ഒരു ഇന്തോ–റഷ്യൻ പ്രണയകഥ! മോസ്കോയിൽ പെരുന്നാൾ ആഘോഷിച്ചപ്പോൾ

ഡോ. മുഹമ്മദലിയും കുടുംബവും. ഇടത്തേ അറ്റത്ത് ഡോ. ഉണ്ണിക്കൃഷ്ണൻ

പെരുന്നാളാണ്. മോസ്കോയിലായാലും ആഘോഷിക്കാതിരിക്കുന്നതെങ്ങനെ? അപ്രതീക്ഷിതമായി  വിരുന്നിനുള്ള ക്ഷണം കിട്ടി. മോസ്കോയിൽ ഡോക്ടറായ മലയാളി മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡോ. മുഹമ്മദലിയും കുടുംബവും. താമസിക്കുന്ന സ്ഥലത്തിന് അൽപം അകലെയാണ് അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റ്. പുലർച്ചെ തന്നെ പുറപ്പെട്ടു.

മോസ്കോയിൽ നോമ്പു കാലം കഴിഞ്ഞ് പെരുന്നാൾ വന്നതിന്റെ അടയാളങ്ങളൊന്നുമില്ല. നാലു പ്രധാന പള്ളികളാണ് മോസ്കോയിലുള്ളത്. അവയിൽ സ്വർണ മിനാരങ്ങളുള്ള മോസ്കോ കത്തീഡ്രൽ മോസ്ക് ഏറ്റവും പ്രശസ്തം. 1904ൽ നിർമിച്ച ഇത് 2011ൽ പൊളിച്ചു പുതുക്കിപ്പണിതു. കാരണം: പുണ്യനഗരമായ മെക്കയിലെ കഅബയുടെ ദിശയിൽ നിന്ന് അൽപ്പം തെന്നിയായിരുന്നു ഇതിന്റെ നിൽപ്പ്. ഇപ്പോൾ സ്വന്തമായി വെബ്സൈറ്റൊക്കെ ഉള്ള പള്ളിയാണ് കത്തീഡ്രൽ മോസ്ക്. സമൃദ്ധമായ നോമ്പു തുറയുമുണ്ടാകും. ഓരോ ദിവസവും സ്പോൺസർ ചെയ്യുന്നത് ഇറാനിയൻ എംബസി, സൗദി എംബസി, കുവൈറ്റ് എബസി എന്നിങ്ങനെ...

കിലോമീറ്ററുകളോളം റോഡിൽ ആളുകൾ നിറഞ്ഞു കവി‍ഞ്ഞിരിക്കുന്നതിനാൽ അങ്ങോട്ട് അടുക്കാൻ പറ്റിയില്ല. ഒടുവിൽ പാർക് പബദെ മെട്രോ സ്റ്റേഷനടുത്തുള്ള പള്ളിയിൽ പോയി. അവിടെയും അകത്തേക്കു കടക്കാൻ വയ്യ. ഒടുവിൽ തൊട്ടടുത്തുള്ള ഗാർഡനിൽ നിന്നായി നിസ്കാരം. സർക്കാർ ഉടമസ്ഥതയിലുള്ള പള്ളിയാണ് ഇത്. ലോക മഹായുദ്ധത്തിൽ മരണമടഞ്ഞ മുസ്‌ലിം പട്ടാളക്കാരുടെ സ്മരണയ്ക്കായി നിർമിച്ചത്. അടുത്തു തന്നെ ക്രിസ്ത്യൻ പള്ളിയും ജൂത സിനഗോഗുമുണ്ട്. അവയും സർക്കാർ നിർമിച്ചതു തന്നെ.

മതവൈവിധ്യമുള്ള രാജ്യമാണ് റഷ്യ. പ്രധാന മതങ്ങളായ ക്രിസ്ത്യാനിറ്റിക്കും ഇസ്‌ലാമിനും പുറമെ ഒട്ടേറെ ഗോത്രമതങ്ങളും റഷ്യയിലുണ്ട്. സോവിയറ്റ് യൂണിയന്റെയും കമ്യൂണിസത്തിന്റെയും തകർച്ചയ്ക്കു ശേഷം റഷ്യയിൽ കണ്ട മാറ്റങ്ങളിലൊന്ന് ആളുകൾ കൂടുതൽ മതവിശ്വാസികളായി എന്നതാണ്.

എല്ലാവരെയും കൂട്ടിപ്പിടിക്കാൻ പുടിൻ സർക്കാർ ശ്രമിക്കുന്നുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ചെച്നിയയിൽ റമസാൻ കദിറോവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്നതും അതു കൊണ്ടു തന്നെ. അറബ് രാജ്യങ്ങളിലേക്കുള്ള പുടിന്റെ നയതന്ത്ര പാതയാണ് ചെച്‌നിയ. ലോകകപ്പിനുള്ള ഈജിപ്ത് ടീം ക്യാംപ് ചെയ്തിരിക്കുന്നത് ചെച്‌നിയൻ തലസ്ഥാനമായ ഗ്രോസ്നിയിലാണ്. ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ കദിറോവിനൊപ്പം ഫൊട്ടോയെടുത്തത് വാർത്തയായിരുന്നു. 

ഡോക്ടറുടെ വീടെത്തി. തികച്ചും റഷ്യൻ വീട്. കാരണമുണ്ട്. വീട്ടുകാരി റഷ്യക്കാരിയാണ്! 22 വർഷം മുൻപ് റഷ്യയിലെത്തിയ ഡോക്ടർ വിവാഹം കഴിച്ചത് ഒപ്പം ജോലി ചെയ്തിരുന്ന റഷ്യൻ പെൺകുട്ടിയെ – പേര് ഇന്ന. 2004ൽ കേരളത്തിൽ വച്ച് വിവാഹം. ഒരു ഇന്തോ–റഷ്യൻ പ്രണയകഥയുടെ ഹാപ്പി ക്ലൈമാക്സ്. ഇരുവർക്കും മൂന്നു മക്കൾ. ആസ്യ, അരീഷ, ഡീന.

വീട്ടിൽ റഷ്യനാണ് ഭൂരിപക്ഷം. മലയാളം അറിയാവുന്നയാൾ ഡോക്ടർ മാത്രം. റഷ്യയിൽ ഞങ്ങളുടെ ആതിഥേയനായ തിരൂർ സ്വദേശി ഡോ. ഉണ്ണിക്കൃഷ്ണൻ കൂടി എത്തി. ഒരാൾ കൂടി വന്നിരുന്നെങ്കിൽ റഷ്യയെ ആയുർവേദം പഠിപ്പിച്ച ത്രിമൂർത്തികളായേനെ. ഡോ. നൗഷാദ്; മലപ്പുറം എടവണ്ണ സ്വദേശി. മൂന്നു പേരും കൂടിയാണ് രണ്ടു പതിറ്റാണ്ട് മുൻപ് കേരളത്തിൽ നിന്ന് റഷ്യയിലേക്ക് ആയുർവേദം പറിച്ചു നട്ടത്. ഇപ്പോൾ മോസ്കോയിൽ തന്നെ പത്തിലേറെ ആയുർവേദ ക്ലിനിക്കുകളുണ്ട്. യോഗയും പഞ്ചകർമ ചികിൽസയുമെല്ലാമുണ്ട്. 

ഭക്ഷണം റഷ്യനല്ല. നെയ്ച്ചോർ പോലുള്ള വിഭവം. ബീഫ് കറി, ചിക്കൻ കടായി. ടൊമാറ്റോ ഫ്രൈ. റഷ്യൻ പ്രതിനിധികളായ ചെറികൾക്കും ബെറികൾക്കും ഒപ്പം നമ്മുടെ സ്വന്തം പപ്പടവും പാലട പ്രഥമനും മേശയിൽ ചർച്ചയ്ക്കായി വട്ടംകൂടിയിരിക്കുന്നു. പപ്പടത്തിൽ കൈവച്ചപ്പോൾ അരീഷ സങ്കടത്തോടെ നോക്കി. പായസപ്പാത്രം നീക്കി വച്ചു തന്നു: ‘‘ബിരീച്യേ പായസം, നൊ നി പപ്പട്’’ (പായസം എടുത്തോളൂ, പപ്പടം തീർക്കരുത്). പപ്പടമാണ് അവരുടെ ഫേവറിറ്റ്!