ഗ്രൂപ്പ് Gയിൽ കാണാം, ഇംഗ്ലിഷ് പ്രീമിയർ ലീഗ്!

റോമൻ ടോറസ്, ഹാരി കെയ്ൻ, ഖസ്രി, ഹസാർഡ്.

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ താരങ്ങളുടെ ‘മഹാസമ്മേളന വേദി’യാണിത്.. ഇംഗ്ലണ്ട് ടീമിലെയും ബൽജിയം ടീമിലെയും മിക്കവരും വിവിധ ക്ലബ്ബുകൾക്കു വേണ്ടി ഒന്നിച്ചും പോരടിച്ചും കളിക്കുന്നവരാണ്. ഹാരി കെയ്ൻ, ജയ്മി വാർഡി, മാർക്കസ് റാഷ്ഫോർഡ്, ദെലെ അലി, റഹീം സ്റ്റെർലിങ്, റൊമേലു ലുക്കാക്കു, കെവിൻ ഡിബ്രൂയ്നെ, ഏദൻ ഹസാർഡ്, വിൻസന്റ് കോംപനി–ഗ്രൂപ്പിലെ പ്രീമിയർ താരങ്ങൾ തീരുന്നില്ല...

പാനമ: മധുരമീ പ്രതികാരം!

ഫിഫ റാങ്ക്: 55

പരിശീലകൻ: ഹെർനൽ ഡാരിയോ ഗോമസ്

പാനമ ലോകകപ്പിന്റെ ആദ്യ മധുരം നുകരുന്നു. പ്രതികാരം ചെയ്താണ് അവർ വരുന്നത്. 2014 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തങ്ങളെ പുറത്താക്കിയ അമേരിക്കയോട് അതേ നാണയത്തിൽ തിരിച്ചടിച്ചായിരുന്നു യോഗ്യത. അവസാന മൽസരത്തിൽ പാനമ കോസ്റ്ററിക്കയെ 2–1നു തോൽപ്പിച്ചതോടെ പാനമ അകത്ത്. അമേരിക്ക പുറത്ത്. മുൻപ് കൊളംബിയയെയും ഇക്വഡോറിനെയും ലോകകപ്പിനെത്തിച്ച ഹെർനൻ ഡാരിയോ ഗോമസാണ് പരിശീലകൻ.

കരുത്ത്: പാനമയുടെ സുവർണതലമുറയാണ് ഈ ടീം. 37 വയസ്സുള്ള ഫിലിപ്പെ ബലോയ് മുതൽ 21 വയസ്സുള്ള റിക്കാർഡോ അവില വരെ ഉൾപ്പെടുന്ന ടീം സന്തുലിതമാണ്.

ദൗർബല്യം: പരിശീലകനു മാത്രമേ ലോകകപ്പ് പരിചയമുള്ളൂ. രണ്ട് കരുത്തൻമാരുള്ള ഗ്രൂപ്പിൽ നിന്ന് പാനമ എങ്ങനെ രക്ഷപ്പെടും?

1995 ഓഗസ്റ്റിൽ പാനമയുടെ ഫിഫ റാങ്കിങ്. ഇന്ത്യയെക്കാൾ 30 സ്ഥാനങ്ങളിലേറെ പിന്നിലായിരുന്നു അന്നവർ. പിന്നീട് 2014 മാർച്ചിൽ 29–ാം സ്ഥാനം വരെയെത്തി.

ഇംഗ്ലണ്ട്: മനസ്സു നന്നാവട്ടെ!

ഫിഫ റാങ്ക്: 13

പരിശീലകൻ: ഗാരെത് സൗത്ത്ഗേറ്റ്

ലോകകപ്പിന് മാസങ്ങൾക്കു മുൻപ് ഇംഗ്ലണ്ടിൽ ചർച്ചകൾ തുടങ്ങും–ആരൊക്കെ കളിക്കണം, എന്തായിരിക്കണം തന്ത്രങ്ങൾ എന്നിങ്ങനെ കനപ്പെട്ട കാര്യങ്ങൾ. എന്നാൽ ലോകകപ്പ് തുടങ്ങാനാവുമ്പോഴേക്കും എല്ലാം വഴിമാറും; ഭാര്യമാരെയും കാമുകിമാരെയും കൊണ്ടുപോകാമോ, ഹൂളിഗൻസിനെ എങ്ങനെ കൈകാര്യം ചെയ്യും? കാര്യം മാറി കളിയാകുന്ന ഇത്തരം ചർച്ചകളാണ് ഇംഗ്ലിഷ് ഫുട്ബോളിന്റെ വലിയ ശാപം. ഇത്തവണ ഭേദപ്പെട്ട രീതിയിലാണ് പോക്ക്. യുവത്വമുള്ള, അച്ചടക്കമുള്ള ടീമാണ് ഗാരെത് സൗത്ത്ഗേറ്റിന്റേത്.

കരുത്ത്: യുവത്വത്തിന്റെ വേഗവും അത്‌ലറ്റിക് മികവും. കെയ്ൻ, വാർഡി, റാഷ്ഫോർഡ്, അലി, സ്റ്റെർലിങ്; ഫ്രഷ് ടീമാണ് ഇംഗ്ലണ്ട്.

ദൗർബല്യം: തികച്ചും മനഃശാസ്ത്രം. പടിക്കൽ കലമുടയ്ക്കാൻ ഇംഗ്ലണ്ടിനോളം അറിയാവുന്ന ടീമുകളില്ല. പെനൽറ്റി ഷൂട്ടൗട്ടിനെ അതിജീവിക്കാൻ വേണ്ടി പ്രത്യേകം പരിശീലനം തന്നെ നടത്തിയിട്ടുണ്ട് ടീം.

യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിനു വേണ്ടി 12 കളിക്കാർ ഗോളുകൾ നേടി. അഞ്ചു ഗോളുകൾ നേടിയ ഹാരി കെയ്ൻ ആയിരുന്നു ടോപ് സ്കോറർ. 

ടുണീസിയ: എങ്ങനെ രക്ഷപ്പെടും?

ഫിഫ റാങ്ക്: 14

പരിശീലകൻ: നബീൽ മാലൊൾ

യോഗ്യതാ മൽസരങ്ങളിൽ തോൽവിയറിയാതെയാണ് ടുണീസിയയുടെ വരവ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ മാത്രമായിരുന്നു ഗ്രൂപ്പിൽ വെല്ലുവിളിയുയർത്തിയ ടീം. കോംഗോയ്ക്കെതിരെ ആദ്യപാദത്തിൽ തിരിച്ചടിച്ചു ജയിച്ച ടീം രണ്ടാം പാദത്തിൽ സമനിലയും സ്വന്തമാക്കി. പഞ്ഞിമെത്തയിൽ നിന്ന് പരുക്കൻ മണ്ണിലേക്ക് എന്നു പറഞ്ഞ പോലെ ലോകകപ്പിൽ വന്നുവീണത് ഇംഗ്ലണ്ടും ബൽജിയവുമുള്ള ഗ്രൂപ്പിൽ.

കരുത്ത്: സൂപ്പർ താരങ്ങളില്ല. പക്ഷേ, മികച്ച കളിക്കാരുണ്ട്. പ്രത്യേകിച്ചും മിഡ്ഫീൽഡിൽ. മറ്റ് ആഫ്രിക്കൻ ടീമുകളിൽനിന്നു വ്യത്യസ്തമായി അച്ചടക്കമുള്ള കളിയാണ് ടുണീസിയയുടേത്.

ദൗർബല്യം: ഗോളടിച്ചാൽ അടിച്ചു എന്നു മാത്രമേ പറയാനാകൂ. ദുർബലരായ ലിബിയയ്ക്കെതിരെ ഇരുപാദങ്ങളിലും കഷ്ടപ്പെട്ട അവർ ഒരു പെനൽറ്റി ഗോളിലാണ് ജയിച്ചത്.

ആദ്യമായി ലോകകപ്പിൽ ഒരു മൽസരം ജയിച്ച ആഫ്രിക്കൻ ടീമാണ് ടുണീസിയ. 1978 ലോകകപ്പിൽ മെക്സിക്കോയെ അവർ 3–1നു തോൽപ്പിച്ചു.

ബൽജിയം: ഫേവറിറ്റുകൾ തന്നെ!

ഫിഫ റാങ്ക്: 3

പരിശീലകൻ: റോബർട്ടോ മാർട്ടിനെസ്

ബൽജിയം എന്നു കേൾക്കുമ്പോൾ കുതിച്ചുപായുന്ന ഒരു കറുത്ത കുതിര എല്ലാവരുടെയും മനസ്സിലെത്തും.

ഈ ലോകകപ്പിലും വിശേഷണം അങ്ങനെയാണെങ്കിലും ലൈനപ്പ് നോക്കിയാൽ ബൽജിയം ഫേവറിറ്റുകളെപ്പോലെയാണ്. പ്രതിഭാധാരാളിത്തമാണ് ടീമിൽ. മുന്നേറ്റത്തിൽ റൊമേലു ലുക്കാക്കു, ഡ്രിയെസ് മെർട്ടെൻസ്, ഏദൻ ഹസാർഡ്, മിഡ്ഫീൽഡിൽ കെവിൻ ഡിബ്രൂയ്നെ, പ്രതിരോധത്തിൽ വിൻസന്റ് കോംപനി, യാൻ വെർട്ടോംഗൻ, ഗോൾവല കാക്കാൻ തിബോ കോർട്ടോ. റോമ മിഡ്ഫീൽഡർ റാജ നെയ്ങ്കോളനെ ടീമിലെടുക്കാഞ്ഞത് ഞെട്ടിച്ച തീരുമാനം.

കരുത്ത്: മൽസര പരിചയം. യൂറോപ്പിലെ പ്രധാന ക്ലബ്ബുകളിലെ സ്ഥിരം മുഖങ്ങളാണ് മിക്കവരും. വലിയ മൽസരവേദികൾ അവർക്കു പുതുമയല്ല.

ദൗർബല്യം: എതിരാളികളെ തീർത്തു കളയുന്ന കില്ലർ സ്വഭാവം ടീമിനില്ല. ടീമിലെ ഓരോരുത്തരും ഓരോ പ്രസ്ഥാനമായതിനാൽ എങ്ങനെ ഒത്തിണങ്ങും എന്നതും കാണണം.

അൻപതിലേറെ രാജ്യാന്തര മൽസരങ്ങൾ കളിച്ച പന്ത്രണ്ടു പേരുണ്ട് ബൽജിയം ടീമിൽ. 100 മൽസരങ്ങൾ തികച്ച യാൻ വെർടോംഗനാണ് ഏറ്റവും സീനിയർ.