Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ കളി കളിക്കാൻ ഒരു മെസിഹ ഇനി പുനർജനിക്കണം!’

najar-messi ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച പലസ്തീൻ ആരോഗ്യപ്രവർത്തകയായ റസാൻ അൽ നജാർ, ലയണൽ മെസ്സി

കോഴിക്കോട്∙ പലസ്തീനിൽനിന്ന് ഉയർന്ന കടുത്ത പ്രതിഷേധത്തിന്റെയും ഭീഷണികളുടെയും പശ്ചാത്തലത്തിൽ ഇസ്രയേലിൽ കളിക്കാനില്ലെന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ തീരുമാനത്തിൽ വ്യത്യസ്ത പ്രതികരണവുമായി ഗസൽ ഗായകൻ ഷഹബാസ് അമൻ. ഇസ്രയേലിൽ പോയി കളിച്ച് ജയിച്ച് ആ വിജയം ഇസ്രയേൽ സൈന്യത്തിന്റെ വെടിയറ്റു മരിച്ച പലസ്തീൻ ആരോഗ്യപ്രവർത്തക റസാൻ അൽ നജാറിനു സമർപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നു വ്യക്തമാക്കുന്നതാണ് ഷഹബാസ് അമന്റെ പ്രതികരണം.

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഷഹബാസ് അമൻ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിൽ കളിക്കുന്നില്ലെന്ന് തീരുമാനിച്ചതിലൂടെ ‘വിജയം നജാറിനു’ സമർപ്പിക്കുന്ന ക്യാപ്റ്റനെ ലോകം മിസ്സ്‌ ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തൊട്ടാകെയുള്ള സോക്കർ പ്രേമികളുടെ മനസ്സ് വായിച്ചുകൊണ്ട് മെസ്സി എടുത്ത രാഷ്ട്രീയ നിലപാട് ഭയങ്കര ഹിറ്റായതിൽ സന്തോഷം രേഖപ്പെടുത്തി ആരംഭിക്കുന്ന കുറിപ്പിന്റെ അവസാനമാണ്, സ്വീകരിക്കാമായിരുന്ന മറ്റൊരു നിലപാട് അദ്ദേഹം വിശദീകരിക്കുന്നത്. ഫുട്ബോളിലാണെങ്കിൽ പോലും വിപ്ലവത്തിന്റെ വേറൊരു ലെവലിനെ ഇനിയും നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

ലോകത്തൊട്ടാകെയുള്ള സോക്കർപ്രേമികളുടെ മനസ്സ്‌ വായിച്ചുകൊണ്ട്‌ മെസ്സി എടുത്ത രാഷ്ട്രീയ നിലപാട് ഭയങ്കര ഹിറ്റായിരിക്കുന്നു.‌ സന്തോഷം! കേരളത്തിലെ കാൽപ്പന്തുകളിയാരാധകർ ഫുട്ബാൾ ആൻഡ്‌ പൊളിറ്റിക്സ്‌ എന്ന വിഷയത്തിൽ ഇത്രമേൽ രാഷ്ട്രീയ സാക്ഷരർ ആയിക്കഴിഞ്ഞ സ്ഥിതിക്ക്‌ ഇനി ‌തൃശൂർക്കാരൻ ചെറിയാൻ ജോസഫ്,‌ ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളായ ഐ.എം. വിജയനെക്കുറിച്ച്‌ എടുത്തിട്ടുള്ള 'കാലോഹരിൺ' (കറുത്ത മാൻ) എന്ന ഡോക്യുമെന്ററി സിനിമ ഒന്നു(കൂടി) കണ്ടുനോക്കാവുന്നതാണു! സംഗീതം: കെ.രാഘവൻ.

പത്തിരുപത്ു കൊല്ലമായി സംഭവം. ഒരു ദളിത്‌ ജീവിതത്തിൽ നിന്നും രാഷ്ട്രീയ ഫുട്ബോൾ എന്ന ഒരു സ്ട്രോങ് ഖരാന ഉണ്ടാകുന്നതെങ്ങനെ എന്ന് കൃത്യമായി നിരീക്ഷിച്ച്‌ കണ്ടെത്തുന്ന ആ ചിത്രം അതിനാൽത്തന്നെ അന്ന് അത്രകണ്ട്‌ തിരിച്ചറിയപ്പെടാതെ പോയത്‌ ഡിറക്ടറായ ചെറിയാനെയും അത്‌ നാടാകെ കാണിക്കാൻ ശ്രമിച്ച ചില ഫിലിം സൊസൈറ്റി പ്രവർത്തകരെയും അൽപ്പം നിരാശയിലാക്കി.

മലപ്പുറം ജില്ലയിൽ കാണിച്ചപ്പോൾ ഇതിൽ "കളിയെവിടെ" "കളിയെവിടെ" എന്നു മാത്രമാണു എല്ലാവരും ഇച്ഛാഭംഗത്തോടെ അന്ന് ചോദിച്ചുകൊണ്ടിരുന്നത്‌‌! ഒരു ഫുട്ബോൾ സിനിമയാണെന്ന് പറഞ്ഞ്‌ വഞ്ചിച്ചു എന്നുവരെ എത്തി ആരോപണം ! അവരെ കുറ്റപ്പെടുത്താനാവില്ല. "ജയന്റ്സ്‌ ഓഫ്‌ ബ്രസീൽ" വലിയ സ്ക്രീനിലും വേൾഡ്കപ്പുകൾ മിനിസ്ക്രീനിലും കണ്ട അനുഭവങ്ങൾ മാത്രമായിരുന്നു അതുവരെ അവരുടെ മുന്നിൽ ഉണ്ടായിരുന്നത്‌‌! വെറും കളിയാരാധകർ! കളിക്കുന്നത്‌ അമേരിക്കയായാലും ബ്രിട്ടനായാലും ജർമ്മനിയായാലും ആരായാലും പ്രശ്നമില്ല! കളി കാണണം! ഡ്രിബ്ലിംഗ്‌ കാണണം! ഗോളുകൾ കാണണം! കളി തന്നെ 'പൊളിറ്റിക്സ്'‌ ! ഫുട്ബോൾ അത്രയ്ക്ക്‌ കണ്ണടച്ച്‌ ട്രസ്റ്റ്‌ ചെയ്യാവുന്ന ഒരു ഗെയിം ആണെന്നതായിരിക്കാം ഒരു കാരണം.

'നരകത്തിലെ രണ്ട്‌ പകുതികൾ' എന്ന ആന്റി നാസി ഫുട്ബോൾ പടമൊക്കെ ബുദ്ധിജീവികൾ മാത്രം ഇരുട്ടത്തിരുന്ന് കാണുന്ന കാലമാണെന്നോർക്കണം! ‌ ഇപ്പോൾ അത്‌ മാറിയിരിക്കുന്നു! രാഷ്ട്രീയ ഫുട്ബോൾ ചലച്ചിത്രമേളകൾ എക്സ്ക്ലൂസിവായി! കളിക്കു പകരം 'പൊളിറ്റിക്സാണു' ഇപ്പോൾ മെയിൻ ആകർഷണം! ബ്രസീലും അർജന്റീനയും മാത്രം പ്രൊഫൈയിലിൽ ചങ്കിടിപ്പാകുന്ന ' ഇടങ്കാലം' ! അത്‌ നല്ലതാണോ എന്ന് പുനഃപരിശോധിക്കണം! കുറേക്കൂടി കഴിഞ്ഞാൽ എന്താകുമെന്ന് കണ്ടറിയേണ്ടിയും വരും !

ശരിയാണ്! ഒരു നിലയ്ക്കു നോക്കിയാൽ ഇപ്പോൾ മെസ്സി ചെയ്തത്‌ ഇന്നത്തെ രാഷ്ട്രീയസ്ഥിതിയിൽ കറക്റ്റാണ്! പ്രത്യേകിച്ചും നജ്ജാർ എന്ന ഒരു പെൺപറവയുടെ ചോരകൂടി തെറിച്ചുവീണതിന്റെ തൊട്ടുപിന്നാലെ ! അതും ലോകത്തെ ഏറ്റവും ധനാഢ്യനായ രണ്ടാമത്തെ കായികതാരം ചെയ്യുമ്പോൾ അതിനു പ്രസക്തിയേറുന്നു! ഗംഭീരം തന്നെ!

എങ്കിലും വേറൊരു നിലക്ക്‌ വെറുതെ ഒന്ന്ു ചിന്തിച്ച്‌ നോക്കൂ! 'മനുഷ്യന്റെ' കയ്യിലുള്ള ഒരു മൂസാ വടി കൂടിയാണു ഫുട്ബോൾ എന്ന് വിചാരിക്കുക! വെറുതെ ഒന്ന് സങ്കൽപ്പിച്ച്‌ നോക്കുക! മാജിക്‌ സ്റ്റിക്‌! പ്രത്യേകിച്ചും മെസ്സിയുടെ ഇടങ്കാൽ! അത്‌ കൊണ്ട്‌ കടലിന്റെ നടുക്ക്‌ വേണം പോയി അടിക്കാൻ ‌! ഒടുവിൽ ലോങ് വിസിൽ മുഴങ്ങുമ്പോൾ 'ഫറോവ' മാത്രം മുങ്ങിച്ചാവുകയും ലോകത്തെ മുഴുവൻ ഫുട്ബോൾ ആരാധകരും രക്ഷപ്പെടുകയും ചെയ്യുന്ന മാന്ത്രികക്കളി! ശരിയായ ഡ്രിബ്ലിംഗ്‌! എല്ലാവർക്കുമൊന്നും അത്‌ ചെയ്യാൻ കഴിയില്ല!

സിംഹത്തിന് അതിന്റെ മടയിൽ ചെന്ന് വേറൊരു സിംഹം (ലിയോ) നൈസായിട്ട്‌ പണി കൊടുക്കുന്ന കളി! അർജന്റീനിയൻ കുപ്പായത്തിൽ കളി കഴിഞ്ഞ്‌ വിയർത്ത്‌ കുളിച്ച്‌ നിൽക്കുന്ന മെസ്സിയുടെ "അല്ലയോ ഇസ്രയേൽ" എന്ന് തുടങ്ങുന്ന തീവാക്കുകൾ നമുക്ക്‌ നഷ്ടമായി! അർജന്റീന ജയിക്കുന്ന ആ കളിയിൽ "വിജയം നജ്ജാറിനു!" സമർപ്പിക്കുന്ന ക്യാപ്റ്റനെ ലോകം മിസ്സ്‌ ചെയ്തിരിക്കുന്നു! ആ കളി കളിക്കാൻ ഒരു മെസിഹ ഇനി പുനർജനിച്ചിട്ട്‌ വേണം! കാൽപ്പനികം എന്ന്‌ വേണമെങ്കിൽ നിങ്ങൾക്ക്‌ ഇതിനെ തള്ളിക്കളയാം ! അതെ ഫുട്ബോളും വിപ്ലവവും പങ്കിടുന്ന പ്രധാനപ്പെട്ട ഒരു സമാനത കാൽപ്പനികതയാണു അതിന്റെ റിയാലിറ്റി എന്നതും കൂടിയാണു ! ഫുട്ബോളിലാണെങ്കിൽ പോലും വിപ്ലവത്തിന്റെ വേറൊരു ലെവലിനെ ഇനിയും നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു!

എല്ലാവരോടും സ്നേഹം...