Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യൻ ലോകകപ്പ് അഥവാ ഇംഗ്ലിഷ് പ്രീമിയർ ലീഗ്; റയലും ബാർസയും കാണുന്നുണ്ടോ?

എ.ഹരിപ്രസാദ്
epl-vs-laliga ലോകകപ്പിൽ കളിക്കുന്ന തങ്ങളുടെ താരങ്ങളെ വച്ച് വിവിധ ക്ലബ്ബുകൾ ട്വീറ്റ് ചെയ്ത ചിത്രങ്ങൾ. റൊണാൾഡോ, മെസ്സി എന്നിവരെ ചേർത്തുവച്ച് പ്രചരിക്കുന്ന ചിത്രമാണ് ഒടുവിലുള്ളത്..

സ്പാനിഷ് ലാലിഗയെയും ജർമൻ ബുന്ദസ്‌ലീഗയെയും ഇറ്റാലിയൻ സീരി എയെയും പിന്തള്ളി ലോകകപ്പിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് തരംഗം. റഷ്യയുടെ ലോകകപ്പ് യൂറോകപ്പ് ആയി മാറുമ്പോൾ തിളക്കം ഇംഗ്ലിഷ് ക്ലബുകൾക്കാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നിന്നു 41 താരങ്ങൾ ലോകകപ്പിന്റെ കലാശപ്പോരാട്ടങ്ങൾക്കു തയാറെടുക്കുന്നു.

മുപ്പത്തിരണ്ടു ടീമുകളിൽ നിന്നുള്ള 736 താരങ്ങളുമായി പോരാട്ടം തുടങ്ങിയ ടൂർണമെന്റ് നാലു ടീമും 92 കളിക്കാരുമായി ചുരുങ്ങുമ്പോഴാണു  പകുതിയോളം താരങ്ങളുമായുള്ള ഇംഗ്ലിഷ് ലീഗിന്റെ തിളക്കം. മാഞ്ചസ്റ്റർ ടീമുകളും ചെൽസിയും ടോട്ടനവും പോലുള്ള ഇപിഎല്ലിലെ വമ്പൻ ടീമുകളിൽ നിന്നു മാത്രമായി 30 താരങ്ങൾ ലോകകിരീടം തേടുന്നുണ്ട്.

യൂറോപ്യൻ ലീഗുകളിലെ സൂപ്പർ സംഘങ്ങളായ റയൽ മഡ്രിഡിനെയും എഫ്സി ബാർസിലോനയെയും ബയേൺ മ്യൂണിച്ചിനെയും യുവന്റസിനെയുമെല്ലാം പിന്നിലാക്കിയാണു ഇംഗ്ലിഷ് ടീമുകളുടെ പടയോട്ടം. തദ്ദേശ ലീഗിൽ കളിക്കുന്ന താരങ്ങളെ മാത്രം അണിനിരത്തിയെത്തിയ ഇംഗ്ലണ്ട് ടീമിന്റെ മുന്നേറ്റത്തിലൂടെ മാത്രമല്ല പ്രീമിയർ ലീഗിന്റെ ഈ നേട്ടം.

ഫ്രാൻസും ബൽജിയവും പോലുള്ള ടീമുകളിലും ഇംഗ്ലിഷ് ലീഗ് താരങ്ങളുടെ ആഘോഷമാണ്. ഫ്രാൻസ് സെമിഫൈനലിന് ഇറങ്ങുന്നുണ്ടെങ്കിലും ഫ്രഞ്ച് ലീഗിലെ പണച്ചാക്കുകളായ പാരീസ് സെന്റ്ജർമെയ്ൻ (പിഎസ്ജി) താരങ്ങളെ തേടിയാൽ നിരാശയാകും ഫലം. റെഡ് ഡെവിൾസ് റഷ്യയിൽ അദ്ഭുതക്കുതിപ്പ് നടത്തുമ്പോഴും ബൽജിയം ക്ലബുകളിൽ നിന്ന് ഒരാൾ മാത്രമേ ആ ടീമിൽ ഇടംനേടിയിട്ടുള്ളൂ. അതേസമയം, ലോകത്തേറ്റവും താരത്തിളക്കമാർന്ന ലീഗ് എന്ന അവകാശവാദം ഉറപ്പിച്ച് ഇംഗ്ലിഷ് ലീഗിൽ നിന്ന് പതിനാറു താരങ്ങൾ ബൽജിയത്തിനു വേണ്ടി കളിക്കുന്നു. 

∙ ടോട്ടനം ഹോട്സ്റ്റാർസ്

സെമിഫൈനലിനൊരുങ്ങുന്ന ലോകകപ്പിൽ ക്ലബ് എന്ന നിലയിൽ ടോട്ടനം ഹോട്സ്പറിന്റെ താരങ്ങൾക്കാണ് മുൻതൂക്കം. ഒൻപതു താരങ്ങളാണു ഹോട്സ്പറിന്റെ തിളക്കമേറ്റി റഷ്യയിൽ കലാശപ്പോരാട്ടങ്ങൾക്കിറങ്ങുന്നത്. ഇതിൽ അ‍ഞ്ചും ഇംഗ്ലണ്ടിന്റെ സ്വപ്നസംഘത്തിലെ അംഗങ്ങൾ. ഇംഗ്ലിഷ് നായകൻ ഹാരി കെയ്ൻ തന്നെ പഴയ വൈറ്റ്ഹാർട് ലെയ്ൻ ടീമിന്റെ ചങ്ക്. ‍ക്വാർട്ടറിൽ സ്വീഡനെതിരെ ടീമിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടിയ ദെലെ അലിയും മധ്യത്തിൽ തകർത്തു കളിക്കുന്ന കീറൺ ട്രിപ്പിയറും എറിക് ഡയറും ഡാനി റോസും കൂടി ചേരുന്നതാണ് ത്രീ ലയൺസിലെ ടോട്ടനം ഹോട്ട്സ്റ്റാർസ്.

ഫ്രാൻസിന്റെ വിസ്മയക്കുതിപ്പിന്റെ  കാവലാളായ ഹ്യൂഗോ ല്ലോറിസിന്റെ വിലാസം ഹോട്സ്പറിലാണ്. ബൽജിയത്തിന്റെ റെഡ് ഡെവിൾസ് സംഘത്തിലുമുണ്ട് മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീമിൽ നിന്നുള്ള മൂന്ന് താരങ്ങൾ‌. ബൽജിയം പ്രതിരോധത്തിലെ ആണിക്കല്ലായി മാറിയ ടോബി ആൽഡെർവെയ്റെൾഡും യാൻ വെർട്ടോംഗെനും മൗസ ഡെംബെലെയുമാണ് ആ താരങ്ങൾ. 

∙ മാഞ്ചസ്റ്റർ ടീംസ് യുണൈറ്റഡ്

ലുഷ്നിക്കി സ്റ്റേഡിയത്തിൽ ലോകകപ്പിനു തുടക്കം കുറിക്കുമ്പോൾ പതിനാറു ‘പ്രതിനിധി’കളുമായി മാഞ്ചസ്റ്റർ സിറ്റിയായിരുന്നു ക്ലബുകളുടെ പട്ടികയിൽ തലപ്പത്ത്. ലോകകപ്പ് സെമിഫൈനലിലെത്തുമ്പോൾ സിറ്റിയുടെ പ്രാതിനിധ്യം പകുതിയിലേറെയായി കുറഞ്ഞു. നാല് ഇംഗ്ലിഷ് താരങ്ങളുൾപ്പെടെ ഏഴു ‘സിറ്റിസൺസ്’ റഷ്യയിൽ അവശേഷിക്കുന്നു. റഹീം സ്െറ്റർലിങ്, ജോൺ സ്റ്റോൺസ്, കൈൽ വാൽക്കർ, ഫാബിയൻ ഡെൽഫ് എന്നിവരാണ് പെപ് ഗ്വാർഡിയോളയുടെ ശിഷ്യരായി സൗത്ത്ഗേറ്റിന്റെ സംഘത്തിലുള്ളത്. ബൽജിയത്തിന്റെ മിഡ്ഫീൽഡ് മജീഷ്യൻ കെവിൻ ഡി ബ്രൂയ്നെയും സെന്റർ ബാക്ക് വിൻസന്റ് കോംപനിയും സിറ്റിയുടെ പ്രഭാവം വിളിച്ചോതി കളത്തിൽ നിറയുമ്പോൾ പ്രതിരോധതാരം ബെഞ്ചമിൻ മെൻഡി ഫ്രാൻസിന്റെ കൂടാരത്തിൽ അവസരം തേടുന്നു. 

സെമിഫൈനൽ ലൈനപ്പിൽ ഏഴു പേരുമായി മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം തന്നെയുണ്ട് നിതാന്തവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ലോകകപ്പ് തുടങ്ങുമ്പോൾ 12 താരങ്ങൾ അവകാശപ്പെടാനുണ്ടായിരുന്ന യുണൈറ്റഡിന് ഇംഗ്ലിഷ് ടീമിലും സിറ്റിക്കൊപ്പം തന്നെയാണു സ്ഥാനം – നാലു പേർ വീതം. മുന്നേറ്റത്തിലെ തിളക്കമായ ജെസ്സി ലിംഗാർഡും  ആഷ്‌ലി ‌യങ്ങും മാർക്കസ് റാഷ്ഫോ‍ഡും ഫിൽ ജോൺസുമാണ് ഓൾഡ്ട്രാഫോഡിൽ നിന്നു ടീം ഇംഗ്ലണ്ടിനു വേണ്ടി ലോകവേദിയിൽ കളിക്കുന്നവർ.

ഗോളടിയന്ത്രം റൊമേലു ലുക്കാക്കുവും ഫോമിലേയ്ക്കു തിരിച്ചെത്തിയ മിഡ്‌ഫീൽഡർ മൗറെയ്‌ൻ ഫെല്ലെയ്നിയും മാഞ്ചസ്റ്ററിന്റെ ചുവപ്പിൽ നിന്നു ബെൽജിയത്തിന്റെ ചുവപ്പ് അണിഞ്ഞു റഷ്യയിൽ കരുത്ത് തെളിയിക്കുന്നുണ്ട്. ഹോസെ മൗറീഞ്ഞോയുടെ തുരുപ്പുചീട്ടായ ഫ്രഞ്ച് മിഡ്‌ഫീൽ‍ഡർ പോൾ പോഗ്ബ കൂടി ചേരുന്നതോടെ ലോകകപ്പിലെ മാഞ്ചസ്റ്റർ നിര പൂർണമാകും. 

∙ ചെൽസി ഷൈനിങ്

മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും പോലെ ചെൽസിക്കുമുണ്ട് റഷ്യൻ ലോകകപ്പിൽ ഏഴു താരങ്ങൾ.  ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ശക്തരായ സംഘമായിട്ടും ഇംഗ്ലിഷ് ടീമിൽ രണ്ടു ചെൽസി താരങ്ങളെ ഇടംനേടിയിട്ടുള്ളൂ– ഗാരി കാഹിലും റൂബൻ ലോഫ്റ്റസ്–ചീക്കും. ലോകകപ്പിൽ കറുത്ത കുതിരകളായെത്തി കിരീടം തേടുന്ന ബൽജിയം പടയിലാണു ചെൽസിയുടെ നക്ഷത്രപ്പകിട്ട്.

ചുവന്ന ചെകുത്താൻമാരുടെ വജ്രായുധമായി മാറിയ ഏഡൻ ഹസാഡും വലയ്ക്കു കീഴിൽ അദ്ഭുതം തീർക്കുന്ന തിബോ കോർട്ടോയും റഷ്യൻ മൈതാനങ്ങളിൽ സ്റ്റാംഫഡ്ബ്രിജിന്റെ അഭിമാനമാണ്. പകരക്കാരനായെത്തുന്ന മിഷി ബാത്‌ഷ്വായിയും ബൽജിയം ടീമിലെ ചെൽസി സാന്നിധ്യമാണ്. ദെഷാമിന്റെ ഫ്രഞ്ച് പടയിലുമുണ്ട് അന്റോണിയോ കോന്റെയുടെ ഉശിരൻ താരങ്ങൾ – മധ്യത്തിലെ ഊർജസാന്നിധ്യമായ എംഗോളോ കാന്റെയും സ്ട്രൈക്കർ ഒളിവിയർ ജിറൂദും. 

∙ ഇമ്മ്ണി മൈനർ ലീഗ്സ് !

ഇംഗ്ലണ്ടിനു പുറത്തു നിന്നുള്ള പ്രമുഖ ക്ലബുകളിൽ നിന്നുള്ള താരങ്ങളെ തേടിയാൽ വിരലിൽ എണ്ണാവുന്ന ഉത്തരമേ ലഭിക്കൂ. ബാർസിലോനയിൽ നിന്നു നാലു താരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ  റയലിന്റെയും യുവന്റസിന്റെയും മൂന്നു വീതം കളിക്കാർക്കു ലോകകപ്പ് ബാക്കിയുണ്ട്. 14 താരങ്ങളുമായി ലോകകപ്പ് തുടങ്ങിയ ബാർസയിൽ നിന്നു റാകിടിച്ചും ഉംറ്റിറ്റിയും ഡെംബെലെയും വെർമലനുമാണു റഷ്യയിൽ തുടരുന്നത്.

മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം (15) ഉണ്ടായിരുന്ന റയൽ മഡ്രിഡിനാണു കനത്ത തിരിച്ചടിയേറ്റത്. ലൂക്ക മോഡ്രിച്ചും മറ്റിയോ കൊവാസിച്ചും റഫേൽ വരാനും മാത്രമാണ് യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളുടെ നിരയിൽ അവശേഷിക്കുന്ന താരങ്ങൾ.

ഫ്രഞ്ച് ലീഗിലെ പിഎസ്ജിയുടെ നാലു താരങ്ങളും (എംബപ്പേ, മ്യൂണിയർ, എരിയോള, കിംപെംബേ) റഷ്യയിലുണ്ട്. ജർമനിയുടെ വിഖ്യാത ക്ലബ് ബയേൺ മ്യൂണിച്ചിനു കളിക്കുന്ന ഒരാൾ മാത്രമേ ലുഷ്നിക്കിയിലെ കലാശപ്പോരാട്ടം സ്വപ്നം കാണുന്നുള്ളൂ.