സ്പെയിനിന്റെ ഇടതു പക്ഷം; പോർച്ചുഗലിന്റെ റോണോ പക്ഷം

സ്പെയിൻ–പോർച്ചുഗൽ മൽസരത്തിൽ നിന്ന്

ചരിത്രപ്രസിദ്ധമായ വൈരം, മൂന്നും മൂന്നും ആറു ഗോളുകൾ, ഒരു പെനൽറ്റി, രണ്ടു ടീമിന്റെയും തിരിച്ചുവരവ്, ക്ലൈമാക്സിനു മുൻപൊരു ട്വിസ്റ്റ്, സൂപ്പർ സ്റ്റാർ ഷോ. ഒരു ത്രില്ലർ പോരാട്ടത്തിന്റെ ചേരുവകളെല്ലാം സ്പെയിൻ–പോർച്ചുഗൽ മൽസരത്തിനുണ്ടായിരുന്നു. എന്നാൽ 90 മിനിറ്റ് കളി ലോക ഫുട്ബോളിലെ രണ്ടു ശൈലികൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയായി. പൊസഷൻ പ്ലേയും കൗണ്ടർ അറ്റാക്കിങ് ഗെയിമും. 

സ്പെയിനും പോർച്ചുഗലും തമ്മിലുള്ള ശൈലീവ്യത്യാസം കളിക്കണക്കിൽ കൃത്യമായുണ്ട്. സ്പെയിൻ 778 പാസുകൾ പൂർത്തിയാക്കിയപ്പോൾ പോർച്ചുഗൽ 391 മാത്രം. എന്നാൽ പ്രകടമായ വ്യത്യാസം ഷോർട്ട്, ലോങ് പാസുകളിലായിരുന്നു. സ്പെയിൻ (723–312) ഷോർട്ട് പാസുകളിലും പോർച്ചുഗൽ (66–42) ലോങ് പാസുകളിലും മുന്നിലായിരുന്നു കളിയിൽ. 

∙ സ്പെയിൻ 

പന്തു കൈവശം വച്ചുള്ള പൊസഷൻ ഗെയിമിനെ പരിഷ്കരിക്കാനുള്ള ശ്രമങ്ങളാണു സ്പെയിൻ ഇപ്പോഴും നടത്തുന്നത്. എന്നാൽ 2014 ലോകകപ്പിൽ ഹോളണ്ടിനേറ്റ 5–1 തോൽവിയിൽ നിന്നു പഠിച്ച ഒരു കാര്യം സ്പെയിൻ പോർച്ചുഗലിനെതിരെ നടപ്പാക്കി. ഒരു പരമ്പരാഗത സ്ട്രൈക്കറെ മുൻനിരയിൽ നിയോഗിച്ചു – ഡിയേഗോ കോസ്റ്റ. എന്നാൽ സ്പെയിനിന്റെ പൊസഷൻ ഫുട്ബോൾ മൈതാനം മൊത്തം പടർന്നില്ല. അവിശ്വസനീയമാം വിധം ഇടതു വിങ് കേന്ദ്രീകരിച്ചാണ് അവർ കളിച്ചത്. പോർച്ചുഗലിന്റെ അതിവേഗക്കളി സ്പെയിനിന്റെ ഞരമ്പിലേക്കും പടർന്നു എന്നു പറയാം. സമാ‌ന്തരമായ പാസുകൾക്കു പകരം മുന്നോട്ടുള്ള പാസുകൾ വർധിച്ചു. കളി വേഗമാർജിച്ചതോടെ സ്പെയിൻ ടീമിലെ ഏറ്റവും വേഗമുള്ള കളിക്കാരനായ ലെഫ്റ്റ് ബായ്ക്ക് ജോർദി ആൽബയ്ക്കു പ്രധാന റോൾ കൈവന്നു. സ്വാഭാവികമായും ഇടതു പാർശ്വത്തിലേക്കു ചാഞ്ഞു സ്പെയിനിന്റെ കളി. ഇസ്കോ പലപ്പോഴും കൃത്യമായി കട്ട് ചെയ്തു കയറിയത് ആൽബയ്ക്കു മുന്നോട്ടോടി വരാനുള്ള സ്പേസ് നൽകി. 

∙ പോർച്ചുഗൽ 

അപകട മേഖലയിലേക്കു വരാത്ത സമയത്തോളം സ്പെയിനിനെ കളിക്കാൻ അനുവദിക്കുക എന്ന തന്ത്രമാണ് അവർ സ്വീകരിച്ചത്. അതു കളിക്കണക്കിൽ കാണാം. കളിയിൽ 67 ശതമാനത്തോളം സമയം പന്തു സ്പെയിനിന്റെ കൈവശമായിരുന്നു. എന്നാൽ സ്വന്തം പകുതിയിൽ പന്തു കിട്ടിയപ്പോഴെല്ലാം അവർ വച്ചുനീട്ടി. ഇടതു വിങ് ചേർന്നായിരുന്നു പോർച്ചുഗലിന്റെയും കളി. അതിനു കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം. പോർച്ചുഗലിന്റെ എല്ലാ പാസുകളും ലെഫ്റ്റ് ഫോർവേഡ് ആയി കളിച്ച റൊണാൾഡോയെ തേടിയെത്തി. സമർഥമായ ഫ്ലിക്കുകളിലൂടെയും ഹെഡറുകളിലൂടെയും റൊണാൾഡോ അവയെല്ലാം കൗണ്ടർ അറ്റാക്കിങ് ആയുധങ്ങളാക്കി മാറ്റി. 

ഒപ്പം കളിച്ച ഗുയിഡെസിനു കൃത്യതയുണ്ടായിരുന്നെങ്കിൽ സെറ്റ് പീസുകൾക്കു പകരം ഓപ്പൺ പ്ലേയിൽ നിന്നുതന്നെ പോർച്ചുഗൽ ഗോൾ നേടിയേനെ.