ഗോൾകീപ്പറായി ജനിച്ചു; തിരിച്ചറിഞ്ഞത് എട്ടാം വയസ്സിൽ

ബ്രസീൽ ഗോൾകീപ്പർ ഗബ്രിയേൽ ബ്രസാവോ (ചിത്രം: റോബർട്ട് വിനോദ്)

കൊൽക്കത്ത ∙ അഞ്ചു കളികൾ, 16 സേവുകൾ, വഴങ്ങിയത് രണ്ടു ഗോൾ മാത്രം–ഗബ്രിയേൽ ബ്രസാവോ അണ്ടർ–17 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന ഗോളിലേക്കുള്ള യാത്രയിലാണ്. ബ്രസീലിയൻ ക്ലബ് ക്രുസേരിയോയുടെ താരമായ ബ്രസാവോ മനസ്സു തുറക്കുന്നു.

∙ ഗോൾകീപ്പിങ്

ഞാൻ ജനിച്ചതേ ഗോൾകീപ്പറായിട്ടാണ് (ചിരി). പക്ഷേ അതു തിരിച്ചറിഞ്ഞത് എട്ടാം വയസ്സിലാണ്. അതു വരെ ഫോർവേഡ് ആയിട്ടാണ് കളിച്ചത്. നല്ല ഉയരവും മികച്ച റിഫ്ലക്സുമാണെന്നു പറഞ്ഞ് പരിശീലകൻ എന്നെ ഉപദേശിക്കുകയായിരുന്നു.

∙ ക്ലീൻ ഷീറ്റുകൾ

ലോകകപ്പിൽ നാലു കളികളിലും മുഴുവൻ സമയവും കളിച്ചു. സ്പെയിനിനെതിരെ ആദ്യ കളിയിലെ ഒരു ഗോൾ മാത്രമാണ് ഇതുവരെ വഴങ്ങിയത്. അതെന്റെ മാത്രം മികവല്ല. ഫോർവേഡുകൾ വരെ ഡിഫൻസിന്റെ ജോലി ചെയ്യുന്ന ഒരു ടീമാണ് ഞങ്ങളുടേത്.

∙ ഇഷ്ട ഗോൾകീപ്പർ

ക്രുസേരിയോ സീനിയർ ടീമിന്റെ ഗോൾകീപ്പറായ ഫാബിയോ ആണ് എന്റെ ഹീറോ. കസീയസ്, ബുഫൺ എന്നീ ലോകോത്തര ഗോൾകീപ്പർമാരെയെല്ലാം ഇഷ്ടമാണ്. പക്ഷേ ഞാൻ കൺമുന്നിൽ കാണുന്നയാളാണ് ഫാബിയോ.

∙ കളിയോർമകൾ

2010 ലോകപ്പിലെ ബ്രസീൽ–ഹോളണ്ട് ക്വാർട്ടർ ഫൈനലാണ് എന്റെ ആദ്യത്തെ ലോകകപ്പ് ഓർമ. മനസ്സിൽ തങ്ങി നിൽക്കുന്നത് റിയോ ഒളിംപിക്സ് ഫൈനലിൽ ബ്രസീൽ ജയിച്ചതും. നെയ്മർ അവസാന പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചതിനെക്കാളേറെ ഓർമിക്കുന്നത് വെവർട്ടൻ ജർമനിയുടെ ഒരു കിക്ക് സേവ് ചെയ്തതാണ്. ഞാനൊരു ഗോളിയായതു കൊണ്ടാവാം അങ്ങനെ...