ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ തോറ്റ് ഇന്ത്യ പുറത്ത്; നെതർലന്‍‌ഡ്സ് – ഓസീസ് സെമി

ഇന്ത്യയ്ക്കെതിരെ രണ്ടാം ഗോൾ നേടിയ നെതർലൻഡ്സ് താരങ്ങളുടെ ആഹ്ലാദം.

ഭുവനേശ്വർ ∙ ഹോക്കി ലോകപ്പിൽ ഇനി ഇന്ത്യ കാഴ്ച്ചക്കാരുടെ റോളിലേക്ക്. ക്വാർട്ടർ ഫൈനലിലെ ഉശിരൻ പോരാട്ടത്തിനൊടുവിൽ നെതർലൻഡ്സിനോട് 2–1നു തോറ്റ ഇന്ത്യ ടൂർണമെന്റിനു പുറത്തായി. 12–ാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങിന്റെ ഗോളിൽ ലീഡ് നേടിയതിനുശേഷമാണ് ഇന്ത്യ തോൽവി വഴങ്ങിയത്. 1975ലെ ഹോക്കി ലോകകപ്പ് നേട്ടത്തിനു ശേഷം  ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാനായിട്ടില്ല എന്ന ദുർവിധി ഇക്കുറിയും ഇന്ത്യയെ പിടികൂടി. ദിൽപ്രീത് സിങ് ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ കണ്ണീരോടെയാണു മൈതാനം വിട്ടത്. ജർമനിയെ 2–1നു കീഴടക്കിയ ബൽജിയവും സെമി ഫൈനലിലേക്കു മുന്നേറി.

നിരാശ

പന്തടക്കം കൊണ്ടും കേളിമികവും കൊണ്ടും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ ആദ്യ ക്വാർട്ടറിൽ ഇന്ത്യ ലീഡ് നേടിയതോടെ കലിംഗ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഇന്ത്യൻ ആരാധകർ ആർത്തിരമ്പി. ഡച്ച് താരം ഇന്ത്യയുടെ ഗോൾഷോട്ട് ബോക്സിനുള്ളിൽ ശരീരം കൊണ്ടു തടുത്തതിനു ലഭിച്ച പെനൽറ്റി കോർണറാണു ഗോളായി പരിണമിച്ചത്. ഹർമൻപ്രീത് സിങിന്റെ കരുത്തുറ്റ ഷോട്ട് ഡച്ച് ഗോളി തട്ടിയകറ്റിയെങ്കിലും പോസ്റ്റിനു തൊട്ടുമുന്നിൽ നിലയുറപ്പിച്ച ആകാശ്ദീപ് സിങ് ഇന്ത്യയ്ക്കു ലീഡ് നൽകി (1–0).

എന്നാൽ ഇന്ത്യയുടെ ആഹ്ലാദം 3 മിനിറ്റിൽ തീർന്നു. ആദ്യ ക്വാർട്ടർ അവസാനിക്കാൻ സെക്കന്റുകൾ ബാക്കിയുള്ളപ്പോൾ തിയറി ബ്രിൻക്മാന്റെ ഫീൽഡ് ഗോളിൽ ഓറഞ്ച് പട ഒപ്പമെത്തി. പിന്നീടുള്ള രണ്ടു ക്വാർട്ടലിലും ഇരു ടീമുകളം ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. എന്നാൽ 50–ാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്നു ഗോളടിച്ച വാൻ ഡെർ വീർഡെൻ നെതർലൻഡ്സിനെ മുന്നിലെത്തിച്ചതോടെ (2–1) ഇന്ത്യ സമ്മർദത്തിലായി.

പിന്നീടു ലക്ഷ്യം തെറ്റിവന്ന ഇന്ത്യൻ മുന്നേറ്റങ്ങളെ തടുത്തു നിർത്തിയ ഡച്ച് പട വിജയവും പിടിച്ചെടുത്തു. മൂന്നാം ക്വാർട്ടറിൽ ഹർമൻപ്രീത് സിങിന്റെ തകർപ്പൻ പാസിൽനിന്നു ലഭിച്ച പന്ത് ലക്ഷ്യത്തിലെത്തിക്കാനുള്ള സുവർണാവസരം ആകാശ്ദീപ് സിങ് പാഴാക്കിയതാണ് ഇന്ത്യയ്ക്കു വിനയായത്. ഗോൾ കീപ്പർ മാത്രം മുന്നിലുള്ളപ്പോൾ ആകാശ്ദീപ് തൊടുത്ത ഷോട്ട് ഡച്ച് പോസ്റ്റിനു മുകളിലൂടെ പുറത്തേക്കാണു പറന്നത്.