Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധവുമായി ‘മഞ്ഞക്കുപ്പായക്കാർ’: അടിയന്തരാവസ്ഥ ആലോചിച്ച് ഫ്രഞ്ച് സർക്കാർ

france-protest പ്രതിഷേധക്കാർ തീയിട്ട വാഹനത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ

പാരിസ്∙ ആഭ്യന്തര പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ഫ്രാൻസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആലോചിച്ച് സർക്കാർ. ദശാബ്ദത്തിലെ ഏറ്റവും ശക്തമായ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ സമാധാനപരമായി സമരം നടത്തുന്നവരെ അധികൃതർ ചർച്ചയ്ക്കു വിളിച്ചു. സര്‍ക്കാർ വക്താവ് ബെഞ്ചമിൻ ഗ്രിവക്സാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്.

മധ്യ പാരിസിൽ ലോഹദണ്ഡുകളും കോടാലികളുമായി മഞ്ഞ ഉടുപ്പ് ധരിച്ച് തെരുവിലിറങ്ങിയ യുവാക്കൾ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീവച്ചു. മുഖം മറച്ച ശേഷമായിരുന്നു പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടത്. ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ പരിഹാരങ്ങൾ കാണാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും അധികൃതർ അറിയിച്ചു.

ജീവിതച്ചെലവും ഇന്ധന നികുതിയും കൂടിയ സാഹചര്യത്തിലാണു രണ്ടാഴ്ചയായി ദേശീയ തലത്തിൽതന്നെ പ്രതിഷേധം ഉയർന്നത്. ഇതു പിന്നീട് അക്രമത്തിലേക്കു വഴി മാറുകയായിരുന്നു. കൃത്യമായ സംഘടനയോ നേതൃത്വമോ ഇല്ലാതെയാണ് പ്രക്ഷോഭം നടന്നത്. ഈ സാഹചര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പ്രധാനമന്ത്രിയുമായുൾപ്പെടെ അടിയന്തര ചർച്ചകൾ നടത്തി. ഫ്രാൻസിലെ റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർ ഷോപ്പിങ് മാളുകൾ, ഫാക്ടറികൾ‌, ഇന്ധന ഡിപ്പോകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിഷേധിച്ചു.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 133 പേ‍ർക്കു പരുക്കേറ്റു. 412 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച നടന്ന സംഘർഷത്തിൽ 23 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.