Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയിൽ മൗറീഞ്ഞോ ‘ബാധ’; ലോകകപ്പിന് ‘ഗോൾ’ തെറ്റുന്നു

എ. ഹരിപ്രസാദ്
SOCCER-EUROPA-FND-MNU/

റഷ്യൻ മൈതാനങ്ങളിലെ ‘ബസ് പാർക്കിങ്’ കണ്ട് ഏറ്റവും ആനന്ദിക്കുന്ന ഒരാൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോസെ മൗറീഞ്ഞോയാകും. ലോകകപ്പിൽ വൻസന്നാഹങ്ങളുടെ വഴി മുടങ്ങുന്നതുകണ്ട് ഉള്ളിൽ ചിരിക്കുകയാകും ‘പാർക്ക് ദ് ബസ്’ തന്ത്രത്തിന്റെ പേരിൽ പലവട്ടം പരിഹസിക്കപ്പെട്ട പരിശീലകൻ. ലീഗ് ഫുട്ബോളിൽ വമ്പൻ ക്ലബുകൾക്കെതിരെ പിടിച്ചു നിൽക്കാൻ ചെറു ടീമുകൾ പയറ്റിവന്ന പ്രതിരോധക്കൂട്ട് മൗറീഞ്ഞോ ഒരു തന്ത്രമെന്ന നിലയിൽ ഏറ്റെടുത്തതോടെയാണു ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴിതാ ലോകകപ്പിലും സജീവമായിക്കഴിഞ്ഞു തന്ത്രങ്ങളുടെ നെഗറ്റീവ് മുഖമെന്ന ആരോപണം നേരിടുന്ന ബസ് പാർക്കിങ്. ഒരു വശത്തു വിഡിയോ അസിസ്റ്റ് റഫറിയിങ് കളിയുടെ താളവും വേഗവും തെറ്റിക്കുന്നുവെന്ന ആരോപണം ഉയരുമ്പോൾ മറുവശത്തു ബസ് പാർക്കിങ് ടീമുകൾ ലോകകപ്പിന്റെ രസംകൊല്ലികളാകുന്നുവെന്ന വാദങ്ങളാണെങ്ങും. അർജന്റീനയും സ്പെയിനും ബ്രസീലും പോലുള്ള ടീമുകളെ ഐസ്‍ലൻഡും കോസ്റ്ററിക്കയും ഇറാനുമെല്ലാം ചേർന്ന് ഗോൾ തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെ തളയ്ക്കുമ്പോൾ ലോകകപ്പിന്റെ തിളക്കം കൂടി മങ്ങുന്നുവെന്നാണ് വിമർശനം.

∙ കളത്തിലെ ബസ് പാർക്കിങ്?
തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്ന പച്ചമലയാളം പ്രയോഗത്തിൽ ഒതുങ്ങുന്നുണ്ട് ബസ് പാർക്കിങ് പ്രതിരോധത്തിന്റെ സിദ്ധാന്തം. എതിരാളികളെ ഒരു തരത്തിലും സ്കോർ ചെയ്യാൻ അനുവദിക്കാത്ത, സ്വന്തം അക്കൗണ്ടിലേയ്ക്കു ഗോളും തേടാത്ത ശുദ്ധപിന്തിരിപ്പൻ ഏർപ്പാട്. 4–5–1 എന്ന മട്ടിലുള്ളൊരു ഫോർമേഷനിൽ നാലു കളിക്കാർ വീതം നിരക്കുന്ന ഇരട്ട പ്രതിരോധനിരയിലാകും ടീമുകൾ സാധാരണ ബസ് പാർക്കിങ്ങിനു ശ്രമിക്കുക. എതിർ ടീം മുന്നേറുമ്പോൾ ഗോളിക്കു പിന്തുണയുമായി മിക്കവാറും ഒൻപതും പത്തും താരങ്ങൾ സ്വന്തം ബോക്സിൽ നിറയും. പോസ്റ്റിനു മുന്നിൽ ഒരു ബസ് പാർക്ക് ചെയ്യുന്ന സ്ഥിതിയെന്നു ചുരുക്കം.
സാങ്കേതികമായി പറഞ്ഞാൽ, എതിരാളികൾ പന്തുമായി സ്വന്തം ഹാഫിലേയ്ക്കു മുന്നേറുന്ന സമയത്തു സെൻട്രൽ ഡിഫൻസിൽ കളിക്കുന്ന രണ്ടു പേർക്കും ഇടതു – വലതു വിങ് ബാക്കുകൾക്കും പുറമേ മധ്യനിരക്കാർ കൂടി പ്രതിരോധത്തിലെ ഭാഗമാകും. വിങ് ബാക്കുകൾ കൂടി സെൻട്രൽ ഡിഫൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നോട്ടിറങ്ങി ചെല്ലുന്ന വിങ്ങർമാർ ഫുൾ ബാക്കുകളായി നിരക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ മറ്റു മിഡ്ഫീൽഡർമാരും ഡിഫൻസീവ് റോളിലേയ്ക്കു മാറുന്നുണ്ട്. പ്രതിരോധത്തിലെ ‘ആൾക്കൂട്ടം’ പാസിങ് ഇടനാഴികളെല്ലാം അടച്ച് എതിരാളികളുടെ വഴിമുടക്കും. മുന്നേറ്റനിരയിൽ എത്ര കൊലകൊമ്പൻമാരുണ്ടെങ്കിലും ഗോൾ‌ വീഴാൻ ഭാഗ്യം അതിന്റെ സർവപ്രഭാവവും സംഭരിച്ചെത്തേണ്ടിവരും. കസാനിൽ ഇറാനെതിരെ സ്പെയിൻ വിജയഗോൾ നേടിയത് അത്തരമൊരു സന്ദർഭത്തിലൂടെയാണ്. ഇറാൻ പ്രതിരോധക്കാരൻ റാമിൻ റസേയൻ തട്ടിയകറ്റിയ പന്ത് ഡിയാഗോ കോസ്റ്റയുടെ കാലിൽ തട്ടി ഗോളിൽ കയറി. കോസ്റ്റ പോലും അറിയാതൊരു ഗോൾ !

∙ യൂറോ കപ്പിലെ കുറ്റവാളി
ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടങ്ങൾ ഏറെ പിറന്ന വേദികളാണ് ലോകകപ്പും യൂറോ കപ്പുമെല്ലാം. കറ തീർന്ന അട്ടിമറികളും ചങ്കുറപ്പിന്റെ സമനിലകളും ടൂർണമെന്റിന്റെ തിളക്കങ്ങളായാണ് ലോകം ആഘോഷിച്ചതും. സ്വന്തം ബോക്സിൽ ആളെക്കൂട്ടി ഗോളിലേയ്ക്കുള്ള വഴി മുടക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയല്ലായിരുന്നു ആ ടീമുകളുടെ നീക്കങ്ങൾ. ബസ് പാർക്കിങ് ഇതിനു നേരെ വിപരീതമാണ്. രണ്ടു വർഷം മുൻപു ഫ്രാൻസ് വേദിയായ യൂറോ കപ്പ് ടൂർണമെന്റോടെയാണു പാർക്ക് ദ് ബസ് പ്രധാന ടൂർണമെന്റുകളിലും പയറ്റിത്തുടങ്ങിയത്. ഐസ്‌ലൻ‌ഡും സ്ലൊവാക്യയും നയിച്ച ‘നെഗറ്റീവ്’ തന്ത്രം യൂറോയുടെ നിറംകെടുത്തിയെന്നു അന്നു പരക്കേ ആരോപണമുയർന്നിരുന്നു. പോർചുഗലിനെതിരെ ഒൻപതു പേരെ പ്രതിരോധ ദൗത്യത്തിൽ നിയോഗിച്ചാണ് ഐസ്‌ലൻഡ് സമനില പിടിച്ചത്. സ്ലൊവാക്യ ഇംഗ്ലണ്ടിനെതിരെ ഒരുപടി കൂടി കടന്ന പ്രതിരോധത്തിനു ഒരുമ്പെട്ടു.

‘ഐസ്‌ലൻഡ് അവരുടെ ഗോൾ വലയ്ക്കു മുന്നിൽ ബസ് ഇറക്കി. ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരുന്നു. ജയിക്കാൻ ഐസ്‌ലൻഡ് ഒന്നും ചെയ്തില്ല. പ്രതിരോധം , പ്രതിരോധം, പ്രതിരോധം മാത്രം. ഇത് നിരാശയുണ്ടാക്കുന്നു ’ – സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതാണ് ഈ വിമർശനം. യൂറോ കപ്പിലെ പോരാട്ടത്തിൽ ഐസ്‌ലൻഡിനെതിരെ സമനില വഴങ്ങിയതിന്റെ നിരാശയിലായിരുന്നു പോർചുഗീസ് ആക്രമണത്തെ മുന്നിൽ നിന്നു നയിച്ച റൊണാൾഡോയുടെ കുറ്റപ്പെടുത്തൽ. ഒറ്റപ്പെട്ടതല്ല ഈ വിമർശനം. ബസ് പാർക്കിങ് ഫുട്ബോളിന്റെ രസം കെടുത്തുകയാണെന്ന പരസ്യവിമർശനവുമായി ജർമനിയുടെ നായകനായ മാനുവൽ ന്യൂയറും രംഗത്തു വന്നിരുന്നു.

Jose Mourinho

ലോകം മുഴുവൻ കാണുന്ന ടൂർണമെന്റിൽ വിജയം പോലെ തന്നെ കൈയടി സമ്മാനിക്കുന്നുണ്ട് സമനിലകൾ. ലോകകപ്പ് പ്രവേശനം തന്നെ അംഗീകാരമായി കണക്കാക്കുന്ന ടീമുകൾക്ക് ലീഗ് മൽസരങ്ങളിലെ ഒരു ഗോളില്ലാ സമനില പോലും സ്വപ്നസമാനമാകും. അതാണു പേരും പെരുമയുമുള്ള ടീമുകൾക്കെതിരെ കുഞ്ഞൻ ടീമുകൾ പിടിവള്ളിയെന്നോണം ബസ് മാർഗം സ്വീകരിക്കാൻ കാരണം. കറ തീർന്ന പ്രതിരോധ താരങ്ങളുടെ മിടുക്ക് മാത്രം കൈമുതലാക്കി ഇറ്റലി നടത്തിയ കാവൽ വിപ്ലവമാണ് മുൻപു ലോകകപ്പിലെ ശ്രദ്ധേയചെറുത്തുനിൽപ്പ്. ഇറ്റലിയുടെ ആ ‘പോസിറ്റീവ്’ ഡിഫൻസിനെ പോലും കുറ്റക്കാരായി കണ്ടവരായിരുന്നു ഫുട്ബോൾ ആരാധകരിലേറെയും. ആ സ്ഥാനത്താണു ടാക്ലിങ്ങോ, ഇന്റർസെപ്ഷനോ പോലെ ഒരു തരത്തിലുള്ള വൈദഗ്ധ്യവും അവകാശപ്പെടാനില്ലാത്ത ആൾക്കൂട്ടത്തിന്റെ ‘ബോക്സ് മിടുക്ക്’ എന്നു മാത്രം പറയാനാകുന്ന പാർക്കിങ് ദ് ബസ് സംശയലേശമന്യേ കുറ്റവാളിയാകുന്നത്.

∙ ലീഗുകളിലെ ബസ് പാർക്കിങ്
ഇംഗ്ലിഷ് ലീഗുകളിലും മറ്റും തരംതാഴ്ത്തപ്പെടൽ ഭീഷണി നേരിടുന്ന ചെറു ടീമുകൾ ക്ലീൻ ഷീറ്റും അതുവഴി വിലപ്പെട്ടൊരു പോയിന്റും എന്ന ലക്ഷ്യത്തോടെ സ്വീകരിച്ചുപോന്നതാണ് ഗോൾ തേടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കു മുൻഗണന നൽകാത്ത ഈ പ്രതിരോധതന്ത്രം. സ്റ്റോക്ക് സിറ്റി പോലുള്ള കുഞ്ഞൻ ക്ലബുകളാണ് ഇതിന്റെ ആദ്യകാലവക്താക്കൾ. ടീമിലെ പത്തു പേരും ബോക്സിൽ നിലയുറപ്പിച്ച് എതിരാളികളുടെ വഴി തടയുന്ന ഏർപ്പാടിനെ മുൻനിര ടീമുകളുടെ തന്ത്രമാക്കിയത് ഹോസെ മൗറീഞ്ഞോയാണ്. ചെൽസിയിലും പിന്നീടു മാഞ്ചസ്റ്റർ യുണൈറ്റഡിലുമായി പോർചുഗീസ് മാനേജർ ഈ തന്ത്രം പലകുറി പരീക്ഷിച്ചു. ഇറ്റലിയിലെ മിലാൻ ക്ലബുകളും സ്പെയിനിലെ അത്‌ലറ്റിക്കോ മഡ്രിഡുമെല്ലാം ഈ തന്ത്രത്തിനു പിന്നാലെ പോയ പ്രമുഖരാണ്.

കടുത്ത വിമർശനങ്ങളുെടയും പരിഹാസങ്ങളുടെയും നടുവിൽ നിന്നാണു മൗറീഞ്ഞോയെന്ന തന്ത്രശാലി ഈ നെഗറ്റീവ് അടവിനു സൂപ്പർ പരിവേഷം സമ്മാനിച്ചത്. ഇപിഎല്ലിൽ മാത്രമല്ല, യുവേഫ ചാംപ്യൻസ് ലീഗിൽ ബാർസിലോന ഉൾപ്പെടെയുള്ള മുൻനിര ടീമുകളെയും ബസ് പാർക്കിങ്ങിലൂടെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് മൗറീഞ്ഞോ. എന്തു സംഭവിച്ചാലും ഗോൾ വഴങ്ങുകയില്ല എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രയോഗിക്കുന്ന ബസ് പാർക്കിങ്ങിന് ആ പേരു വീഴാൻ കാരണവും മൗറീഞ്ഞോയാണ്. സ്റ്റാംഫോ‍ഡ് ബ്രിജിൽ കരുത്തരായ ചെൽസിക്കെതിരെ പിടിച്ചുനിൽക്കാൻ ടോട്ടനം ഹോട്‌സ്പർ പുറത്തെടുത്ത അതിരുവിട്ട പ്രതിരോധത്തെ വിമർശിക്കുന്നതിനിടയിലാണു മൗറീഞ്ഞോ ‘അവർ ഗോൾമുഖത്തൊരു ബസ് പാർക്ക് ചെയ്തെന്നു’ പരിഹസിച്ചത്. ആ മൗറീഞ്ഞോ തന്നെ പിന്നീട് ഈ മാർഗം ഒരു ഉപാസന പോലെ ചെൽസിയിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും പ്രയോഗിക്കുന്നുവെന്നത് വേറെ കാര്യം.

∙ ചെൽസി അൺലിമിറ്റഡ് സ്റ്റോപ്പ് !
2013 ലെ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഓൾഡ് ട്രാഫോഡിൽ എവേ മൽസരം കളിക്കാനെത്തിയ മൗറീഞ്ഞോയുടെ ചെൽസി സ്വീകരിച്ച തന്ത്രമാണു പാർക്ക് ദ് ബസിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടൊരു അവതാരം. ചെൽസി ഗോൾ വലയ്ക്കു മുന്നിൽ ‘മിനി ബസ്’ എന്നൊക്കെ വിശേഷിപ്പിച്ചാലും തെറ്റില്ലാത്ത പീറ്റർ ചെക്കും പ്രതിരോധത്തിൽ ജോൺ ടെറിയും ഗാരി കാഹിലും ബ്രാനിസ്ലാവ് ഇവാനോവിച്ചും ആഷ്‌ലി കോളും പോലെ കട്ടയ്ക്കു നിൽക്കുന്ന നാലു വമ്പൻമാരും നിരന്നിട്ടും മൗറീഞ്ഞോയ്ക്ക് അത്ര വിശ്വാസം വന്നില്ല. അത്രയ്ക്കുണ്ടായിരുന്നു മാഞ്ചസ്റ്ററിന്റെ ആക്രമണഭീഷണി. ഒരു ഫോർവേഡിനെപ്പോലും കളത്തിൽ ഇറക്കാതെ ബസിൽ കയറിയ മൗറീഞ്ഞോ അന്നു വിങ് ബാക്ക് റോളിൽ അവതരിപ്പിച്ച താരങ്ങളെ കാണുക– ഈ ലോകകപ്പിൽ ബെൽജിയത്തിന്റെ മുന്നേറ്റത്തിലെ കുന്തമുനകളായ കെവിൻ ഡീബ്രൂയ്നെയും ഏദൻ ഹസാർഡും !

ഡിഫൻസീവ് മിഡ്ഫീൽഡർ റോളിൽ റാമിറസിനെയും പിന്നോട്ടിറക്കിയാണ് മൗറീഞ്ഞോ ഫോർമേഷൻ വരച്ചത്. മധ്യത്തിൽ ഫ്രാങ്ക് ലാംപാർഡും ബ്രസീൽ താരം ഓസ്കറും മാത്രം. മുന്നേറാനാണോ ഡീപ് ലൈനിൽ പിന്നോട്ടു നീങ്ങാനാണോ അവർക്കു കിട്ടിയിരുന്ന നിർദേശം എന്നതു ചെൽസിക്കാർക്കു മാത്രം അറിയാവുന്ന രഹസ്യം. റൊമേലു ലുക്കാക്കുവും ഫെർണാൻഡോ ടോറസും പോലുള്ള ഉശിരൻ ഫോർവേഡുകളെ പുറത്തിരുത്തിയ മൗറീഞ്ഞോ മുൻനിരയിൽ കാഴ്ചക്കാരന്റെ റോളിൽ ജർമൻ താരം ആന്ദ്രേ ഷൂറിലിനെ മാത്രം ഇറക്കി. റോബിൻ‌ വാൻേപഴ്സിയും വെയ്ൺ റൂണിയും ഡാനി വെൽബക്കും ഓൾഡ് ട്രാഫോഡിലെ മുക്കാൽ ലക്ഷം കാണികളും ചേർന്നിട്ടും ചെൽസിയുടെ ‘ബസ്’ ഒന്നനക്കാൻ പോലും മാഞ്ചസ്റ്ററിനായില്ല. ഫലം 0–0. അതികായർ നിരന്നിട്ടും ആതിഥേയരുടെ ഷോട്ട് ഓൺ ടാർഗറ്റ് വെറും മൂന്നിലൊതുങ്ങി. അതിലൊന്നു പോലും ഗോൾ എന്നുറച്ച ഷോട്ടുകളുമായിരുന്നില്ല. എന്നാൽ ക്ലിയറൻസുകളുടെ ചാകര കണ്ടു ആ മൽസരത്തിൽ. രണ്ടു ടീമുകളിലുമായി പിറന്നത് 61 ക്ലിയറൻസുകൾ !

∙ കുറ്റമല്ല പ്രതിരോധം
പ്രതിരോധം കളിയിലെ അവിഭാജ്യഘടകം തന്നെ. പ്രതിരോധത്തിന്റെ പിടിപ്പുകേട് ടീമിന്റെ തോൽവിയാകും. അതേസമയം പ്രതിരോധത്തിൽ ശ്രദ്ധിക്കുന്ന ടീമുകൾക്കു കൈയടിക്കാൻ ആരും ഉണ്ടാവുകയുമില്ല. ഇറ്റലി തന്നെ പ്രതിരോധത്തിന്റെ അവസാനവാക്ക്. വിരസമെന്ന കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇറ്റാലിയൻ പ്രതിരോധ ഭടൻമാരുടെ പ്രയത്നത്തെ സ്റ്റാൻഡിങ് ക്ലാപ്പുകളുമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ലോകമെങ്ങുമുള്ള ആരാധകർ. ഇറ്റലി സമ്മാനിച്ച കാറ്റനാച്ചിയോ പോലുള്ള ക്ലാസ് പ്രതിരോധ തന്ത്രങ്ങൾക്കു മുന്നിൽ പാർക്ക് ദ് ബസൊന്നും ഒന്നുമല്ല. കാറ്റനാച്ചിയോ ശൈലിയിൽ എതിരാളികളെ പ്രതിരോധത്തിന്റെ മണിചിത്രത്താഴിട്ടു പൂട്ടുമ്പോഴും മിന്നൽപ്പിണറായുള്ള ഗോളുകൾ കൊണ്ടു ത്രസിപ്പിച്ചിട്ടുണ്ട് ഇറ്റാലിയൻ ദേശീയ ടീമും, യുവന്റസും എസി മിലാനും പോലുള്ള സീരി എ ക്ലബുകളും. ബറേസിയും മാൾഡീനിയും തുടങ്ങി കന്നവാരോയും ബൊന്നൂചിയും വരെയുള്ള ഇറ്റാലിയൻ ഡിഫൻഡേഴ്സിനു മുന്നിൽ ആരാധകരും അസൂയക്കാരുമെന്ന മട്ടിൽ ലോകം രണ്ടു തട്ടാകുകയായിരുന്നു.

ഫുട്ബോളിലെ ഏറ്റവും മികച്ച മൽസരത്തിന്റെ ഫലം 0–0 എന്നാതാകുമെന്നു വിശേഷിപ്പിച്ചത് ഇറ്റലിയുടെ വിഖ്യാത കളിയെഴുത്തുകാരൻ ജിയാനി ബ്രേറയാണ്. പ്രതിരോധ ഫുട്ബോളിന്റെ ആപ്തവാക്യം തന്നെയാണ് ഈ വാക്കുകൾ. രണ്ടു ടീമും ഗോളടിക്കാൻ പൊരിഞ്ഞ പോരാട്ടം തന്നെ നടത്തിയിട്ടുണ്ടാകും. പക്ഷേ പ്രതിരോധവും തല ഉയർത്തി നിന്നതോടെ ഗോൾ സ്കോറിങ് അസാധ്യമായി. ഫുട്ബോളിനെ സംബന്ധിച്ച് ഇതാണ് ‘പെർഫെക്ട്’ മൽസരം. അതായത്, എല്ലാ മേഖലകളും തല ഉയർത്തിനിൽക്കുന്ന മൽസരം. ഇടതടവില്ലാത്ത മുന്നേറ്റം, കിടയറ്റ പ്രതിരോധം– ഇതു രണ്ടും പൂർണപ്രഭാവത്തോടെ കളത്തിൽ നിറയുമ്പോൾ ഗോളില്ലേയൊന്ന് ഒരു കാഴ്ചക്കാരനും വിമർശിക്കാൻ വരില്ല.