Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് ടീമിൽ 23ൽ 15 ആഫ്രിക്കൻ വംശജർ; കാണാതെ പോകരുത്, ആഫ്രിക്കൻ വിയർപ്പ്!

എ.ഹരിപ്രസാദ്
France-Africa

ആഫ്രിക്കൻ സിംഹങ്ങളുടെ ഗർജനം കേൾക്കാതെയാണ് ഈ ലോകകപ്പിന് കൊടിയിറങ്ങുന്നത്. ആഫ്രിക്കയെ പ്രതിനിധീകരിച്ചെത്തിയ ഒരു ടീമും നോക്കൗട്ട് ഘട്ടത്തിലേയ്ക്കു പ്രവേശിക്കാതിരുന്നത് റഷ്യ ഒരുക്കുന്ന ഫുട്ബോൾ വിപ്ലവത്തിലെ മങ്ങിയ ഏടുകളിലൊന്നായി. 1982ലെ സ്പാനിഷ് ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ആഫ്രിക്കയിൽ നിന്നൊരു ടീമിന്റെ സാന്നിധ്യമില്ലാതെ നോക്കൗട്ട് പോരാട്ടങ്ങൾ നടന്നത്. പക്ഷേ ഇരുപത്തിയൊന്നാം ലോകകപ്പിൽ നിന്ന് ആഫ്രിക്കയുടെ കൊടിയടയാളം മാഞ്ഞെന്നു പറയുന്നതെങ്ങനെ? ഈജിപ്തും മൊറോക്കോയും നൈജീരിയയും സെനഗലുമെല്ലാം നേരത്തേ വീണുമടങ്ങിയ ലോകകപ്പിൽ ആഫ്രിക്കയുടെ വിലാസം ഉയർത്തിപ്പിടിച്ചൊരു യൂറോപ്യൻ ടീം കുതിക്കുന്നുണ്ട്. ആ കുതിപ്പ് ജൂലൈ 15ന് രാത്രി മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലെ കിരീടവിജയത്തോളമെത്തിയിരിക്കുന്നു!

ആഫ്രിക്കയുടെ പോരാട്ടവീര്യം സിരകളിലോടുന്ന താരങ്ങളിലൂടെയായിരുന്നു റഷ്യൻ ലോകകപ്പിലെ ഫ്രാൻസിന്റെ കുതിപ്പ്. ഇരുപത്തിമൂന്നംഗ ഫ്രഞ്ച് പടയിൽ ആഫ്രിക്കൻ വേരുകളുള്ള താരങ്ങൾ 15 പേരാണ്. ഈ ലോകകപ്പിലെ യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട കിലിയൻ എംബപ്പെ മുതൽ പ്രതിരോധത്തിലെ ഉരുക്കുകോട്ടയായ സാമുവൽ ഉംറ്റിറ്റി വരെ നീളുന്ന ആഫ്രിക്കൻ കരുത്തിലാണു ഫ്രാൻസിന്റെ സ്വപ്നമുന്നേറ്റം.

ദിദിയെ ദെഷാമിന്റെ സംഘത്തിന്റെ മധ്യത്തിലുമുണ്ട് ലോകത്തേതു ടീമും കൊതിക്കുന്ന രണ്ട് ആഫ്രിക്കൻ വംശജർ – എൻഗോളോ കാന്റെയും പോൾ പോഗ്ബയും. കാമറൂണിന്റെയും മാലിയുടെയും കോംഗോയുടെയും സെനഗലിന്റെയും അൾജീരിയയുടെയും മണ്ണിന്റെ മണമുള്ള താരക്കൂട്ടങ്ങൾ നീലപ്പടയിൽ തീർത്ത വിസ്മയം കണ്ട് ലോകം ഇങ്ങനെ പറയുന്നുണ്ടാകും –ദിസ് ടൈം ഫോർ ആഫ്രിക്ക !

എട്ടു വർഷം മുൻപൊരു ലോകകപ്പിന്റെ നാളുകളിൽ ഷക്കീറയുടെ മാന്ത്രികസ്വരത്തിലൂടെ ലോകം മുഴുവൻ അലയടിച്ച ആ വരികൾ റഷ്യൻ മൈതാനങ്ങളിലൂടെ ഒരുവട്ടം കൂടി തിരികെയെത്തുന്നു. ജൂലൈ പതിനഞ്ചിനു മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ലോകം കാൽപന്തിന്റെ പുതിയ ചക്രവർത്തിമാരെ വരവേൽക്കുമ്പോൾ ആഫ്രിക്കയുടെ ലക്ഷ്യവും ആഗ്രഹവും ഫ്രാൻസിന്റെ പടയാളികളുടെ വിജയാരവങ്ങൾക്കൊപ്പമാകും. ഷക്കീറയുടെ ‘വാക്ക, വാക്ക’ വിസ്മയത്തിന്റെ ഈരടികൾക്കൊപ്പം ആഫ്രിക്കയുടെ മനം ഒരു മുദ്രാവാക്യം കൂടി കരുതുന്നുണ്ടാകും – ‘എ ഗോൾ ഫോർ ഓൾ ഓഫ് ആഫ്രിക്ക’.

ആദ്യമായി ആ വൻകരയെത്തേടിയെത്തിയ 2010 ലോകകപ്പിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയിലൂടെ ഒരു ഗോൾ വന്നു വീഴുമ്പോൾ മുഴങ്ങിയ അതേ വാക്കുകൾ. ഫ്രഞ്ച് ജഴ്സിയിൽ ഈ ആഫ്രിക്കൻ വംശജർ നടത്തിയ കുതിപ്പ് കിരീടവിജയത്തിൽ അവസാനിക്കുമ്പോൾ, ആ മികവിനു ഫുട്ബോൾ ലോകം കയ്യടിക്കുന്നു. ഒരു പക്ഷേ ലോകം മുഴുവനും ആഗ്രഹിച്ചിട്ടുണ്ടാകും, അടിച്ചമർത്തപ്പെട്ട ഒരു ജനതയ്ക്കായി ഈ ലക്ഷ്യം.

∙ ഫ്രഞ്ച് പടയിലെ ആഫ്രിക്കൻ പോരാളികൾ

പോൾ പോഗ്ബ 

പ്ലേയിങ് റോൾ: മിഡ്ഫീൽഡർ

∙ ഫ്രഞ്ച് മിഡ്ഫീൽഡിലെ ജനറലായി വാഴുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ ജനനം ഫ്രാൻസിൽ തന്നെ. പോഗ്ബയുടെ മാതാപിതാക്കൾ ഗിനിയയിൽ നിന്നുള്ളവരാണ്. 

എൻഗോളോ കാന്റെ 

പ്ലേയിങ് റോൾ: മിഡ്ഫീൽഡർ

∙മിഡ്ഫീൽഡിലെ പവർഹൗസ് ആയ കാന്റെയുടെ വേരുകൾ മാലിയിലാണ്. ആഫ്രിക്കൻ നേഷൻസ് കപ്പിൽ മാലിക്കു കളിക്കാനുള്ള ക്ഷണം ഉപേക്ഷിച്ചാണ് കാന്റെ ഫ്രാൻസിൽ അവസരം തേടിയത്.

കിലിയൻ എംബപ്പെ 

പ്ലേയിങ് റോൾ: ഫോർവേഡ്

∙ലോകകപ്പോടെ ഫുട്ബോളിലെ പുത്തൻ സെൻസേഷനായി മാറിക്കഴിഞ്ഞു പാരീസ് സെന്റ് ജർമെയ്ന്റെ സൂപ്പർ സ്ട്രൈക്കർ. ഫ്രാൻസിൽ ജനിച്ച എംബപ്പെയുടെ പിതാവ് കാമറൂൺകാരനാണ്. മാതാവ് അൾജീരിയക്കാരിയും. 

ബ്ലെയ്സ് മറ്റ്യൂഡി 

പ്ലേയിങ് റോൾ: മിഡ്ഫീൽഡർ

∙ഫ്രാൻസിന്റെ മിന്നും പ്രകടനത്തിലെ നിർണായക കണ്ണിയായ മറ്റ്യൂഡിയുടെ  പിതാവ് അംഗോളക്കാരനാണ്. മാതാവ് കോംഗോയിൽ നിന്ന്. അംഗോളൻ യുദ്ധകാലത്താണു ഫ്രാൻസിൽ അഭയം തേടിയത്. 

സാമുവൽ ഉംറ്റിറ്റി

പ്ലേയിങ് റോൾ: ഡിഫൻഡർ

∙ ഫ്രാൻസിന്റെ പ്രതിരോധക്കരുത്തായ ഉംറ്റിറ്റിയുടെ ജനനം കാമറൂണിലാണ്. കാമറൂണിനു വേണ്ടി ഉംറ്റിറ്റിയെ കളിപ്പിക്കാൻ സാക്ഷാൽ റോജർ മില്ല പോലും ശ്രമിച്ചിട്ടുണ്ട്.  

ഒസ്മാൻ ഡെംബെലെ 

പ്ലേയിങ് റോൾ: ഫോർവേഡ്

∙ബാർസയുടെ മിന്നും താരത്തിന്റെ ജനനം ഫ്രാൻസിൽ. പിതാവിന്റെ സ്വദേശം മാലി. സെനഗലിൽ വേരുകളുള്ളയാളാണു വിങ്ങുകളിലെ അതിവേഗക്കാരനായ യുവതാരത്തിന്റെ മാതാവ്.  

കോറെന്റിൻ ടോളിസോ 

പ്ലേയിങ് റോൾ: മിഡ്ഫീൽഡർ

∙ടോഗോ ബന്ധങ്ങളുള്ള മിഡ്ഫീൽഡർ. രണ്ടു വർഷം മുൻപ് ടോഗോ ടീമിനു വേണ്ടി കളത്തിലിറങ്ങാനുള്ള ക്ഷണം നിരസിച്ചാണ് ടോളിസോ ഫ്രഞ്ച് ടീമിലെത്തുന്നത്. 

സ്റ്റീവൻ എൻസോൻസി 

പ്ലേയിങ് റോൾ: മിഡ്ഫീൽഡർ

∙സെവിയ്യയ്ക്കു കളിക്കുന്ന എൻസോൻസിയുടെ  വേരുകൾ കോംഗോയിലാണ്. കോംഗോ ടീമിന്റെ ഭാഗമാക്കാനുള്ള ശ്രമം രണ്ടു വട്ടം നിരസിച്ചാണ് ഈ മിഡ്ഫീൽഡർ ഫ്രാൻസിൽ തുടരുന്നത്. 

∙ തോമസ് ലെമർ 

പ്ലേയിങ് റോൾ: മിഡ്ഫീൽഡർ

മൊണാക്കോയുടെ മധ്യത്തിലെ തുരുപ്പുചീട്ടായ ‘മിസ്റ്റർ വെഴ്‍സറ്റൈൽ’ ലെമറിന്റെ ജനനം ഫ്രാൻസിനു  കീഴിലുള്ള കരീബിയൻ ദ്വീപായ ഗ്വാഡെലോപ്പിലാണ്. പക്ഷേ പിതാവിന്റെ തായ്‌വഴികൾ നൈജീരിയയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സ്റ്റീവ് മൻഡാൻഡ

പ്ലേയിങ് റോൾ: ഗോൾകീപ്പർ

∙മാഴ്സെയുടെ ഗോൾ വല കാക്കുന്ന മൻഡാൻഡയുടെ ജന്മദേശം ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി). കൗമാരപ്രായത്തിലാണു  ഫ്രാൻസിലെത്തുന്നത്. 

ആദിൽ റാമി

പ്ലേയിങ് റോൾ: ഡിഫൻഡർ

∙ഫ്രഞ്ച് ക്ലബ് മാർസെയുടെ വിശ്വസ്തനായ പ്രതിരോധക്കാരൻ. ഫ്രഞ്ച് ടീമിൽ പകരക്കാരനായെത്തി കളത്തിൽ നിറയുന്ന റാമിയുടെ മാതാപിതാക്കൾ മൊറോക്കോയിൽ നിന്നുള്ളവരാണ്. 

നബിൽ ഫെകിർ 

പ്ലേയിങ് റോൾ: ഫോർവേഡ്

∙വേരുകൾ അൾജീരിയയിൽ. മൂന്നു വർഷം മുൻപ് അൾജീരിയൻ ദേശീയ ടീമിൽ ഇടംനേടിയ താരമാണ് ഫെകിർ. പക്ഷേ ഫെകിർ കളിക്കാൻ തയാറായില്ല. അൾജീരിയയ്ക്കു വേണ്ടിയുള്ള ക്ഷണം നിരസിച്ചതിനു പിന്നാലെ തന്നെ ഫ്രഞ്ച് ടീമിന്റെ വിളിയെത്തി. 

ജിബ്രിൽ സിഡിബെ 

പ്ലേയിങ് റോൾ: ഡിഫൻഡർ

∙മൊണാക്കോ എഫ്സിയുടെ പ്രതിരോധത്തിലെ ശക്തിദുർഗമാണ് ഇരുപത്തഞ്ചുകാരനായ ഈ ഫുൾബാക്ക്. ജിബ്രിൽ സിഡിബെയുടെ വേരുകൾ മാലിയിലാണ്.

ബെഞ്ചമിൻ മെൻഡി 

പ്ലേയിങ് റോൾ: ഡിഫൻഡർ

∙മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധസേനയിലുള്ള മെൻഡിയുടെ തായ്‌വേര് സെനഗലിൽ. ഫ്രഞ്ച് നിറമണിയാൻ തീരുമാനിച്ച താരം കഴിഞ്ഞ വർഷമാണ് അരങ്ങേറ്റം കുറിച്ചത്. 

പ്രെസ്നെൽ കിംപെബെ 

പ്ലേയിങ് റോൾ: ഡിഫൻഡർ

∙ഫ്രഞ്ച് ലീഗിലെ സൂപ്പർ ക്ലബ് പാരീസ് സെന്റ് ജർമെയ്ന്റെ യുവതുർക്കികളിലൊരാളാണ് ഈ പ്രതിരോധനിരക്കാരൻ. ജനനം ഫ്രാൻസിൽ തന്നെ. തായ്‌വേരുകൾ കോംഗോയിൽ.