അടിസ്ഥാന തലത്തിലെ ഫുട്ബോൾ പദ്ധതി ഫലം കാണുന്നു; ഇത് ഇംഗ്ലണ്ടിന്റെ ഡിഎൻഎയുടെ വിജയം

1966: ബോബി മൂറിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ഫുട്ബോൾ ടീം ഫിഫ ലോകകപ്പ് ജേതാക്കൾ. 2017: അണ്ടർ–20 ഇംഗ്ലണ്ട് ടീം ലോകകപ്പ് ജേതാക്കൾ, അണ്ടർ–19 ടീം യൂറോപ്യൻ വിജയികൾ, അണ്ടർ–17 ടീം യൂറോപ്യൻ ഫൈനലിസ്റ്റുകൾ. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിലും. 

അണ്ടർ–17 ലോകകപ്പിൽ ഓരോവിജയത്തിനു ശേഷവും ഇംഗ്ലണ്ട് പരിശീലകൻ സ്റ്റീവ് കൂപ്പർ ഇങ്ങനെ പറയും: ‘‘ഇതു ഞങ്ങളുടെ ഡിഎൻ‍എയുടെ വിജയമാണ്’’. ബ്രസീലിനെതിരെ സെമിഫൈനൽ വിജയത്തിനുശേഷവും അതാവർത്തിച്ചു. സംശയം തോന്നാം – ബ്രസീലിനെയും അർജന്റീനയെയും പോലെ ഇംഗ്ലണ്ടിന് അങ്ങനെയൊരു ഫുട്ബോൾ ഡിഎൻഎയുണ്ടോ..? 

കൂപ്പർ പറയുന്ന ഡിഎൻഎ പക്ഷേ പാരമ്പര്യമായി ജീനുകളിലൂടെ കൈമാറി വരുന്ന ഫുട്ബോൾ മികവല്ല. ഈ ഡിഎൻഎ ഇംഗ്ലണ്ട് കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ്. 1966ൽ ലോകകപ്പ് നേടിയതിനുശേഷം അരനൂറ്റാണ്ടു നീണ്ട കിരീട വരൾച്ച അവസാനിപ്പിക്കാൻ ഒരു ലബോറട്ടറിയിലെന്നപോലെ ഇംഗ്ലിഷ് ഫുട്ബോൾ ആസൂത്രണം ചെയ്ത പദ്ധതി. ‘യൂത്ത് ഡവലപ്മെന്റ്’ എന്നതാണു ഡിഎൻ‍എ പദ്ധതിയുടെ കാതൽ. 2014 ഡിസംബറിൽ തുടക്കമിട്ട പദ്ധതി മൂന്നുവർഷംകൊണ്ടുതന്നെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് അണ്ടർ–17 ലോകകപ്പ് ഫൈനലിലെത്തി നിൽക്കുന്ന ഈ ടീം. 

സ്കൂൾതലം തൊട്ട് ഇംഗ്ലണ്ട് താരങ്ങൾ എങ്ങനെ കളിക്കണം, എങ്ങനെ പെരുമാറണം എന്നിവയടക്കമുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ ഡിഎൻഎ ബ്ലൂപ്രിന്റിലുണ്ട്. ഇംഗ്ലണ്ടിലെ സ്റ്റാഫഡ്ഷെറിലുള്ള സെന്റ് ജോർജസ് പാർക്ക് നാഷനൽ ഫുട്ബോൾ സെന്ററാണ് ഡിഎൻഎ പദ്ധതിയുടെ പരീക്ഷണശാല. ഇംഗ്ലണ്ടിന്റെ അണ്ടർ–14 വിഭാഗം മുതലുള്ള 24 പുരുഷ, വനിതാ ടീമുകളുടെയും പരിശീലനകേന്ദ്രമാണിത്. കാടു വെട്ടിത്തെളിച്ച 330 ഏക്കർ സ്ഥലത്ത് അത്യാധുനിക രീതിയിലുള്ള ഈ പരിശീലന കേന്ദ്രം നിർമിക്കാൻ ചെലവായത് 105 ദശലക്ഷം പൗണ്ട് (ഏകദേശം 900 കോടി രൂപ).   ലോക നിലവാരത്തിലുള്ള 12 പരിശീലന മൈതാനങ്ങൾ‌ ഇവിടെയുണ്ട്.