Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്നായി കളിച്ചാൽ ബൽജിയം സ്ട്രൈക്കറെന്നു വിളിക്കും; തോറ്റാൽ കോംഗോ വംശജൻ

romelu-lukaku-1 റൊമേലു ലുക്കാകു. (ബൽജിയം ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച ചിത്രം)

ലോകകപ്പിൽ ബൽജിയത്തിന്റെ സൂപ്പർ സ്ട്രൈക്കറാണ് റൊമേലു ലുക്കാകു എന്ന കോംഗോ വംശജൻ. പാനമയ്ക്കെതിരെ ഇരമ്പിയെത്തിയ ബൽജിയത്തിന്റെ മുന്നണിപ്പോരാളി. ലോകകപ്പിലെ ആദ്യ മൽസരത്തിനു മുൻപ് എഴുതിയ കുറിപ്പ് ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുകയാണ്. വീട്ടിലെ ദാരിദ്ര്യത്തിന്റെ ആഴം ഞാൻ തിരിച്ചറിഞ്ഞത് ആറാം വയസ്സിൽ. സ്കൂളിൽനിന്ന് ഉ‌ച്ചഭക്ഷണത്തിനു വന്നതായിരുന്നു ഞാൻ. പാലും ബ്രഡുമായിരുന്നു പതിവ്. പക്ഷേ, അന്ന് അമ്മ റഫ്രിജറേറ്ററിനരികിൽ നിന്ന് പാലിൽ എന്തോ കലക്കുന്നതു കണ്ടു. അന്ന് പാലു തികയാത്തതിനാൽ വെള്ളം ചേർക്കുകയായിരുന്നു, പാവം. ദാരിദ്ര്യമായിരുന്നില്ല ആ അവസ്ഥ. പട്ടിണിയായിരുന്നു, കൊടും പട്ടിണി!.

വീട്ടിനടുത്തുള്ള ബേക്കറിയില്‍ ബ്രെഡ് കടം വാങ്ങിയായിരുന്നു അമ്മ ഞങ്ങളെ ഊട്ടിയിരുന്നത്. ഒരിക്കൽ ഞാൻ വീട്ടിൽ വന്നപ്പോൾ കേബിൾ ടിവി പണിമുടക്കിയിരുന്നു. അതോടെ, ഫുട്ബോൾ കാണൽ നിന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീട് മൊത്തം ഇരുട്ടിൽ. വൈദ്യുതിയില്ല. ഒന്നോ രണ്ടോ ദിവസത്തേക്കല്ല.

അമ്മയോട് ഞാ‍ന്‍ ഒന്നും ചോദിച്ചില്ല. പകരം മനസ്സില്‍ ഉറച്ച തീരുമാനമെടുത്തു. അമ്മയെ ഈ ദുരിതത്തില്‍നിന്നു കരകയറ്റണം. ബല്‍ജിയത്തിലെ വമ്പന്‍ ഫുട്ബോള്‍ ക്ലബ്ബായ ആന്‍ഡര്‍ലെക്ടിന്റെ താരമാകും ഞാന്‍ – അമ്മയോട് ഞാന്‍ പറഞ്ഞു. നമ്മുടെ പ്രശ്നങ്ങളെല്ലാം തീരും. പേടിക്കേണ്ട. ആറു വയസ്സായിരുന്നു അപ്പോള്‍. ഫുട്ബോള്‍ കളിക്കാരനായിരുന്ന അച്ഛനോട് ഞാന്‍ ചോദിച്ചു: എപ്പോഴാണ് പ്രഫഷനലായി കളി തുടങ്ങിയത്? പതിനാറാം വയസ്സിൽ എന്ന് ഉത്തരം കിട്ടിയപ്പോൾ തീരുമാനിച്ചു – പതിനാറു വയസ്സിൽ ഞാനും പ്രഫഷനലായി കളിക്കും. ഉറപ്പ്.

പിന്നീട് മരണക്കളിയായിരുന്നു. സ്കൂളിലും പാർക്കിലുമൊക്കെ കളിച്ച ഓരോ കളിയും എനിക്കു ഫൈനൽ മൽസരമായിരുന്നു. പല കാരണങ്ങൾ മൂലം ദേഷ്യമായിരുന്നു മനസ്സിൽ. പക്ഷേ അതെല്ലാം ഞാൻ കളിച്ചുതീർക്കുകയായിരുന്നു. ബൽജിയം ജൻമം നൽകിയ ഏറ്റവും മികച്ച ഫുട്ബോൾ താരമാകണം എന്നായിരുന്നു ലക്ഷ്യം. 16 വയസ്സിൽ പ്രഫഷനലായി കളിക്കുമെന്ന് അമ്മയ്ക്കു കൊടുത്ത വാക്കു ഞാൻ തെറ്റിച്ചു. 11 ദിവസം വൈകിപ്പോയി. 2009 മേയ് 24 ആയിരുന്നു ആ സുദിനം. മേയ് 13ന് ആയിരുന്നു ആന്റർലെക്ടുമായി ഞാൻ കരാർ ഒപ്പുവച്ചത്.

ആ സീസണിലെ ലീഗ് കിരീടം തീരുമാനിക്കാൻ ദ്വിപാദ പ്ലേഓഫ് വേണ്ടിവന്നു. ആദ്യപാദം ഞാൻ വീട്ടിലിരുന്നാണ് കണ്ടത്. രണ്ടാം പാദത്തിനു കോച്ചിന്റെ വിളി വന്നു. അച്ഛനോട് പറഞ്ഞ് ഞാൻ സ്റ്റേഡിയത്തിലേക്ക് പോയി. ടിവിയിൽ ടീമിനൊപ്പം എന്നെ കണ്ട് ഫോണിൽ ഒട്ടേറെ സന്ദേശങ്ങൾ വരുന്നുണ്ടായിരുന്നു. പിറ്റേന്ന് 63–ാം മിനിറ്റിൽ പകരക്കാരനായി എന്നെ ഇറക്കി. അന്ന് എനിക്ക് പ്രായം 16 വയസ്സും 11 ദിവസവും. കളി ഞങ്ങൾ തോറ്റെങ്കിലും ഞാൻ ഏഴാം സ്വർഗത്തിലെത്തിയിരുന്നു. അമ്മയ്ക്കും മുത്തച്ഛനും കൊടുത്ത വാക്ക് പാലിക്കാനായി.

ബൽജിയം ടീമിലെത്തിയപ്പോൾ മാധ്യമങ്ങളിൽ എന്നെക്കുറിച്ചു പല വാർത്തകളും വരാൻ തുടങ്ങി. നന്നായി കളിക്കുമ്പോൾ ബൽജിയം സ്ട്രൈക്കർ റൊമേലു ലുക്കാകു എന്ന് വിളിക്കുന്നവർ തോൽവികൾ വരുമ്പോൾ കോംഗോ വംശജൻ ലൂക്കാകു എന്നു വിളിക്കും. ഞാൻ ജനിച്ചതും വളർന്നതും ബൽജിയത്തിലാണ്. എന്നിട്ടും ഈ രാജ്യത്തെ ചിലർക്ക് ഞാൻ പരാജയപ്പെടുന്നതു കാണാൻ ഇഷ്ടമാണ്. പക്ഷേ, പണ്ട് പാലിൽ വെള്ളം ചേർത്തു കുടിക്കേണ്ട ഗതികേടിൽ ഇവർ ആരും എനിക്കൊപ്പമുണ്ടായിരുന്നില്ല.

കുട്ടിയായിരിക്കുമ്പോൾ പത്തു വർഷം ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഞാൻ ടിവിയിൽ കണ്ടിട്ടില്ല. അതിനു മാർഗമില്ലായിരുന്നു. 2002ൽ ലോകകപ്പ് ഫൈനലിൽ ബ്രസീലിന്റെ റൊണാൾഡോയുടെ കളി സുഹൃത്തിന്റെ വീട്ടിൽ ചെന്നു കണ്ടു. മറ്റു കളികളെക്കുറിച്ച് കൂട്ടുകാർ പറഞ്ഞു കേട്ട വിവരമേയുള്ളൂ. 12 വർഷത്തിനു ശേഷം ഞാൻ ബ്രസീലിൽ നടന്ന ലോകകപ്പിൽ കളിച്ചു. ഇപ്പോൾ മറ്റൊരു ലോകകപ്പിൽ വീണ്ടും.

ഇതൊക്കെ കാണാൻ മുത്തച്ഛൻ ജീവിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ വല്ലാതെ ആശിച്ചുപോകുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെയോ ചാംപ്യൻസ് ലീഗിന്റെയും ലോകകപ്പിന്റെ കാര്യമല്ല ഞാൻ ഉദ്ദേശിച്ചത്. മുത്തച്ഛന്റെ മകൾ, എന്റെ അമ്മ ഇപ്പോൾ സുഖമായിരിക്കുന്നു. മരിക്കുന്നതിനു നാലു ദിവസം മുൻപാണ് എന്റെ മോളെ നന്നായി നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ആ വാക്കു ഞാൻ പാലിച്ചു മുത്തച്ഛാ.. ഞങ്ങളുടെ അപ്പാർട്മെന്റിൽ എലിശല്യമില്ല. കഷ്ടപ്പാടെല്ലാം മാറി. ഇപ്പോൾ ആരും എന്റെ ഐഡി കാർഡ് ചോദിക്കാറില്ല. എല്ലാവർക്കും എന്നെ അറിയാം.

ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ)

ക്രൊയേഷ്യയുടെയും റയൽ മഡ്രിഡിന്റെയും മധ്യനിരയിൽ തിളങ്ങിനിൽക്കുന്ന മോഡ്രിച്ചിന്റെ കുട്ടിക്കാലം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല. 1991ൽ ക്രൊയേഷ്യൻ സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബോംബ് സ്ഫോടനത്തിൽ മോഡ്രിച്ചിന്റെ മുത്തച്ഛൻ മരണമടഞ്ഞു. ദുരിതാശ്വാസ ക്യാംപിലായി ജീവിതം. കുട്ടിക്കാലത്തെ വേദനകൾ പ്രചോദനമാക്കി സ്റ്റാർ മിഡ്ഫീൽഡറായി മോഡ്രിച്ച് ഉദിച്ചുയർന്നു.

വിക്ടർ മോസസ് (നൈജീരിയ)

ക്രിസ്ത്യൻ പുരോഹിതനായ അച്ഛനെയും അമ്മയെയും കലാപകാരികൾ വധിക്കുമ്പോൾ 11 വയസ്സാണു മോസസിന്. നൈജീരിയയിലെ വർഗീയ സംഘർഷത്തിൽ മോസസിന്റെ ജീവൻ നഷ്ടമാകാതിരിക്കാൻ അമ്മാവൻ ഒളിപ്പിച്ചിരുത്തി. പിന്നീട് ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയി. മോസസിന്റെ ജീവിതം മാറ്റിമറിച്ചത് ഇതാണ്. വേദനകൾക്കിടയിലും മോസസിനു ഫുട്ബോൾ ആയിരുന്നു സന്തോഷം നൽകിയിരുന്നത്.

കാർലോസ് ബാക്ക (കൊളംബിയ)

കൊളംബിയൻ സ്ടൈക്കർ കാർലോസ് ബാക്ക 20–ാം വയസ്സിൽ ബസ് ഡ്രൈവറുടെ സഹായി ആയാണ് ജോലി ചെയ്തിരുന്നത്. മീൻപിടിച്ചായിരുന്നു ഉപജീവനം. വീട്ടിൽ മുഴുപ്പട്ടിണി ആയിരുന്നു. കൂട്ടുകാർ പന്തുതട്ടിക്കളിച്ചിരുന്ന സമയത്ത് കുടുംബം പോറ്റേണ്ട ഉത്തരവാദിത്തം ബാക്കയുടെ ചുമലുകളിൽ.

(അവലംബം: ദ് പ്ലെയേഴ്സ് ട്രിബ്യൂൺ)