ആരാധകർ കൺതുറന്നു കാണൂ, സാംപോളിയുടെ 'മെസ്സി’ ടീം

ലയണൽ മെസ്സിയ്ക്കായി റഷ്യയിൽ രണ്ടു വഴികൾ കാത്തിരിക്കുന്നു. ദുർഘടങ്ങൾ നിറഞ്ഞതാണ് ആദ്യത്തേത്. രണ്ടാമത്തേത് സുഗമവും. രണ്ടു വഴികളും ഇതിഹാസങ്ങളുടെ നിരയിലേയ്ക്കാണ്. ആദ്യവഴി നീങ്ങിയാൽ പെലെയും മറഡോണയും പോലുള്ളവർക്കൊപ്പമെത്തും മെസ്സി. മറിച്ചായാൽ ക്രൈഫും ഡി സ്റ്റെഫാനോയും പോലുള്ളവർക്കൊപ്പവും. ഒരു ലോകകപ്പ് വിജയം വേർതിരിക്കുന്ന ഈ വഴിത്താരകളിൽ മെസ്സി ദുർഘടങ്ങൾ താണ്ടി മുന്നേറുന്നതു കാണാനാണ് ലോകം കാത്തിരിക്കുന്നത്.

ദുർഘടം നിറഞ്ഞ വഴിയിലൂടെയാണ് കോച്ച് ഹോർഗെ സാംപോളിയുടെ ടീം തിരഞ്ഞെടുപ്പും. പരിചയസമ്പത്തും യുവത്വവും ഒരുമിക്കുന്ന സംഘമായിട്ടും പെരുമയ്ക്കു പിന്നാലെ പോകാത്ത ‘അപ്രതീക്ഷിത ടീമിന്റെ’ പേരിൽ കോച്ച് പഴികേട്ടു. മെസ്സിയുടെ ടീമെന്നു കോച്ച് തന്നെ വിശേഷിപ്പിക്കുമ്പോഴും അർജന്റീന സംഘത്തിൽ സാംപോളിയുടെ ഇഷ്ടങ്ങളാണ് ഇടംപിടിച്ചത്. സീരി എ ടോപ്സ്കോററായി തിളങ്ങിയ മൗറോ ഇകാർദിക്കു പോലും ഇടമില്ല ആ ടീമിൽ. എന്നാൽ മെസ്സിക്കൊപ്പം ചേരില്ലെന്നു പലവട്ടം പറഞ്ഞുകേട്ട ഡൈബാലയുടെ പേരുണ്ട്.

മധ്യത്തിലും പ്രതീക്ഷിച്ച ചില പേരുകളുമില്ല ടീമിൽ. പർദേസും പെറോട്ടിയും പെരസുമെല്ലാം അക്കൂട്ടത്തിലുണ്ട്. പ്രതിരോധത്തിലും പ്രവചനങ്ങൾക്കപ്പുറമെത്തി സാംപോളിയുടെ കണക്കുകൂട്ടലുകൾ. എവർട്ടന്റെ ഫ്യൂണസ് മോറിയടക്കമുള്ളവരെ പ്രതീക്ഷിച്ച കാവൽനിരയിൽ ക്രിസ്ത്യൻ അൻസാൽദി പോലുള്ളവരെത്തി. ഇരുപാർശ്വങ്ങളിലും വിനിയോഗിക്കാമെന്ന ഇരട്ട റോളിന്റെ ബലത്തിലാണ് ടോറിനോയ്ക്കു കളിക്കുന്ന അൻസാൽദി ലോകകപ്പിനെത്തുന്നത്. നാലു വർഷത്തിനു ശേഷമാണ് ദേശീയ ടീമിന്റെ കുപ്പായമണിയുന്നതെന്നതും ശ്രദ്ധേയം.

ലാറ്റിനമേരിക്കൻ കരുത്തിന്റെ സമവാക്യങ്ങൾ തല്ലിത്തകർത്ത ചിലെയുടെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ചയാളാണു സാംപോളി. ഹൈ പ്രസിങ് ഗെയിം കെട്ടഴിച്ചു സെവിയ്യ ക്ലബിലും ശോഭിച്ച തന്ത്രജ്ഞൻ. പക്ഷേ അർജന്റീനയ്ക്കൊപ്പം വൈകി മാത്രം ചേർന്ന സാംപോളിക്കു തന്റെ ശൈലിക്കൊപ്പം ടീമിനെ എത്തിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. കോച്ച് പരീക്ഷിച്ച പലരും പ്രാഥമിക സ്ക്വാഡിൽ പോലുമെത്തിയില്ല. ഒടുവിൽ യൂറോപ്പിലുടനീളം സഞ്ചരിച്ച് അർജന്റീന താരങ്ങളെ നേരിൽ കണ്ടായിരുന്നു ഇരുപത്തിമൂന്നംഗ പ്രഖ്യാപനം.

ടീമിലെ മുഖംമാറ്റങ്ങൾ കോച്ചിന്റെ തന്ത്രങ്ങളുടെ ഭാഗമെന്നു വിലയിരുത്തുന്നുണ്ട് ആരാധകർക്കപ്പുറമുള്ള വിദഗ്ധരുടെ കൂട്ടം. ലോകകപ്പ് പരിശീലകരിൽ ഏറ്റവും മികച്ചയാളെന്ന വിശേഷിപ്പിക്കപ്പെടുന്ന സാംപോളിയുടെ സംഘത്തിൽ യൂറോപ്പിൽ കളിച്ച താരങ്ങൾക്കാണു മുൻതൂക്കം. മെസ്സിയിൽ കറങ്ങിത്തിരിയുന്ന ടീമാണ് അർജന്റീനയെന്നു മറ്റാരെക്കാളും മനസിലാക്കിയിട്ടുണ്ടാകും സാംപോളി. മെസ്സി ഇന്നേതു ടീമിൽ കളിച്ചാലും അതുതന്നെയാകും സ്ഥിതി. സ്വാഭാവികമായും ടീമിലെ മുഖ്യായുധം പരമാവധി മൂർച്ചയോടെ പ്രയോഗിക്കാനാകും ഏതൊരു കോച്ച് ശ്രമിക്കുക.

മെസ്സിക്കു സഹായകമാകുന്ന, മെസ്സിയുടെ ശ്രമങ്ങൾ വിജയത്തിലെത്തിക്കുന്നവരെയാകും ടീമിനും ആവശ്യം. നീണ്ട വിശകലനങ്ങൾക്കു ശേഷം ടീമിന്റെ കേളീശൈലിക്കു യോജിച്ച പേരുകളിൽ എത്തിയെന്ന സാംപോളിയുടെ വാക്കുകളിലുണ്ട് വഴിമാറുന്ന അർജന്റീന സ്ട്രാറ്റജി.

ഗെയിം പ്ലാൻ

താരത്തിളക്കത്തിലല്ല വിജയത്തിന്റെ കൂട്ട് – യോഗ്യതാ റൗണ്ടിൽ മുടന്തി നീങ്ങിയ അർജന്റീനയുമായി റഷ്യയിലെത്തുമ്പോൾ ഹോർഗെ സാംപോളിയുടെ മനസ് വ്യക്തമാണ്. തന്റെ ലക്ഷ്യവും അതിനുള്ള മാർഗവും കൃത്യമായി അളന്നുമുറിച്ചാണ് ടീമിലെ ഓരോ സ്ഥാനവും കോച്ച് വരച്ചെടുത്തത്. മെസ്സിക്കു മാത്രമേ ടീമിൽ സ്ഥാനം ഉറപ്പെന്നുള്ള വിലയിരുത്തലുകൾ ഒരുവട്ടം കൂടി ഓർമിക്കുക. ആക്രമിക്കാൻ ഇഷ്ടപ്പെടുന്ന കോച്ച് 4–3–3 ഫോർമേഷൻ തേടും. വലയ്ക്കു കീഴിൽ പരുക്കേറ്റ റൊമേറോയുടെ അഭാവത്തിൽ കാബല്ലെറോ അല്ലെങ്കിൽ ഗുസ്മാൻ എത്തും.

പ്രതിരോധമതിലിൽ മാഞ്ചസ്റ്റർ ടീമുകളിൽ നിന്നെത്തുന്ന ഓട്ടമെൻഡി –റോഹോ ജോടിക്കൊപ്പം എഎസ് റോമ താരം ഫാസിയോയും സെവിയ്യയുടെ മെർക്കാഡോയും. ഡിഫൻസീവ് മിഡ്ഫീൽഡറായി മഷറാനോയെത്തും. കൂട്ടത്തിലിറങ്ങാൻ സെവിയ്യ താരം ബനേഗയ്ക്കും എസി മിലാന്റെ ബിഗ്ലിയയ്ക്കും തന്നെ ആദ്യപരിഗണന. മധ്യത്തിൽ യുവതാരം പാവോണും പിഎസ്‌ജിയുടെ ലോ സെൽസോയും മൽസരിക്കുമ്പോൾ മഷറാനോയുടെ സ്ഥാനത്തിന് അത്ര ഉറപ്പു പോരാ. മുൻനിരയിൽ ഇടതും വലതും വിങ്ങുകളിലായി ഡിമരിയയും മെസ്സിയും ഓട്ടമാറ്റിക് ചോയ്സുകളാകും.

സെന്റർ ഫോർവേഡായി അഗ്യൂറോ തന്നെ. അഗ്യൂറോയും മെസ്സിയും ഹിഗ്വയ്നും ഡൈബാലയുമുള്ള ടീമിൽ ഇകാർദിയുടെ അഭാവമൊരു പ്രശ്നമായി ചൂണ്ടിക്കാട്ടുന്നവരുണ്ടാകും. പക്ഷേ ടീമിന്റെ ആവശ്യം അറിഞ്ഞാണ് ഈ തീരുമാനമെന്നു സാംപോളി പറയുമ്പോൾ തള്ളിക്കളയാനാവില്ല. ഇന്റർ മിലാനു വേണ്ടി ഗോൾ വല ചലിപ്പിച്ച ഇകാർദിയെക്കാൾ ഗുണകരം യുവന്റസിനെ ഇറ്റാലിയൻ ജേതാക്കളാക്കിയ ഡൈബാല– ഹിഗ്വ.യ്ൻ കൂട്ടുകെട്ട് ആകുമെന്ന ലളിതമായ ലോജിക് മാത്രം മതിയാകും കോച്ചിന്റെ തീരുമാനത്തിനൊപ്പം നീങ്ങാൻ. അർജന്റീന താരങ്ങൾക്കിടയിൽ ഇന്റർ താരത്തിനുള്ള പൊരുത്തക്കുറവും ഈ ഒഴിവാക്കലിനു പിന്നിലെ കാരണങ്ങളിലൊന്നാകാം.

ടീം

ഗോൾകീപ്പർമാർ - വിൽഫ്രെഡോ കാബല്ലെറോ (ചെൽസി), ഫ്രാങ്കോ അർമാനി (റിവർപ്ലേറ്റ്), നഹ്യൂൽ ഗുസ്മാൻ (ടൈഗേഴ്സ് യുഎഎൻഎൽ).

ഡിഫൻഡർമാർ - ഗബ്രിയേൽ മെർക്കാഡോ (സെവിയ്യ), ഹവിയർ മഷറാനോ (ഹീബെ ഫോർച്യൂൺ), നിക്കോളാസ് ഒട്ടാമെൻഡി (മാഞ്ചസ്റ്റർ സിറ്റി), ഫ്രെഡെറിക്കോ ഫാസിയോ (എഎസ് റോമ), മാർക്കോസ് റോഹോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), നിക്കോളാസ് ടാഗ്ലിയാഫിക്കോ (അയാക്സ്), മാർകോസ് അകുന (സ്പോർട്ടിങ്), ക്രിസ്ത്യൻ അൻസാൽദി (ടോറിനോ)

മിഡ്ഫീൽഡർമാർ - മാനുവൽ ലാൻസിനി (വെസ്റ്റ് ഹാം), മാക്സിമിലിയാനോ മെസ (ഇൻഡിപെൻഡന്റ്), ലൂക്കാസ് ബിഗ്ലിയ (എസി മിലാൻ), എവർ ബനേഗ (സെവിയ്യ), ജിയോവാനി ലോ സെൽസോ (പിഎസ്ജി), ഏഞ്ചൽ ഡി മരിയ (പിഎസ്ജി), ക്രിസ്ത്യൻ പാവോൺ (ബൊക്ക ജൂനിയേഴ്സ്), എഡ്വേർഡോ സാൽവിയോ (ബെൻഫിക്ക)

ഫോർവേഡുകൾ - ലയണൽ മെസ്സി (ബാർസിലോന) , സെർജിയോ അഗ്യൂറോ (മാഞ്ചസ്റ്റർ സിറ്റി), ഗോൺസാലോ ഹിഗ്വെയ്ൻ (യുവന്റസ്), പൗളോ ഡൈബാല (യുവന്റസ്).

വൺ ടു വാച്ച്

ക്രിസ്ത്യൻ പാവോൺ : കോർഡോബയിൽ നിന്നെത്തുന്ന ഈ പയ്യനെ നോക്കിവച്ചോളൂ. ബൊക്ക ജൂനിയേഴ്സിന്റെ ഇരുപത്തിരണ്ടുകാരൻ പല പ്രവചനങ്ങളും തെറ്റിച്ചാണു റഷ്യയിലെത്തുന്നത്. എതിർ ഗോൾ മുഖത്തു അപകടം വിതയ്ക്കാൻ കെൽപ്പുള്ള ഈ വേഗക്കാരനു ഗോളടിക്കാനറിയാം. ഒന്നാന്തരം അസിസ്റ്റുകളും ഒരുക്കും. ഇടതും വലതും ഒരുപോലെ നോക്കും. യൂറോപ്യൻ ക്ലബുകൾ നോട്ടമിട്ടുകഴിഞ്ഞ പാവോണിന് അർജന്റീന ടീമിലുമുണ്ടൊരു ആരാധകൻ – ലയണൽ മെസ്സി !