ഫ്രഞ്ച് പട കപ്പുയർത്തിയാൽ ദെഷാമിനെ കാത്ത് ഇരട്ടനേട്ടം

ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം മൈതാനത്ത്. (ട്വിറ്റർ ചിത്രം)

ഫ്രഞ്ച് പട ഫിഫ ലോകകപ്പ് ഇക്കുറി ഏറ്റുവാങ്ങിയാൽ പരിശീലകനായ ദിദിയെ ദെഷാം അപൂർവമായൊരു നേട്ടം സ്വന്തമാക്കും: നായകൻ എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും ഫുട്‌ബോൾ ലോകകപ്പ് സ്വന്തമാക്കിയ രണ്ടാമത്തെ പ്രതിഭ. രണ്ടു പതിറ്റാണ്ടു മുൻപ്, 1998ൽ സ്വന്തം നാട്ടിൽ ലോകകപ്പ് ഏറ്റുവാങ്ങിയത് ദെഷാമായിരുന്നു. സിനദിൻ സിദാനടക്കമുള്ള ഒരുപറ്റം പ്രതിഭകളെ നയിച്ച്, ഫ്രാൻസിന്റെ ഒരേയൊരു ഫിഫ ലോകകപ്പ് നെഞ്ചോടുചേർത്ത് ഏറ്റുവാങ്ങി. 

ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഈ ഇരട്ടനേട്ടം കൈവരിച്ച ഒരൊറ്റ താരമേയുള്ളൂ–ജർമനിയുടെ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവറാണ്. ക്യാപ്‌റ്റൻ എന്ന നിലയിലും കോച്ച് എന്ന നിലയിലും ഫുട്‌ബോൾ ലോകകപ്പ് സ്വന്തമാക്കിയ വ്യക്‌തിയാണു ജർമൻകാരുടെ പ്രിയപ്പെട്ട ‘കൈസർ’. ക്യാപ്‌റ്റൻ എന്ന നിലയിലും (1974) കോച്ച് എന്ന നിലയിലും (1990) ലോകകപ്പ് സ്വന്തമാക്കിയ ഏക ഫുട്ബോളറാണ് അദ്ദേഹം. 2006 ലോകകപ്പിന്റെ മുഖ്യ സംഘാടകനും ഈ മുൻ മിഡ് ഫീൽഡറായിരുന്നു. ഇതുകൂടാതെ 1966, 70, 74 ലോകകപ്പുകളിൽ കളിച്ചിട്ടുമുണ്ട്.

കളിക്കാരൻ എന്ന നിലയിലും കോച്ച് എന്ന നിലയിലും ലോകകപ്പ് നേടിയിട്ടുള്ള മറ്റൊരാളുണ്ട്. ലോകകപ്പ് നേടുമ്പോൾ അദ്ദേഹം പക്ഷേ ക്യാപ്‌റ്റനായിരുന്നില്ല. ബ്രസീൽ 1958ലും 1962ലും ലോകകപ്പ് നേടുമ്പോൾ മരിയോ ജോർജെ ലോംബോ സഗാലോ എന്ന മരിയോ സഗാലൊ കളിക്കാരൻ എന്ന നിലയിൽ ടീമിലുണ്ടായിരുന്നു. 1970ൽ ബ്രസീൽ മൂന്നാം തവണ ജേതാക്കളാകുമ്പോൾ ടീമിന്റെ കോച്ചായിരുന്നു പ്രഫസർ എന്ന വിളിപ്പേരിൽ പ്രശസ്‌തനായ സഗാലോ.

പരിശീലകനായി സഗാലോ ഇതിനുശേഷവും ബ്രസീലിന്റെ ഭാഗമായി. 1994ൽ ദുംഗയുടെ നേതൃത്വത്തിൽ ബ്രസീൽ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ സഗാലോ അവരുടെ അസിസ്‌റ്റന്റ് കോച്ചായിരുന്നു. ഇതുകൂടാതെ 1974ലെ ലോകകപ്പിലും (അന്ന് നാലാം സ്‌ഥാനം) 1998 ലോകകപ്പിലും (അന്ന് രണ്ടാം സ്‌ഥാനം) സഗാലോ തന്നെയായിരുന്നു അവരുടെ പരിശീലകൻ. 

ദിദിയെ ദെഷാം: ഫ്രഞ്ച് ഫുട്ബോളിന്റെ പടയാളി 

രണ്ടു പ്രധാന കിരീടങ്ങളിലേക്കു ഫ്രാൻസിനെ നയിച്ചതു ദിദിയെ ക്ലോഡ് ദെഷാം എന്ന മിഡ്ഫീൽഡറാണ്. 1998ലെ ലോകകപ്പിനു തൊട്ടുപിന്നാലെ നടന്ന 2000ലെ യൂറോ കപ്പിലും അദ്ദേഹം ഫ്രഞ്ച് പടയെ കിരീടം ചൂടിച്ചു. കളിക്കാരൻ എന്ന നിലയിൽ 1993ലും 96ലും യുവേഫ ചാംപ്യൻസ് ലീഗ് കിരീടം, 1996ൽ യൂറോ കപ്പ് മൂന്നാം സ്ഥാനം എന്നിവയാണു ദെഷാമിന്റെ മറ്റു പ്രധാന നേട്ടങ്ങൾ. പരിശീലകൻ എന്ന നിലയിലും അദ്ദേഹത്തിന്റെ മികവിനു കുറവുണ്ടായില്ല– 2004ൽ മൊണാക്കോ എഫ്സിയെ ചാംപ്യൻസ് ലീഗ് രണ്ടാം സ്ഥാനത്തും 2016ൽ ഫ്രാൻസിനെ യൂറോ കപ്പിൽ രണ്ടാം സ്ഥാനത്തേക്കും നയിച്ചു. 

ഫുട്ബോൾ ലോകത്തു ഫ്രാൻസ് ഒന്നുമല്ലാതായിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ദെഷാമിന്റെ വരവ്. മിഷൽ പ്ലാറ്റിനി യുഗം അസ്തമിക്കുമ്പോഴാണു ദെഷാമിന്റെ ഉദയം. 1990, 94 ലോകകപ്പുകളിൽ ഫ്രാൻസ് യോഗ്യത നേടാനാവാതെ നിൽക്കുമ്പോഴും 1992 യൂറോ കപ്പിൽ പ്രാഥമിക റൗണ്ടിൽ പുറത്തുപോയപ്പോഴും ദെഷാം ടീമിന്റെ ഭാഗമായിരുന്നു. പിന്നീടു ടീമാകെ ഉടച്ചുവാർക്കപ്പെട്ടു. പിന്നാലെ നായകസ്ഥാനം ദെഷാമിന്റെ ചുമലിലായി. 1996ൽ ആദ്യമായി നായകൻ. സിദാനെപ്പോലുള്ള പ്രതിഭകൾ ടീമിന്റെ ഭാഗമായി. ഇൗ ടീം ഗോൾഡൻ ജനറേഷൻ എന്ന പേരിലാണു പിന്നീട് അറിയപ്പെട്ടത്.

വിരമിച്ചശേഷം പരിശീലകൻ എന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. 2001ൽ മൊണാക്കോയുടെയും 2006–07ൽ യുവന്റസിന്റെയും 2009–2012ൽ മാഴ്സെയുടെയും പരിശീലകനായി. 2012ലാണു ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായത്. മികച്ച ടീമിനെ ലോകകപ്പിന് അണിനിരത്തിയാണു ദെഷാമിന്റെ പടയൊരുക്കം. ഇനി ഫുട്ബോൾ ലോകം കാത്തിരിക്കുന്നത് 1998ൽ ലോകകപ്പ് ഏറ്റുവാങ്ങിയ നായകൻ പരിശീലകൻ എന്ന നിലയിലും ലോകകപ്പ് സ്വന്തമാക്കുമോ എന്നു കാണാനാണ്.