Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് പ്രശംസ; ചിലെ വക

india-under-17-football-team ഇന്ത്യയുടെ അണ്ടർ 17 ഫുട്ബോൾ ടീം. (ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്)

ലോകകപ്പ് തുടങ്ങുംമുൻപേ ഇന്ത്യൻ ടീമിന് എതിരാളികളിൽനിന്നു പ്രശംസ. മറ്റാരുമല്ല, ലോകകപ്പിൽ പങ്കെടുക്കുന്ന ചിലെ ടീമിന്റെ പരിശീലകൻ ഹെർനാൻ കപ്പൂട്ടോയാണു നോർട്ടൻ ഡിമാറ്റോസിന്റെ കുട്ടികളെ പ്രശംസിച്ചത്.

‘‘ഇന്ത്യയുടെ കുട്ടികൾ ആരാധകരെ നിരാശരാക്കില്ല. മെക്സിക്കോയിലെ ടൂർണമെന്റിൽ ഞങ്ങൾക്കെതിരെ മികച്ച കളിയായിരുന്നു ഇന്ത്യയുടേത്. അതിനേക്കാളുപരി കളിയോടുള്ള അവരുടെ സമീപനം മതിപ്പുളവാക്കുന്നതായിരുന്നു. ഒരു ഗോളിനു പിന്നിലായിട്ടും അവർ വീറോടെ പൊരുതി. പ്രത്യാക്രമണങ്ങൾ വേഗത്തിലുള്ളതും മൂർച്ചയേറിയതുമായിരുന്നു. ചിലെയുടെ കുട്ടികൾ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടി.’’

കപ്പൂട്ടോയുടെ വാക്കുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ലാറ്റിനമേരിക്കൻ അണ്ടർ 17 ചാംപ്യൻഷിപ്പിൽ ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായ ടീമാണു ചിലെ. അവർക്കെതിരായ പോരാട്ടത്തിനാണു കപ്പൂട്ടോ ഇന്ത്യയ്ക്കു മികച്ച മാർക്ക് നൽകുന്നത്. ഇന്ത്യൻ ടീം രാജ്യത്തിന് അഭിമാനകരമായ മുന്നേറ്റം നടത്തുമെന്ന പ്രവചനം ഇന്ത്യ ഫുട്ബോളിലെ ഒക്ടോബർ വിപ്ലവത്തിനു സാക്ഷ്യം വഹിക്കും. ഫൈനലിൽ എത്തിയില്ലെങ്കിൽപ്പോലും ആദ്യത്തെ രണ്ടു റൗണ്ട് കടന്നാൽത്തന്നെ ഇന്ത്യയ്ക്കതു ലോകകപ്പ് നേടുന്നതുപോലെയുള്ള നേട്ടംതന്നെയാവും.