Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സിൽ ബാക്കി റാസ്..ഈ..യാ എന്ന ആരവം തന്നെ; ഗുഡ്ബൈ റഷ്യ !

stadium-russia

ലോകകപ്പ് കഴിഞ്ഞു. പക്ഷേ, പന്ത്രണ്ടു സ്റ്റേഡിയങ്ങളിൽനിന്നായി ലക്ഷക്കണക്കിന് ആരാധകരുയർത്തിയ ശബ്ദങ്ങൾ ചെവിയിൽനിന്നു മായുന്നില്ല. ഓർമയിലിപ്പോഴും ബാക്കിയാവുന്നത് ഇതാണ്: റസ്...ഇ..യാ....!! ക്വാർട്ടർ ഫൈനൽ വരെയെത്തി വീരോചിതമായി കളിയവസാനിപ്പിച്ച റഷ്യൻ ടീമിനു വേണ്ടി നാട്ടുകാരായ കളിപ്രേമികൾ സൃഷ്ടിച്ചെടുത്ത ഉണർത്തുപാട്ടാണിത്. കളിനേരത്തും അല്ലാത്തപ്പോഴും മോസ്കോയുടെയും സെന്റ് പീറ്റേഴ്സ്ബർഗിന്റെയും സോച്ചിയുടെയും നിഷ്നിയുടെയും വരെ തെരുവോരങ്ങളിൽ, ഫാൻ ഫെസ്റ്റ് വേദികളിൽ ഇതു കേട്ടു.

നഗരചത്വരങ്ങളിൽ ഈ റഷ്യൻ ആർപ്പുവിളിയുടെ പ്രകമ്പനങ്ങൾ ഇപ്പോഴും ബാക്കിയാവുന്നു. കളിയോർമകളെക്കാൾ മനസ്സിൽ ബാക്കി റാസ്..ഈ..യാ എന്ന ആരവം തന്നെ.  റഷ്യക്കാരുടെ ഓരോ ഗോളിനും മാത്രമല്ല, ഫൈനലിൽ അന്റോയ്ൻ ഗ്രീസ്മാൻ സ്കോർ ചെയ്തപ്പോഴും പെരിസിച്ചിന്റെ മിന്നൽഗോൾ വലയിൽ കയറിയപ്പോഴുമെല്ലാം ഇതേ ആരവമുയർന്നു. കപ്പു നേടാനാവാത്ത സങ്കടത്തി‍ൽ തലതാഴ്ത്തി ലയണൽ മെസ്സി മൈതാനത്തോടു വിട പറഞ്ഞ നേരത്ത്, ഈ ആരവക്കൊടുങ്കാറ്റ് സാദരം കസേര വിട്ടെഴുന്നേൽക്കുന്നതും അദ്ഭുതത്തോടെ കണ്ടു! 

 ഫൈനലിനു തലേന്നത്തെ രാവിൽ വിവിധ രാജ്യക്കാരായ ജനങ്ങൾക്കൊപ്പം, റഷ്യക്കാർ ആടിയും പാടിയും ആഘോഷിച്ചു. ഫൈനലിലേത് ഉൾപ്പെടെയുള്ള ചില കണ്ണീരോർമകളും കാണാതെ വയ്യ. ക്രൊയേഷ്യൻ ആരാധകരായിരുന്നു ലുഷ്നികിയിൽ ഫൈനലിന് അധികവും. തോൽവി അവരെ കരയിച്ചു. ഫൈനലോളമെത്തി സഫലമാകാതെ പോയ കിരീടസ്വപ്നങ്ങൾ അവർക്കു നൽകിയ ഹൃദയഭാരം ആ മുഖങ്ങളിൽ പ്രകടമായിരുന്നു. 

ഒരുപക്ഷേ, കളിക്കൊടുവിൽ പെയ്ത മഴ അവരുടെ കണ്ണീരിന്റെ തുടർച്ചയാവാം! ആ മഴയിൽ എല്ലാ സങ്കടങ്ങളും ഒലിച്ചുപോയിരിക്കാം, ഇനി അടുത്ത കിക്കോഫ് വരെ കാത്തിരിപ്പ്. ഗുഡ്ബൈ റഷ്യ; ഇനി ഖത്തറിൽ കാണാം!