബ്രസീൽ രണ്ടും. പക്ഷേ, വിലയിരുത്തലിൽ ഇംഗ്ലണ്ടിനു തന്നെ മുൻതൂക്കം. ക്യാപ്റ്റൻ ജോയൽ ലാറ്റിബെഡ്യൂയിയുടെ നേതൃത്വത്തിലുള്ള ഇംഗ്ലിഷ് പ്രതിരോധം ശാരീരികമായി മികച്ചവരാണ്. ബ്രസീലിന്റെ ലിങ്കൺ–പൗളീഞ്ഞോ–ബ്രെണ്ണർ ത്രയത്തെ അവർ പൂട്ടാൻ സാധ്യതയേറെ. ജർമൻ താരം യാൻ ബിസെക് ലിങ്കണെ മാർക്ക് ചെയ്തത് ഇംഗ്ലിഷ് ഡിഫൻഡർമാർക്ക് മാതൃക.

ക്യാപ്റ്റൻ വിറ്റാവോയുടെ നേതൃത്വത്തിലുള്ള ബ്രസീൽ പ്രതിരോധം സംഘടിതമായി കളിക്കുന്നവരാണ്. പക്ഷേ, വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിൽ സമർഥരായ ഇംഗ്ലണ്ടിനെ അവരെങ്ങനെ തടയുമെന്നതു കാണേണ്ട കാര്യം. ജർമനിക്കെതിരെ വലതു വിങ്ങിലൂടെ ഓടിക്കളിച്ച ജോൺ യെബോയയ്ക്കു മുന്നിൽ ബ്രസീൽ പ്രതിരോധം പതറിയിരുന്നു.

∙ മധ്യനിര (ബ്രസീൽ–60, ഇംഗ്ലണ്ട്–40)

ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് ബ്രസീലിന്റേതാണ്. ആദ്യ കളിയിൽ സ്പെയിനിനെതിരെ ബ്രസീൽ കളിപിടിച്ചത് മധ്യനിരയിൽ മാർക്കോസ് അന്റോണിയോയുടെയും അലന്റെയും കളിമികവിലാണ്. കഴിഞ്ഞ കളിയിൽ ജർമനിക്കെതിരെ ഡിഫൻസീവ് മിഡ്ഫീൽഡർ വിക്ടർ ബോബ്സിനും തിളങ്ങി. പന്തു കിട്ടിയാൽ തിടുക്കപ്പെടാതെ പാസ് വിതരണം ചെയ്യുന്ന ശൈലിയാണ് ബ്രസീലിന്റേത്.

ഇംഗ്ലണ്ട് മധ്യനിര ഒരേ സ്ഥലത്ത് വരി പോലെ നിന്നു കളിക്കുന്നവരല്ല. ഏഞ്ചൽ ഗോമസ് ആക്രമിച്ചു കളിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ജോർജ് മക്കാക്‌റൻ ഡിഫൻസിനെ സഹായിക്കുന്നു. പന്തു കിട്ടിയാൽ നീളൻ പാസുകളിലൂടെ നേരെ വിങ്ങുകളിലേക്കു നൽകുന്നതാണ് ഇംഗ്ലണ്ടിന്റെ ശൈലി.

∙ മുന്നേറ്റം (ഇംഗ്ലണ്ട്–50, ബ്രസീൽ–50)

അഞ്ചു കളികളിൽ ഇംഗ്ലണ്ട് നേടിയത് 15 ഗോളുകൾ. ബ്രസീൽ പതിനൊന്നും. മുന്നേറ്റത്തിലെ മികച്ച കൂട്ടുകെട്ടുകളാണ് ഇംഗ്ലണ്ടിനെയും ബ്രസീലിനെയും ഈ ടൂർണമെന്റിൽ മുന്നോട്ടു കൊണ്ടുപോയത്. സാഞ്ചോ–ബ്രൂസ്റ്റർ–ഹഡ്സൺ ത്രയത്തിൽ നിന്ന് സാഞ്ചോ പോയി ഫോഡൻ വന്നപ്പോഴും ഇംഗ്ലണ്ടിന്റെ പ്രഹരശേഷിക്കു മാറ്റമില്ല. കഴിഞ്ഞ കളിയിൽ തകർപ്പൻ ഹാട്രിക്കോടെ റയാൻ ബ്രൂസ്റ്റർ ഫോമിലേക്കുയരുകയും ചെയ്തു.

ജർമനിയുടെ കരുത്തരായ ഡിഫൻഡർമാർക്കെതിരെ പൗളീ‍ഞ്ഞോ–ലിങ്കൺ–ബ്രെണ്ണർ ത്രയത്തിന്റെ ഒത്തിണക്കം നഷ്ടപ്പെട്ടത് ബ്രസീലിന് ചെറിയ ആശങ്ക. പന്തുമായി ബോക്സിനുള്ളിലേക്ക് കടക്കാൻ പാടുപെട്ട ബ്രസീൽ ഒടുവിൽ തന്ത്രം മാറ്റി ലോങ്റേഞ്ചറുകൾ പരീക്ഷിച്ചാണ് ജയിച്ചുകയറിയത്.

ആകെ ടിക്കറ്റ് 66,000; ആളുകൾ ഒരു ലക്ഷം!

കൊൽക്കത്ത ∙ അപ്രതീക്ഷിതമായി കിട്ടിയ അണ്ടർ–17 ലോകകപ്പ് സെമിഫൈനൽ ടിക്കറ്റിനു വേണ്ടി കൊൽക്കത്തക്കാർ ഓൺലൈനിൽ ‘അടി കൂടി’. മോശം കാലാവസ്ഥ മൂലം സെമിഫൈനൽ ഗുവാഹത്തിയിൽനിന്നു മാറ്റിയപ്പോഴേ കൊൽക്കത്തക്കാർ ആവേശത്തിലായി. തിങ്കളാഴ്ച രാത്രി 8.30ന് ഫിഫ വെബ്സൈറ്റിൽ ടിക്കറ്റ് വിൽപന തുടങ്ങിയപ്പോഴേക്കും ക്യൂവും തുടങ്ങി. മൂന്നു മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തോളം പേരാണ് ടിക്കറ്റിനു വേണ്ടി റജിസ്റ്റർ ചെയ്തത്.

നൂറു രൂപ വിലയുള്ള ടിക്കറ്റിന്റെ വിതരണം ഇന്നലെ സ്റ്റേഡിയത്തിന്റെ സമീപം തുടങ്ങിയപ്പോഴും വൻതിരക്കായിരുന്നു. ലോകകപ്പിനെ നെഞ്ചിലേറ്റിയ കൊൽക്കത്ത ഇഷ്ട ടീമായ ബ്രസീൽ എത്തിയതോടെ കൂടുതൽ ഉഷാറായി. ക്വാർട്ടർ ഫൈനലിലെ ബ്രസീൽ–ജർമനി മൽസരം 66,613 പേരാണ് കണ്ടത്–ഈ ലോകകപ്പിൽ ഇതുവരെയുള്ള റെക്കോർഡ്. നാലു ലക്ഷത്തിലേറെ പേർ സാൾട്ട്‍‌‌ലേക്കിലെ വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ ഇതുവരെ കളി കാണാനെത്തി.