കുട്ടി ആരാധകന്റെ ആഗ്രഹം സാധ്യമാക്കി ക്രിസ്റ്റ്യാനോ; വിഡിയോ വൈറൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനോടൊപ്പം

ലിസ്ബൺ∙ അമ്മയോടൊപ്പം തന്നെ കാണാനെത്തിയ കുട്ടി ആരാധകന് ഉമ്മയും ഓട്ടോ ഗ്രാഫും നൽകി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആദ്യം ക്രിസ്റ്റ്യാനോയെ കാണാനാകാതെ കരയുകയായിരുന്നു കുട്ടി. സുരക്ഷാ പ്രശ്നങ്ങളുള്ളതുകൊണ്ടു ബസില്‍ തന്നെ ഇരിക്കുകയായിരുന്നു താരം. എന്നാൽ കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ ക്രിസ്റ്റ്യാനോയുടെ മനസലിഞ്ഞു. 

ബസിൽ നിന്നും പുറത്തിറങ്ങിയ ക്രിസ്റ്റ്യാനോ കുട്ടി ആരാധകനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. പിന്നീട് പോർച്ചുഗൽ ടീഷര്‍ട്ടിൽ ഓട്ടോഗ്രാഫ് നൽകി. ഒപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനു ശേഷം ബസിലേക്കു തന്നെ താരം കയറിപ്പോയി. സംഭവത്തിന്റെ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി. 

ബുധനാഴ്ച മൊറോക്കോയ്ക്കെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മൽസരം. ആദ്യ പോരാട്ടത്തിൽ കരുത്തരായ സ്പെയിനുമായി പോ‍ർച്ചുഗൽ സമനിലയിൽ പിരി‍ഞ്ഞിരുന്നു. ക്രിസ്റ്റ്യാനോയുടെ ഹാട്രിക് മികവിലായിരുന്നു പോർച്ചുഗലിന്റെ പടയോട്ടം.