കൊച്ചി സ്റ്റേഡിയത്തിലെ ആ മുറി നിറയെ ‘ഖൽബാണ് കാൽപ്പന്ത്’

വോൾ ആർട് പൂർത്തിയാക്കിയ വൊളന്റിയർ റൂമിൽ ‘യുനോയൻസ്’ സംഘം.

തലങ്ങും വിലങ്ങും പന്തു പാസ് ചെയ്ത് മൈതാനത്ത് ഓരോ കളിക്കാരനും വരയ്ക്കുന്ന അദൃശ്യചിത്രങ്ങളിലാണ് കാൽപ്പന്തുകളിയുടെ മുഴുവന്‍ സൗന്ദര്യവും. ആ സൗന്ദര്യത്തിലാറാടി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും; അവർക്കു ചങ്കാണ്, ഖൽബാണ്, മുത്താണ് ഫുട്ബോൾ. അങ്ങനെ, പടംവരയോളം തന്നെ ഫുട്ബോളിനെയും സ്നേഹിച്ചതുകൊണ്ടാണ് അസീം കാട്ടാളിയും സുഹൃത്ത് കെ.ആർ.ഹരിക‍ൃഷ്ണനും ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിലെ കൊച്ചിയിലെ വേദിയിലേക്കുള്ള വൊളന്റിയര്‍മാരുടെ അഭിമുഖത്തിനെത്തിയത്. ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട് മനസ്സു നിറയെ. ഇന്റർവ്യൂവിനിടെ വെന്യു വൊളന്റിയർ ഓഫിസർ അയിഷ നാസിയയാണു പറഞ്ഞത്– ‘മത്സരം നടക്കുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വൊളന്റിയർ റൂമിന്റെ ചുമരിൽ നിറയെ ഫുട്ബോളിനുള്ള നാടിന്റെ സ്നേഹം വരകളായി നിറയ്ക്കാനൊരു അവസരമുണ്ട്. ശ്രമിക്കുന്നോ..?’ നൂറുവട്ടം സമ്മതമെന്നായിരുന്നു മറുപടി. വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഫിഫയുടെ ഔദ്യോഗിക അനുമതിയും അയിഷ വാങ്ങിയെടുത്തു. 

ഒരുമാസത്തിലേറെ പിന്നെ വൊളന്റിയർ റൂമിലെ ചുമരുകളിൽ ഫുട്ബോളിന്റെ ആവേശം എങ്ങനെ വരകളാലും നിറങ്ങളാലും സമ്പന്നമാക്കാമെന്ന ആലോചനയായിരുന്നു. ഇലസ്ട്രേറ്റർമാരും ആനിമേറ്റര്‍മാരും സ്ക്രിപ്റ്റ് എഴുത്തുകാരും എല്ലാമായി യുനോയന്‍സ് ക്രിയേറ്റിവ് സ്റ്റുഡിയോ എന്നൊരു കമ്പനിയുണ്ടായിരുന്നു അസീമിനും ഹരിക‍ൃഷ്ണനും. സ്റ്റുഡിയോയിൽ ആവശ്യത്തിലേറെ ജോലിയുണ്ട്. അതിനൊപ്പം വേണം ഫിഫയ്ക്കു നൽകിയ വാക്കു പാലിക്കാൻ. രാത്രിയും പകലുമെന്നില്ലാതെ തലപുകയ്ക്കലായിരുന്നു പിന്നീട്. അതിനിടെ സ്റ്റേഡിയം ഫിഫയ്ക്കു കൈമാറേണ്ട സമയമെത്തി. അതിനു മുന്നോടിയായി വര തീർത്തേ മതിയാകൂ. പിന്നെ, ഉറക്കമില്ലാത്ത രാത്രികൾ; ചുമരിലെ ചിത്രങ്ങൾക്കായുള്ള കൺസെപ്റ്റ് തേടി തലപുകയ്ക്കലിന്റെ രാപ്പകലുകൾ. ഒടുവിൽ ക്രിയേറ്റിവ് ഡയറക്ടർ സീറോ ഉണ്ണിയുടെ നേതൃത്വത്തിൽ പത്തിലേറെ വരുന്ന സംഘം കൈനിറയെ വരയായുധങ്ങളും തല നിറയെ ഐഡിയകളുമായി സ്റ്റേഡിയത്തിലെത്തി. 

ഒരു ചുമരിൽ മാത്രം വരയായിരുന്നു ലക്ഷ്യം, പക്ഷേ പ്രതീക്ഷിക്കാതെ ലഭിച്ചത് ആ മുറി മുഴുവന്‍ നിറയുന്ന വമ്പൻ കാൻവാസ്. മുന്നിലുള്ളത് മൂന്നു ദിവസവും! 250ലേറെ വൊളന്റിയർമാർ വരുംനാളുകളിൽ നിറയുന്ന മുറിയാണ്. പിന്നെയൊന്നും നോക്കിയില്ല, രാവും പകലുമില്ലാതെ വരയായിരുന്നു. എല്ലാവരും ഫുട്ബോളിനു ചുറ്റും നിറയുന്ന നാളുകളാണ് വരാനിരിക്കുന്നത്. മലയാളിക്ക് ജീവിതത്തോളം പ്രിയമാണ് ഫുട്ബോളിനോടെന്നു വരച്ചു തെളിയിക്കുകയായിരുന്നു ലക്ഷ്യം. സാധാരണക്കാരുടെ ജീവിതത്തോടു പോലും അത്രയേറെ അടുപ്പത്തോടെ നിൽക്കുകയാണ് കാൽപ്പന്തുകളിയെന്നു തോന്നിപ്പിക്കണം. അങ്ങനെയാണ് ചീനവലയിലും വള്ളത്തിലും മീനിനു പകരവും തെങ്ങിൽ തേങ്ങയ്ക്കു പകരവും ഫുട്ബോൾ നിറയുന്നത്. ചെറിയൊരു ‘മാജിക്കൽ റിയലിസ’ത്തിന്റെ പ്രയോഗമെന്നു തന്നെ പറയാം. ‘തെയ്യത്തോം ധിമി ധിമി തോം, തെയ് തെയ് തിത്തോം ഗോളടി തകതിമി...’ എന്ന് ആർപ്പുവിളിച്ച് ചുമരാകെ ഫുട്ബോൾ മേളം. 

ഒരു ചുമരിൽ ഗ്ലാസ് ഭിത്തിയായിരുന്നു. അവിടെ മൊത്തം ഫോറെക്സ് ഷീറ്റുകൾ ഒട്ടിച്ച് താത്കാലിക ചുമരുണ്ടാക്കിയായിരുന്നു ചിത്രംവര. ഇടയ്ക്ക് രണ്ട് ഫയർ എക്സ്റ്റിംഗ്വിഷറുകൾ പ്രശ്നമായി മുന്നിൽ നിന്നു. ഒരു കാരണവശാലും അതവിടെ നിന്നു മാറ്റാനാകില്ല. ഫയർ എക്സ്റ്റിംഗ്വിഷറുകളെ ഓക്സിജൻ സിലിണ്ടറുകളാക്കി അതുമായി ഒരാൾ കടലിന്നടിയിലും മറ്റൊരാൾ ബഹിരാകാശത്തും Soul, Goal, Football എന്ന് ആർത്തുവിളിച്ചത് അങ്ങനെയാണ്. സൈക്കിൾ വീലിൽ വെള്ളച്ചായം പൂശി ചുമരില്‍ ചേർത്തപ്പോൾ ചിത്രങ്ങൾക്കൊരു ‘ത്രീ ഡി എഫക്ടും’ കിട്ടി. ഗ്രാഫിറ്റിയും ടൈപോഗ്രഫിയുമെല്ലാം ചേർന്നൊരു ‘മിക്സ് സ്റ്റൈൽ’ ആയിരുന്നു ചുമരിലാകെ. കരയിലും വള്ളത്തിലും വെള്ളത്തിലും വലയിലും ബഹിരാകാശത്തും ചായക്കടയിലും സ്കൂളിലും റോഡിലും പാടത്തും പറമ്പിലും മൈതാനത്തുമെല്ലാം ഫുട്ബോൾ മയം. അങ്ങനെ ചുമരിനെയാകെ അണ്ടർ 17 ലോകകപ്പിന്റെ ആവേശം ഏറ്റെടുത്ത അവസ്ഥ– Football takes over! 

സീറോ ഉണ്ണി, അസീം കാട്ടാളി, ഹരികൃഷ്ണൻ, രാജേഷ്, ജെറോയ് ജോസഫ്, വിനയന്‍, റബേക്ക, ഇമോദ്‌രാജ്, അനിരുദ്ധ്, മിഥുൻ മോഹൻ, അരുൺ, സനൽ, മിഥുൻ കൃഷ്ണ, സുബ്രു, റൊമാക്സ്, ശ്രീജിത്  എന്നിവരടങ്ങിയ സംഘം മൂന്നു പകലിനും രാത്രിക്കുമൊടുവിൽ വരകൾ നിറഞ്ഞ മുറിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ പ്രിയപ്പെട്ടതെന്തോ തൊട്ടടുത്തുനിന്നു കൈവിട്ടു പോയ അവസ്ഥയിലായിരുന്നു എല്ലാവരും; ‌അത്രയേറെ ആത്മാർത്ഥമായിട്ടായിരുന്നു ചുമരുകളെ വരകളാൽ അവർ സ്നേഹിച്ചത്. അതെന്തായാലും ഫലം കണ്ടു. ഫിഫയുടെ ഔദ്യോഗിക റിപ്പോർട്ടറും ക്യാമറാമാനും അടുത്തിടെയാണ് കൊച്ചിയിലെ കാഴ്ചകൾ പകർത്താനെത്തിയത്. വൊളന്റിയർ റൂമിലെ വരകൾക്കു മുന്നിൽ അന്തംവിട്ടു നിന്ന അവർക്കു ചോദിക്കാനുണ്ടായിരുന്നത് ഒറ്റക്കാര്യം മാത്രം: ‘ഇത്തരമൊരു കാഴ്ച ഇവിടെയുള്ളത് എന്തുകൊണ്ട് നേരത്തേ അറിയിച്ചില്ല...!’ എന്തായാലും അൽപം വൈകിയിട്ടാണെങ്കിലും യുനോയൻസിന്റെ പ്രയത്നം ലോകം കാണാൻ പോകുകയാണ്. വൊളന്റിയർ റൂമിലെ ചിത്രം വരയുടെ ഫോട്ടോകളും റിപ്പോർട്ടുമുൾപ്പെടെ വിവരണം ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അധികം വൈകാതെ പ്രത്യക്ഷപ്പെടും. 

മറ്റൊരു സന്തോഷസൂചന കൂടിയുണ്ട്; കൊച്ചിയിലെ മത്സരങ്ങൾ കഴിഞ്ഞെങ്കിലും വൊളന്റിയർ റൂമിലെ വോൾ ആർട് അങ്ങനെത്തന്നെ നിലനിർത്താനുള്ള സാധ്യതയുണ്ട്. ലോകകപ്പിൽ ഒരു സൂവനീർ പോലെ അത് കലൂർ സ്റ്റേഡിയത്തിൽ തുടരുമെന്നാണ് യുനോയൻസിന്റെയും പ്രതീക്ഷ. വരയുടെ മേക്കിങ് വിഡിയോയും യൂട്യൂബിലൂടെ പുറത്തിറക്കിയിട്ടുണ്ട്. ഇതാദ്യമായല്ല ഇത്തരം ക്രിയാത്മക ആശയങ്ങൾ യുനോയന്‍സ് ക്രിയേറ്റിവ് സ്റ്റുഡിയോയിൽ നിന്നു വിരിഞ്ഞിറങ്ങുന്നത്.  വിഡിയോ, 2ഡി/ 3ഡി ആനിമേഷൻ, വെബ് ഡിസൈൻ, വിഎഫ്എക്സ് ഡിസൈനിങ് തുടങ്ങി ഡിജിറ്റൽ ആർട്ടിലൂടെ പ്രോഡക്ട് മാർക്കറ്റിങ്ങിൽ വൈവിധ്യം സൃഷ്ടിക്കുന്ന ഇവരുടെ ആശയങ്ങളുടെ ഗാംഭീര്യം അറിഞ്ഞ ഒട്ടേറെ കമ്പനികളും എൻജിഒകളുമുണ്ട്: ഓട്ടോഡെസ്ക്, യുഎഇ എക്സ്ചേഞ്ച്, ആമസോൺ, മോട്ടറോള, അൽ–റവാബി, വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട്, മലബാർ ഗോൾഡ്, ഹൈക്ക്, ഫ്ലിപ്കാർട്, സ്നാപ്ഡീൽ, ഫ്രീചാർജ്, മീഡിയോർ 24X7 ഹോസ്പിറ്റൽ എന്നിവ അതിൽ ചിലതു മാത്രം. ഗ്രീക്കു ഭാഷയിൽ ‘യുനോയൻസ്’ എന്നാൽ ‘ബ്യൂട്ടിഫുൾ തിങ്കേഴ്സ്’ എന്നാണർഥം. ആ പേരിന്റെ അർഥം ധ്വനിപ്പിക്കുന്ന കാഴ്ചകളാണ് വൊളന്റിയർ റൂമിലും നിറയെ. വെബ്സൈറ്റ്– http://www.eunoians.com