ഫുട്ബോൾ ലോകം കാതോർക്കുന്നു, കാനറികളുടെ ചിറകടിക്ക്...

വര: മജേഷ്‌

പന്തിനെ പ്രണയിക്കുന്നവരാണു ബ്രസീലുകാർ. ഒരു തലോടലിലൂടെ പന്തിനെ തന്റെ തന്നെ ഭാഗമാക്കുന്നവർ. 2014 ൽ അവരെ വിട്ടൊഴിഞ്ഞ, ആ നഷ്ടപ്രണയം തിരിച്ചുകൊടുക്കുകയാണ് ടിറ്റെയെന്ന പരിശീലകൻ. മഞ്ഞപ്പടയുടെ താരങ്ങൾക്ക്, കാൽപന്ത് ജീവശ്വാസമാക്കിയ ബ്രസീലുകാർക്ക്, പിന്നെ ലോകമെമ്പാടും അവരുടെ കാൽചലനങ്ങൾക്കൊപ്പം മനസ്സെത്തിക്കുന്ന ആരാധകർക്കും. 2014 ൽ സ്വന്തം നാട്ടിൽ ചിറകറ്റു വീണ കാനറിക്കുരുവികൾക്ക് ചാരത്തിൽ നിന്നുയിർത്തെഴുന്നേൽക്കുന്ന ആൽബട്രോസിന്റെ ചിറകു നൽകിയാണ് ടിറ്റെ ലോകകപ്പിന് ഒരുക്കിയെടുക്കുന്നത്. ഡൂംഗയിൽ നിന്നു ടിറ്റെയിലേക്കുള്ള ദൂരം. അത് റഷ്യയിലെത്തുമ്പോൾ ബ്രസീലിന് പ്രതീക്ഷയുടെ ഒരു കടലോളം തന്നെയാണ്. 

ടിറ്റെ വരുമ്പോൾ യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തായിരുന്നു ബ്രസീൽ. സ്ഥാനമേറ്റയുടനെ അദ്ദേഹം ടീമിനു നൽകിയ സന്ദേശം ‘കഴിഞ്ഞതെല്ലാം മറന്നേക്കു’ എന്നായിരുന്നു. അവർ അതെല്ലാം മറന്നു കളിച്ചതോടെ പിന്നീട് ഒൻപതു കളികളിൽ തുടർവിജയങ്ങളുമായി ഗ്രൂപ്പ് ജേതക്കളായി റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പാക്കി. വിജയമന്ത്രം കൊണ്ട് ടീമിനെ ആകെ മാറ്റിയെടുത്ത ആ പരിശീലക മികവാണ് റഷ്യയിലും ബ്രസീലിനെ കിരീടസാധ്യതയിൽ മുൻനിരയിൽ നിർത്തുന്നത്. ടീം തിരഞ്ഞെടുപ്പിലും ആ ആത്മവിശ്വാസം കാണാം. യൂറോപ്യൻ ലീഗിലെ തിളങ്ങുന്ന താരനിര തന്നെ പ്രധാന പോരാളികൾ. 

ഒപ്പം ബ്രസീലിയൻ ലീഗിൽ കഴിവുതെളിയിച്ച കളിക്കാരും. ബ്രസീലിന് ഇന്നു കിട്ടാവുന്ന ഏറ്റവും മികച്ച താരനിര തന്നെയാണ് റഷ്യയിലെത്തുന്നത്. ഡാനി ആൽവെസിന്റെ കുറവ് വലതുവിങ്ങിൽ പ്രകടമായേക്കാം. ഡാനിലോ ആയിരിക്കും ആൽവെസിനു പകരക്കാരനാവുക. ഏതൊരു പരിശീലകനും മോഹിക്കുന്ന ആദ്യ ഇലവൻ ഉണ്ടെങ്കിലും അവർക്കൊപ്പം നിൽക്കുന്ന പകരക്കാരില്ല എന്നതാണ് ടിറ്റെയുടെ വെല്ലുവിളി. 

ഗെയിം പ്ലാൻ

തുടർവിജയങ്ങൾ നേടിക്കൊടുത്ത അതേ തന്ത്രങ്ങൾ തന്നെയാകും റഷ്യയിലും ടിറ്റെ പുറത്തെടുക്കുക. പഴുതടച്ച പ്രതിരോധം. ഒപ്പം പ്രതിഭാസമ്പന്നരായ സൂപ്പർതാരങ്ങളെ സ്വതന്ത്രരായി വിട്ട് എതിർ കാവൽനിരകളെ കടന്നു കയറുക. 4–1–4–1 ആണ് പ്രിയപ്പെട്ട ഫോർമേഷൻ. ഡിഫൻസീവ് മിഡ്ഫീൽഡർ കാസിമിറോയും ഫുൾബാക്കുകളായ മാഴ്സലോ, ഡാനിലോ (അല്ലെങ്കിൽ ഫാഗ്നർ) എന്നിവരും കാവലിന്റെ ആദ്യ നിരയാകുന്നതിനൊപ്പം തന്നെ മുന്നേറ്റനിരയിലേക്ക് ആളിപ്പടരുന്ന ആക്രമണങ്ങൾക്ക് തീകൊളുത്തുന്നവരുമാകും.

റയൽ മഡ്രിഡിൽ ഒരുമിച്ചു കളിക്കുന്ന മാഴ്സലോയുടെയും കാസിമിറോയുടെയും ഒത്തിണക്കം നിർണായകമാകും. മുൻ പരിശീലകരെക്കാൾ ടിറ്റെ വ്യത്യസ്തനാകുന്നത് തന്ത്രങ്ങളിലെ വൈവിധ്യം കൊണ്ടാണ്. കളിയൊഴുകുമ്പോൾ തന്നെയാണ് പെട്ടെന്നുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നത്. അഞ്ചു മധ്യനിരക്കാരുമായി തുടങ്ങുന്ന അവർ നെയ്മറും കുടിഞ്ഞോയും കുതിച്ചു കയറുമ്പോൾ അനായാസം 4–3–3 എന്ന ശൈലിയിലേക്കു മാറും. അസാധാരണമായ പന്തടക്കവും മുൻകാഴ്ചയുമുള്ള നെയ്മറും കുടീഞ്ഞോയും മുൻനിരയിൽ ഒരുമിക്കുന്നതു തന്നെയാണ് ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത്. നെയ്മറിന് എതിർ നിര കനത്ത കാവലിടുമ്പോൾ മുന്നേറിയെത്തുന്ന മറ്റുള്ളവർക്ക് ഗോളിലേക്കു അവസരമൊരുങ്ങുമെന്നാണ് ടിറ്റെ കരുതുന്നത്. യൂറോപ്പിലെ മികച്ച ടീമുകൾ അതിവേഗ നീക്കങ്ങളിലൂടെയാണ് മധ്യനിര കടക്കുന്നത്. ബ്രസീലിന്റെ മിഡ്ഫീൽഡിന്റെ മധ്യത്തിൽ അത്ര വേഗം പോര എന്നൊരു പ്രശ്നമുണ്ട്.

ബ്രസീൽ ടീം

ഗോൾകീപ്പർമാർ: അലിസൺ (എഎസ് റോമ), കാസ്സിയോ (കൊറിന്ത്യൻസ്), എഡേഴ്ൺ (മാഞ്ചസ്റ്റർ സിറ്റി). 

കാവൽനിര: തിയാഗോ സിൽവ (പാരിസ് സെന്റ് ജെർമെയ്ൻ), മാഴ്സലോ (റയൽ മഡ്രിഡ്), മിറാൻ‍ഡ (ഇന്റർ മിലാൻ), ഫിലിപ്പെ ലൂയിസ് (അത്‌ലറ്റിക്കോ മഡ്രിഡ്), മാർക്വിഞ്ഞോസ് (പാരിസ് സെന്റ് ജെർമെയ്ൻ), ഡാനിലോ (മാഞ്ചസ്റ്റർ സിറ്റി), ഫാഗ്നർ (കൊറിന്ത്യൻസ്), പെഡ്രോ ജെറോമെൽ (ഗ്രെമിയോ). 

മധ്യനിര : വില്ലിയൻ (ചെൽസി), പൗളിഞ്ഞോ (ബാർസലോന), ഫെർണാണ്ടിഞ്ഞോ (മാഞ്ചസ്റ്റർ സിറ്റി), ഫിലിപ്പെ കുടീഞ്ഞോ (ബാർസലോന), റെനാറ്റോ അഗസ്റ്റോ (ബീജിങ് സിനോബോ ഗുവോൺ), കാസിമിറോ (റയൽ മഡ്രിഡ്), ഫ്രെഡ് (ഷാക്തർ ഡൊനെറ്റ്സ്ക്), 

മുന്നേറ്റനിര : നെയ്മർ (പാരിസ് സെന്റ് ജെർമെയ്ൻ), ഡഗ്ലസ് കോസ്റ്റ (യുവെന്ററസ്), റോബർട്ടോ ഫെർമിനോ (ലിവർപൂൾ), ഗബ്രിയേൽ ജെസ്യൂസ് (മാഞ്ചസ്റ്റർ സിറ്റി), ടെയ്സൺ (ഷാക്തെർ ഡൊനെറ്റ്സ്ക്). 

സ്റ്റാർ ടു വാച്ച്‌ : ഫിലിപ്പെ കുടീഞ്ഞോ 

ലോകകപ്പിന്റെ താരമാകാൻപോലും പ്രതിഭയുള്ള കളിക്കാരൻ. ടീമിലെ സൂപ്പർതാരം നെയ്മറാണെങ്കിലും കളിയൊരുക്കുന്നതിലും ഗോൾ നേടുന്നതിലുള്ള മികവിലും കുടീഞ്ഞോ നായകനൊപ്പം തന്നെ നിൽക്കും. ഏത് കോണിൽ നിന്നും, എത്ര ആൾക്കൂട്ടത്തിനിടയിൽ നിന്നും ഗോളിലേക്ക് ഒരു വഴി കണ്ടെത്തുന്ന മിടുക്കാണ് ഈ താരത്തെ വ്യത്യസ്തമാക്കുന്നത്. ഒരു പുഴയായി ഒഴുകിയിറങ്ങുന്ന ബ്രസീലിന്റെ ആക്രമണങ്ങൾക്കിടയിൽ പൊടുന്നനെ കുടീഞ്ഞോ തൊടുക്കുന്ന നെടുനീളൻ ഷോട്ടുകൾ കാവൽനിരയുടെയും ഗോളിയുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കും. കഴിഞ്ഞ ദിവസം റയൽ സോഷ്യഡാഡിനെതിരെ നേടിയ ഉജ്വലമായ ഗോൾ അതിനു തെളിവ്. സീസണിൽ ബോക്സിനു പുറത്തു നിന്നു നേടിയ ഗോളുകൾ എണ്ണം എട്ടാക്കി. 

ബ്രസീൽ  ലോകകപ്പിൽ 

ആദ്യ റൗണ്ട് – 20 

സെമിഫൈനൽ – 11 

ഫൈനൽ – 7 

കിരീടങ്ങൾ – 5 (1958, 1962, 1970, 1994, 2002) 

ഫിഫ റാങ്കിങ് – 2 

റഷ്യലോകകപ്പിൽ ഗ്രൂപ്പ് ഇ 

ബ്രസീൽ, സ്വിറ്റ്സർലൻഡ്, കോസ്റ്ററിക്ക, സെർബിയ 

റഷ്യയിൽ ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങൾ: 

ജൂൺ 17 – ബ്രസീൽ – സ്വിറ്റ്സർലൻഡ് 

ജൂൺ 22 – ബ്രസീൽ – കോസ്റ്ററിക്ക 

ജൂൺ 27 – ബ്രസീൽ – സെർബിയ 

ഗ്രൂപ്പിലെ നിർണായക മത്സരം: ബ്രസീൽ – സ്വിറ്റ്സർലൻഡ് 

ഗ്രൂപ്പിലെ ബ്രസിലിന്റെ ആദ്യ കളിതന്നെ നിർണായക പോരാട്ടമായേക്കാം. ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്ന പോരാട്ടം. ഗ്രൂപ്പിൽ രണ്ടാമതായാൽ നോക്കൗട്ട് റൗണ്ടിൽ ജർമനിയെ നേരിടേണ്ടിവന്നേക്കാമെന്നത് ഇരുടീമുകളുടെയും മനസ്സിലുണ്ടാകും. 

ശരാശരി പ്രായം 28.6

പരിചയസമ്പത്തും യുവത്വവും ശരിയായ അളവിൽ ചേരുന്നുണ്ട് ബ്രസീൽ ടീമിൽ. 28.6 ആണ് ശരാശരി പ്രായം. മുപ്പത്തിമൂന്നിന്റെ ചെറുപ്പവുമായി തിയഗോ സിൽവയും മിറാൻഡയും ഫെർണാണ്ടിഞ്ഞോയുമാണ് ഏറ്റവും മുതിർന്നവർ. പെഡ്രോ ജെറോമലും ഫിലിപ്പെ ലൂയിസും മുപ്പത്തിരണ്ടുകാരാണ്. മുന്നേറ്റനിര ശരിക്കും യുവനിരയാണ്. ടെയ്സൺ ഒഴികെ ബാക്കിയെല്ലാവരും മുപ്പതിൽ താഴെയുള്ളവർ. ആദ്യ ലോകകപ്പിനു വരുന്ന ഇരുപത്തിയൊന്നുകാരൻ ഗബ്രിയേൽ ജെസ്യൂസ് ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.

CLUB CALCULATOR

ഓരോ ക്ലബിൽ നിന്നുള്ള താരങ്ങൾ 

മാഞ്ചസ്റ്റർ സിറ്റി – 4 

പാരിസ് സെന്റ് ജെർമെയ്ൻ – 3 

റയൽ മഡ്രിഡ് – 2 

ബാർസലോന – 2 

കൊറിന്ത്യൻസ് – 2 

ഷാക്തർ ഡൊനെറ്റ്സ്ക് – 2 

ലിവർപൂൾ – 1 

എഎസ് റോമ – 1 

ചെൽസി – 1 

യുവെന്ററസ് – 1 

അത്‌ലറ്റിക്കോ മഡ്രിഡ് – 1 

ഗ്രെമിയോ – 1 

ബെയ്ജിങ് സിനോബോ 

ഗുവാൻ – 1 

ഇന്റർ മിലാൻ – 1