Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസ്സിയെ ഒറ്റപ്പെടുത്തരുത്; ചുറ്റുമുള്ളവരുടെ നിലവാരവും പ്രശ്നം: മറഡോണ

Lionel Messi

കഴിഞ്ഞ ലോകകപ്പിന്റെ ഫൈനൽ കളിച്ച രണ്ടുടീമുകളോടും ഈ ലോകകപ്പിന് ഒരു ദയയുമില്ല. ജർമനിക്ക് ആദ്യ കളിയിൽ അട്ടിമറിത്തോൽവി. ക്രൊയേഷ്യയോടു തോറ്റ അർജന്റീനയ്ക്ക് അടുത്ത കളി ജയിച്ചാൽപ്പോലും കാര്യങ്ങൾ എളുപ്പമല്ല. അർജന്റീനയ്ക്കു ഞാൻ നേരത്തേ മുന്നറിയിപ്പു നൽകിയതാണ്. ഈ ടീമിന്റെ തന്ത്രങ്ങൾ ചോദ്യം ചെയ്യപ്പെടാതെ വയ്യ. മെസ്സിയെ ഒരുപാട് ആശ്രയിക്കുന്നതു ശരിയല്ലെന്നും ഞാൻ പറഞ്ഞതാണ്. യൂറോപ്യൻ ടീമിനെതിരെ കളിക്കുമ്പോൾ തന്ത്രങ്ങൾക്കു നല്ല മൂർച്ച വേണം; പോരാട്ടവീര്യവും. ഇതുരണ്ടും അർജന്റീനയ്ക്കില്ലായിരുന്നു.

മെസ്സിക്കു നേരെ ഒട്ടേറെ വിരലുകൾ ചൂണ്ടിനിൽക്കുന്നതു ഞാൻ കാണുന്നു. ടീമിനെ പ്രചോദിപ്പിക്കാൻ ലിയോയ്ക്ക് കഴിഞ്ഞില്ല. ഐസ്‌ലൻഡുമായി സമനില വഴങ്ങിയ കളിയിൽ നിർണായക പെനൽറ്റി നഷ്ടമാക്കിയതു വേറെ. പക്ഷേ, ഫുട്ബോൾ ഒറ്റയാൾ കളിയില്ലെന്ന കാര്യവും നാമോർക്കണം. 1986ൽ ഞാൻ നായകനായ അർജന്റീന ലോകകപ്പ് ജേതാക്കളായപ്പോഴും, അത് അങ്ങനെ തന്നെയായിരുന്നു. ചുറ്റും കളിച്ചവരുടെ നിലവാരമില്ലായ്മയാണ് ലിയോ മെസ്സിയുടെ ഫോം ഔട്ടിനു കാരണമെന്നും ഞാൻ കരുതുന്നു. ഇതൊക്കെയാണെങ്കിലും കാര്യങ്ങൾ അനുകൂലമാകുമെന്നു മനസ്സു പറയുന്നു. നൈജീരിയയ്ക്കെതിരെ വൻ വിജയം നേടാൻ മെസ്സി ഉൾപ്പെടെ എല്ലാവരും മനസ്സുകൊണ്ടു സജ്ജമാകേണ്ട സമയമാണിത്.

അർജന്റീന–ക്രൊയേഷ്യ മൽസരം വിഡിയോ സ്റ്റോറി കാണാം

ജർമനിയുടെ കാര്യവും അത്രയെളുപ്പമല്ല. ദക്ഷിണ കൊറിയയോടു ജയിച്ച സ്വീഡന് ഇതു മരണക്കളിയാണ്. മെക്സിക്കോ ദക്ഷിണ കൊറിയയെ തോൽപിച്ച് ആറുപോയിന്റ് നേടിയാൽ സ്വീഡന്റെ കാര്യം കഷ്ടത്തിലാവും. അതുകൊണ്ട് ഡു ഓർ ഡൈ മൽസരമായി ഇതുമാറുമെന്നുറപ്പ്. ഷ്വൈൻസ്റ്റൈഗറും ഫിലിപ് ലാമും വിരമിച്ചതോടെ ജർമനിക്കു മധ്യനിരയിലും പ്രതിരോധത്തിലും പ്രശ്നങ്ങളുണ്ട്. അതേസമയം, സ്വീ‍‍ഡനു കരുത്തരായ ഡിഫൻഡർമാരുണ്ട്. ഇവർക്കിടയിലൂടെ ഗോൾ കണ്ടെത്താൻ ഓസിലും തോമസ് മുള്ളറും ശ്രമിക്കണം. അർജന്റീനയെക്കാൾ നല്ല ഭാവിയാണു ഞാൻ ജർമനിക്കു പ്രതീക്ഷിക്കുന്നത്.