ടെൽസ്റ്റാർ ചതിച്ചാശാനേ..

മോസ്കോ∙ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ടെൽസ്റ്റാർ 18 പന്ത് പണി തന്നു തുടങ്ങി. ഫ്രാൻസ് ഓസ്ട്രേലിയ മൽസരത്തിന്റെ 29–ാം മിനിറ്റിൽ ആയിരുന്നു ആദ്യ സംഭവം. ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഹെർണാണ്ടസിനെ ഓസ്ട്രേലിയയുടെ ട്രെന്റ് സെയിൻസ്ബറി വീഴ്ത്തിയപ്പോൾ എല്ലാവരും അമ്പരന്നു, മാച്ച് ബോളിന്റെ കാറ്റു പോയതാണു കാരണം. സെയിൻസ്ബറി കളി മതിയാക്കി റഫറിയെ കാര്യം അറിയിച്ച ശേഷം പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു. അഞ്ചു മിനിറ്റുകൾക്കു ശേഷം ഡെംബെലെ കോ‍ർണർ കിക്ക് എടുക്കാൻ എത്തിയപ്പോൾ ലഭിച്ച പുതിയ പന്തിലും കാറ്റു കുറവായിരുന്നു. പന്തു പുറത്തേക്ക് എറിഞ്ഞു കളഞ്ഞ ഡെംബെലെ പുതിയ പന്തു വാങ്ങിയാണ് കോർണർ എടുത്തത്.

അർജന്റീന– ഐസ്‌ലൻഡ് രണ്ടാം മൽസരത്തിലും ടെൽസ്റ്റാർ 18 പണിമുടക്കി. ആദ്യ പകുതിയിൽ ഫ്രീകിക്ക് എടുക്കുന്നത് തൊട്ടു മുൻപു മെസ്സി പന്തു പരിശോധിച്ചപ്പോഴും പന്തിനു കാറ്റു കുറവായിരുന്നു. മെസ്സി ഫ്രീകിക്കെടുത്തത് പുതിയ പന്തിൽ.