ലോകകപ്പ് നിലനിർത്താൻ കരുത്തുറ്റ ടീമുമായി ഒന്നാംനമ്പർ 'ഗർർമനി '

ഒരുകൂട്ടം മിന്നും താരങ്ങളെ യൊക്കിം ലോ എന്ന സൂപ്പർ ചരടു കൊണ്ടൊന്നു കൂട്ടിക്കെട്ടിയാൽ എന്തിനും പോന്ന ജർമൻ ടീമായി. ചാംപ്യൻമാരാണ്, ചരിത്രം ആവർത്തിച്ചാൽ മാത്രം മതി ജർമനിക്ക്. അതിനു കെൽപുള്ള ചങ്കുകളാണ് 27 അംഗ ലോകകപ്പ് സാധ്യതാ ടീം നിറയെ. പരുക്കിന്റെ പിടിയിലായിരുന്ന ഗോൾകീപ്പർ മാനുവൽ ന്യൂയറിനെയും വിങ്ങർ മാർകോ റ്യൂസിനെയും പരിശീലകൻ യൊക്കിം ലോ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ നാലുവർഷം മുൻപ് മാറക്കാനയിൽ കിരീട ഗോൾ നേടിയ മരിയോ ഗോട്‌സെ കളത്തിനു പുറത്തായി.

യോഗ്യതാ മൽസരങ്ങൾ പത്തിൽ പത്തും നേടിയാണ് ടീമിന്റെ വരവ്. കിരീടത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമില്ലെന്നു വ്യക്തം. 43 ഗോളുകൾ നേടിയപ്പോൾ ജർമൻ വല കുലുങ്ങിയത് നാലുവട്ടം മാത്രം. ലോകകപ്പിന്റെ കർട്ടൻ റെയ്സറായ കോൺഫെഡറേഷൻസ് കപ്പിനൊപ്പം ജർമനി ഉയർത്തിയത് ടീമിന്റെ ആത്മവിശ്വാസവുമാണ്. എന്നാൽ സൗഹൃദ മൽസരത്തിൽ ബ്രസീലിനോടേറ്റ തോൽവിയും (1–0), സ്പെയിനിനോടുള്ള സമനിലക്കുരുക്കും (1–1) ആ വിശ്വാസം അമിതമാകരുതെന്ന മുന്നറിയിപ്പ് ചാംപ്യൻമാർക്കു നൽകുന്നു.

അഞ്ചാംവട്ടം വട്ടം ലോകകപ്പ് കരീടം നേടി ബ്രസീലിനൊപ്പം റെക്കോർഡിലെത്താൻ കാത്തിരിക്കുന്ന ജർമൻ ആരാധകർ തലപുകയ്ക്കുന്ന ചോദ്യമിതാണ് – ആരാകും 27 അംഗ സാധ്യതാ ടീമിൽനിന്നു പുറത്താകുന്ന ആ നാലുപേർ.

ശരാശരി പ്രായം 21

താരങ്ങളെ വളർ‌ത്തിയെടുക്കുന്ന ഗ്രാസ്റൂട്ട് ലെവൽ പരിശീലനം ജർമനിയിൽ എത്രത്തോളം വിജയകരമാണെന്നതിന്റെ തെളിവാണ് 27 അംഗ ടീം. ശരിക്കും യൂത്ത്ഫുൾ. 25 വയസ്സിൽ താഴെയുള്ളവർ 10, ഇതിൽ അ‍ഞ്ചു പേർക്ക് വയസ്സ് വെറും 22 മാത്രം. 27 അംഗ സാധ്യതാ ടീമിന്റെ ശരാശരി പ്രായം 21. മാരിയോ ഗോമസും സമി ഖദീരയുമാണ് വല്ല്യേട്ടൻമാർ. ടിമോ വെർണർ, നിക്‌ലാസ് സുലെ, ലിറോയ് സനെ, ജെനാതാൻ ഥാ, ജൂലിയൻ ബ്രൻഡ് എന്നിവരാണ് ടീമിലെ ബേബീസ്.

കപ്പ് മാച്ചസ് 

ജൂൺ 17– മെക്സിക്കോ

ജൂൺ 23 – സ്വീഡൻ

ജൂൺ 27–  ദക്ഷിണ കൊറിയ

ടീം

ഗോൾകീപ്പർമാർ: മാനുവൽ ന്യൂയർ (ബയൺ മ്യൂണിക്), മാർക് ആന്ദ്രേ ടെർസ്റ്റെഗൻ (ബാർസിലോന), കെവിൻ ട്രാപ് (പിഎസ്ജി), ബേൺഡ് ലെനോ (ബയേർ ലെവർകൂസൻ)

ഡിഫൻഡർമാർ: മത്തിയാസ്‍ ജിന്റർ (ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷ്), ജോനാസ് ഹെക്ടർ (കൊളോൻ), ജെറോം ബോട്ടെങ്, മാറ്റ്സ് ഹമ്മൽസ്, നിക്‌ലാസ് സുലെ, ജോഷ്വ കിമ്മിച്ച് (എല്ലാവരും ബയൺ മ്യൂണിക്) മർവിൻ പ്ലാറ്റൻഹാർട്ട് (ഹെർത്ത ബെർലിൻ), അന്റോണിയ റുഡിഗർ (ചെൽസി), ജെനാതാൻ ഥാ (ബയേർ ലെവർകൂസൻ)

മിഡ് ഫീൽഡർമാർ: ജൂലിയൻ ബ്രൻഡ് (ബയേർ ലെവർകൂസൻ), ജൂലിയൻ ഡ്രാക്‌സ്‌ലർ (പിഎസ്ജി), ലിയോൺ ഗോറെറ്റ്സ്ക (ഷാൽക്കെ), ഇൽകായ് ഗുൺഡോൺ, ലിറോയ് സനേ (ഇരുവരും മാൻ.സിറ്റി), സമി ഖെദീര (യുവന്റസ്), ടോണി ക്രൂസ് (റയൽ മാഡ്രിഡ്), സെബസ്റ്റ്യൻ മൂഡി (ബയൺ മ്യൂണിക്), മെസുട്ട് ഓസിൽ (ആർസനൽ).

ഫോർവേഡുകൾ: മാരിയോ ഗോമസ് (സ്റ്റുട്ഗർട്ട്), തോമസ് മുള്ളർ (ബയൺ മ്യൂണിക്), നിൽസ് പീറ്റേഴ്സൺ (എസ്‍‌സി ഫ്രീബെർഗ്), മാർകോ റ്യൂസ് (ബൊറൂസിയ ഡോർട്മുണ്ട്) തിമോ വെർണർ (ആർബി ലൈപ്സിഷ്).

ഗെയിം പ്ലാൻ

യൊക്കിം ലോ എന്ന സൂപ്പർ പരിശീലകൻ തന്നെയാണ് ജർമനിയുടെ ഏറ്റവും വലിയ കരുത്ത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ക്ലോസെയ്‌ക്കു പകരം ഗോട്‌സയെ ഇറക്കിയതു പോലെയുള്ള അപ്രതീക്ഷിത തീരുമാനങ്ങൾ ടീമിന്റെ കളി തന്നെ മാറ്റുന്നവയാണ്. ഗ്രൗണ്ടിലിറങ്ങുന്നവർക്കൊപ്പം തന്നെ കരുത്തുറ്റതാണ് പകരക്കാരുടെ ബെഞ്ചും. ഓരോ പൊസിഷനിലും കളിക്കാൻ മികവു തെളിയിച്ച ഒന്നിലധികം താരങ്ങൾ ടീമിലുണ്ട്. 4–2–3–1 ശൈലിയിൽ തുടങ്ങുന്ന കളി ശോഭിച്ചില്ലെങ്കിൽ പ്ലാൻ ‘ബി’യോ ‘സി’ യോ നടപ്പാക്കുന്ന തരത്തിൽ ടീമിനെ വേഗത്തിൽ മാറ്റിയെടുക്കാനാകും.

ബയൺ താരം മാനുവൽ ന്യൂയർ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ ബാർസ ഗോളി മാർക് ആന്ദ്രേ ടെർ സ്റ്റെഗൻ തന്നെയായിരിക്കും ക്രോസ്ബാറിനു താഴെ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെന്റർ ബാക് ജോഡികളായ ജെറോം ബോട്ടെങ്ങും മാറ്റ്സ് ഹമ്മൽസും ബയേണിനെ കാത്തതുപോലെ തന്നെ ജർമനിക്കും തുണയാകും. ഇടത്തും വലത്തുമായി ജോനാസ് ഹെക്ടറും ഫിലിപ് ലാമിന്റെ പകരക്കാരൻ ജോഷ്വ കിമ്മിച്ചുമാകും ആദ്യ ഇലവനിൽ പ്രതിരോധം തീർക്കുക.

മധ്യനിരയിൽ തട്ടിക്കളിക്കാതെ‌ അതിവേഗ ഫോർവേഡ് പാസുകളിലൂടെ കളി മുന്നോട്ടു കൊണ്ടുപോകുന്നതാണ് ലോയുടെ രീതി. പാസ് രാജാവ് ടോണി ക്രൂസും അസിസ്റ്റ് തമ്പുരാൻ മെസുട്ട് ഓസിലുമുള്ളപ്പോൾ അക്കാര്യം പേടിക്കേണ്ടതില്ല. ടോണി ക്രൂസിന്റെ തലയിൽ വിരിയുന്ന കളിതന്നെയാകും ഹൈലൈറ്റ്. സിറ്റി താരം ഇൽകായ് ഗുൺഡോണും ആദ്യനിരയിലുണ്ടാകും. സൂപ്പർ സബ്ബുകളായി ജൂലിയൻ ഡ്രാക്‌സ്‌ലർ, ലിയോൺ ഗോറെറ്റ്സ്ക, സമി ഖെദീര എന്നിവർ ബെഞ്ചിലുണ്ടാകും. പെപ് ഗ്വാർഡിയോളയുടെ പ്രിയ ശിഷ്യൻ ലിറോയ് സനെ ഇടതുവിങ്ങിലും ബയേൺ താരം തോമസ് മുള്ളർ വലത്തും ഇറങ്ങും. മുന്നേറ്റത്തിൽ ചടുല നീക്കങ്ങളുമായി ടിമോ വെർണർ കൂടിയെത്തുമ്പോൾ ജർമൻ ടീം പൂർണമാകും.

ടിമോ വെർണർ

ആർബി ലൈപ്സിഷ് താരം ടിമോ വെർണറായിരിക്കും ലോയുടെ മനസ്സിലെ ഒന്നാം സ്ട്രൈക്കർ. കഴിഞ്ഞ ബുന്ദസ്‌ലിഗാ സീസണിൽ ക്ലബിനായി 11 ഗോളുകളാണ് ടിമോ നേടിയത്. 12 രാജ്യാന്തര മൽസരങ്ങളിൽനിന്ന് ഈ മികച്ച ഫിനിഷർ ജർമനിക്കു സമ്മാനിച്ചത് ഏഴ് ഗോളുകൾ‌. പരിചയസമ്പത്ത് കുറവാണ് എന്നതിനെ മികച്ച വേഗവും ചടുലതയാർന്ന നീക്കങ്ങളിലൂടെയും മറികടക്കുന്നു ഈ ഇരുപത്തിരണ്ടുകാരൻ.