Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടേത് ലോകോത്തര സംഘാടന മികവ്: ഫിഫ

fifa-prabul-patel അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ (നടുവിൽ) ഫിഫ ടൂർണമെന്റ് തലവൻ ജെയ്മി യാർസ, ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പി എന്നിവർ മാധ്യമസമ്മേളനത്തിൽ. ചിത്രം: സലിൽ ബേറ

കൊൽക്കത്ത ∙ ഉന്നത നിലവാരമുള്ള ഫുട്ബോൾ കാഴ്ചവച്ചും സംഘാടനത്തിൽ മികവുകാട്ടിയും ലോക ഫുട്ബോളിലെ വലിയ മൽസരങ്ങൾക്ക് വേദിയാകാനുള്ള കഴിവ് ഇന്ത്യ തെളിയിച്ചതായി ഫിഫയുടെ പ്രശംസ. ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യമാണ് ഇന്ത്യൻ സ്റ്റേഡിയങ്ങളിൽ ഒരുക്കിയതെന്ന് ഫിഫ മൽസരവിഭാഗം മേധാവി ജെയ്മി യാർസ പറഞ്ഞു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേലിനൊപ്പം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു യാർസ. 

അണ്ടർ 17 ലോകകപ്പിലെ കാണികളുടെ എണ്ണത്തിൽ നിലവിലുള്ള റെക്കോർഡ് തിരുത്തുന്ന ടൂർണമെന്റായി ഇത്. സാങ്കേതികമായും മികച്ച സൗകര്യങ്ങൾ ഇന്ത്യ ഒരുക്കി – യാർസ പറഞ്ഞു.

‘‘ആറ് വേദികളെക്കുറിച്ചും നല്ലതു മാത്രമേ പറയാനുള്ളൂ. എല്ലാ ടീമുകളും ഹാപ്പിയാണ്. പരിശീലന ഗ്രൗണ്ടുകളെല്ലാം മികച്ചതായിരുന്നുവെന്ന് പരിശീലകർ പറഞ്ഞു. നല്ല താമസം, ഭക്ഷണം, യാത്ര..ആർക്കും ഒരു പരാതിയുമുണ്ടായില്ല. അണ്ടർ 17 ലോകകപ്പിന് വേദിയായ സ്റ്റേഡിയങ്ങൾ ഫിഫയുടെ സീനിയർ മൽസരങ്ങൾക്കും അനുയോജ്യമാണ് ’’– യാർസ പറഞ്ഞു. 

ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവച്ചതെന്നും പ്രശസ്തരായ ടീമുകളോടു പൊരുതി നിന്നുവെന്നും ഫിഫ ചൂണ്ടിക്കാട്ടി. ഫിഫ കൗൺസിലിൽ അംഗമല്ലെങ്കിലും ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്നത്തെ കൗൺസിലിൽ പങ്കെടുക്കുവാൻ ഇന്ത്യക്ക് ക്ഷണമുണ്ടെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. 2019ലെ അണ്ടർ 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത കൗൺസിലിൽ അറിയിക്കും. അണ്ടർ 17 ലോകകപ്പ് ഫുട്ബോ‍ൾ ഇന്ത്യയിലെ കോർപ്പറേറ്റ് ലോകത്തിന് ഫുട്ബോളിൽ കൂടുതൽ താൽപര്യമുണ്ടാക്കാൻ കാരണമായെന്നും പ്രഫുൽ പട്ടേൽ ചൂണ്ടിക്കാട്ടി.