ഫ്രഞ്ച് സർക്കാർ മന്ദിരത്തിലേക്ക് ട്രക്കിടിച്ചുകയറ്റി സമരക്കാർ

SHARE

പാരിസ്∙ ഫ്രഞ്ച് സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതിഷേധങ്ങളുമായി രാജ്യമെമ്പാടും തരംഗമായ ‘മഞ്ഞക്കുപ്പായക്കാർ’ സമരം ശക്തമാക്കുന്നു. നിർമാണസ്ഥലത്തു സാധനങ്ങൾ നീക്കം ചെയ്യാനുപയോഗിക്കുന്ന ട്രക്കുമായി പാരിസിലെ സർക്കാർ മന്ത്രാലയമന്ദിരത്തിന്റെ കവാടം ഇടിച്ചുതകർത്ത് ഉള്ളിൽക്കയറിയ പ്രതിഷേധക്കാർ രണ്ടു കാറുകൾ തകർത്തു. കെട്ടിടത്തിന്റെ ജനാലകൾ എറിഞ്ഞുടച്ചു.

നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള ഇത്തരം അക്രമം അപലപനീയമാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ മാസം 29 നു തെരുവിലിറങ്ങിയത് 35,000 പേരായിരുന്നുവെങ്കിൽ ശനിയാഴ്ച നിരത്തിലിറങ്ങിയത് അരലക്ഷം പേരാണ്.

മക്രോ പ്രഖ്യാപിച്ച ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് ഫ്രാൻസിലെ ഗ്രാമീണമേഖലകളിൽ ആരംഭിച്ച പ്രതിഷേധമാണു ‘യെലോ വെസ്റ്റ്’ (വാഹനമോടിക്കുന്നവർ ധരിക്കുന്ന മഞ്ഞക്കുപ്പായം) ധരിച്ചുള്ള വ്യാപകസമരമായി രാജ്യമെങ്ങും പടർന്നത്. മക്രോ വിരുദ്ധ പ്രതിഷേധക്കാർക്കു പിന്തുണയുമായി വിവിധ മേഖലകളിലെ പ്രമുഖരും രംഗത്തുണ്ട്. 20 മാസം പിന്നിടുന്ന മക്രോ സർക്കാരിന്റെ ജനപിന്തുണ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA