Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് ക്വാർട്ടർ തോൽവിയുടെ നിരാശയ്ക്കിടെ ഓർമയിലൊരു കിരീട വിജയം

1975-World-Cup-Indian-Hockey-Tea 1975ൽ ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങൾ ലോകകപ്പുമായി.

പതിനാലാമത് ഹോക്കി ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യ ക്വാർട്ടറിൽ തോറ്റു പുറത്താകുമ്പോൾ ഹോക്കി പ്രേമികൾ നിരാശയിലാണ്. ലോകകപ്പ് ഹോക്കിയിൽ നാലു കിരീടങ്ങളുമായി പാക്കിസ്ഥാൻ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ  ഇന്ത്യയ്ക്ക് ഓർമയിൽ സൂക്ഷിക്കാൻ ഒരു ലോകകിരീടം മാത്രം. 1975ൽ മലേഷ്യയിൽ നടന്ന മൂന്നാം ലോകകപ്പിലായിരുന്നു  ആ കിരീടം. ആ ഓർമകളിലൂടെ ...

1971ൽ സ്പെയിനിൽ ഹോക്കി ലോകകപ്പിന് തുടക്കമിട്ടെങ്കിലും ഇന്ത്യയ്‌ക്ക് അന്ന് മൂന്നാം സ്‌ഥാനമേ നേടാനായുള്ളൂ. 1973ലെ രണ്ടാം ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ കടന്നെങ്കിലും ടൈ ബ്രേക്കറിൽ ഹോളണ്ടിനോട് തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇതിനെല്ലാം പകരം വീട്ടിയത് രണ്ടു വർഷം കഴിഞ്ഞു നടന്ന മൂന്നാം ലോകകപ്പ് (1975) ടൂർണമെന്റിലാണ്. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തോൽപ്പിച്ചാണ്  ഇന്ത്യ അന്ന് കിരീടം ചൂടിയത്.

മൂന്നാം ലോകകപ്പിന് വേദിയൊരുക്കിയത് മലേഷ്യൻ തലസ്‌ഥാനമായ ക്വാലലംപൂർ. ഏഷ്യ ആദ്യമായി ലോകകപ്പിന് ആതിഥ്യമരുളിയത് അന്നാണ്. മെർദക്കാ സ്റ്റേഡിയമാണ് മൽസരങ്ങൾക്ക് വേദിയൊരുക്കിയത് പന്ത്രണ്ട് രാജ്യങ്ങൾ പങ്കെടുത്തു. ഇന്ത്യയ്‌ക്കൊപ്പം പശ്‌ചിമ ജർമനി, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഘാന, അർജന്റീന എന്നീ ടീമുകൾ പൂൾ ബിയിൽ. ആദ്യ മൽസരം ഇംഗ്ലണ്ടുമായി. ഇന്ത്യ 2–1ന് ജയിച്ചു. രണ്ടു ഗോളുകളും പിറന്നത് വി. ജെ.  ഫിലിപ്സിന്റെ സ്റ്റിക്കിൽനിന്ന്. രണ്ടാം മൽസരം ഓസ്‌ട്രേലിയയുമായി സമനിലയിൽ പിരിഞ്ഞു. ഘാനയുമായി നടന്ന മൂന്നാം മൽസരത്തിൽ 7–0ന്റെ തകർപ്പൻ വിജയം. തുടർന്ന് അർജന്റീനയ്‌ക്കെതിരെ തോൽവി (1–2). പ്രാഥമിക റൗണ്ടിലെ അവസാന മൽസരം ജർമനിക്കെതിരെ. സെമിയിൽ കടക്കണമെങ്കിൽ ഇന്ത്യയ്‌ക്ക് ജയിച്ചേ മതിയാവൂ. ഹർചരൺ സിങ്, വി. ജെ. ഫിലിപ്‌സ്, മൊഹിന്ദർ സിങ് എന്നിവരുടെ ഗോളുകളുടെ ബലത്തിൽ (3–1) ഇന്ത്യ സെമിയിലേക്ക് കുതിച്ചു.  

പൂൾ എ യിൽ പരമ്പരാഗത വൈരികളായ പാക്കിസ്‌ഥാനും മിന്നുന്ന ഫോമിലായിരുന്നു. പ്രാഥാമിക റൗണ്ടിൽ അവർ ഒന്നാമതായി ഫിനിഷ് ചെയ്‌ത് സെമിയിൽ കടന്നു. ആദ്യ സെമിയിൽ പാക്കിസ്‌ഥാൻ ജർമനിയെ തോൽപ്പിച്ച് (5–1) ഫൈനൽ ഉറപ്പിച്ചു. രണ്ടാം സെമിയിൽ ഇന്ത്യാ–മലേഷ്യ പോരാട്ടം. 1–2ന് പിന്നിൽനിന്ന ഇന്ത്യ പോരുതി നേടി ജയം സ്വന്തമാക്കി. അധികസമയത്തേക്ക് നീണ്ട മൽസരം ഇന്ത്യ കഷ്‌ടിച്ചാണ് ജയിച്ചത്. അധിക സമയത്ത് ഹർചരൺ സിങ്ങിന്റെ നേടിയ ഗോളിന്റെ ബലത്തിലായിരുന്നു ജയം.

ഇന്ത്യാ–പാക്ക് സ്വപ്‌നഫൈനൽ. മാർച്ച് 15. വേദി മെർദേക്കാ സ്‌റ്റേഡിയം. മലേഷ്യൻ പ്രധാനമന്ത്രി തുൻ അബ്‌ദുൽ റസാഖ് ഉൾപ്പെടെ അരലക്ഷം കാണികൾ. ലോകഹോക്കി കാത്തിരുന്ന നിമിഷങ്ങൾ. 19–ാം മിനിട്ടിൽ ആദ്യ ഗോൾ ഇന്ത്യ വഴങ്ങി. ഇന്ത്യൻ പ്രതിരോധനിരയയെ വെട്ടിച്ചുകയറിയ അബ്ബാസിന്റെ വകയായിരുന്നു ഗോൾ. ഇന്ത്യ ആക്രമണത്തിന് മൂർച്ചകൂട്ടി. ഇതിനിടെ രണ്ട് പെനൽറ്റി കോർണറുകൾ അസ്‌ലം ഷേർഖാൻ നഷ്‌ടപ്പെടുത്തി. രണ്ടാം പകുതിയിൽ ഇന്ത്യ തിരിച്ചുവരവു നടത്തി. ഏഴാം മിനിട്ടിൽ ഇന്ത്യയ്‌ക്ക് ലഭിച്ച പെനൽറ്റി കോർണർ സുർജിത് സിങ് നെറ്റിലെത്തിച്ചു. പിറകെ രണ്ടാം ഗോൾ. റൈറ്റ് ഔട്ട് വി. ജെ. ഫിലിപ്‌സ് പന്തുമായി മുന്നോട്ടുകുതിക്കവേ പാക്ക് പ്രതിരോധനിരയിലെ താരം തടഞ്ഞിട്ടു. പറന്നെത്തിയ അശോക്‌കുമാർ അടിച്ച പന്ത് ഗോൾലൈൻ കടന്ന് ബാറിൽ തട്ടി വീണ്ടും ഗോൾ ഏരിയയിലേക്ക് വീണു. പാക്ക് താരങ്ങൾ അത് ഗോളല്ലെന്ന് വാദിച്ചെങ്കിലും റഫറി ഗോൾ വിധിച്ചു. പാക്കിസ്‌ഥാൻ മറുപടി ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. സ്‌കോർ 2–1. ഇന്ത്യയ്ക്ക്. ഹോക്കി ലോകകപ്പ്. ഹോക്കി രാജാക്കൻമാരായ ഇന്ത്യയുടെ ഒരേയൊരു കിരീടം. ലോകകപ്പ്  അവസാന ഗോളിനെച്ചൊല്ലി പിന്നീട് ഏറെ വിവാദങ്ങൾ ഉയർന്നു. 

സ്വർണത്തിലും വെളളിയിലും തേക്കുതടിയിലും ആനക്കൊമ്പിലുമായി തീർത്ത ലോകകപ്പ് ഇന്ത്യൻ നായകൻ അജിത്‌പാൽ സിങ് ഏഷ്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്റുകൂടിയായ മലേഷ്യൻ പ്രധാനമന്ത്രി തുൻ അബ്‌ദുൽ റസാഖിൽനിന്ന് ഏറ്റുവാങ്ങി. 

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് നന്ദി പറയേണ്ടത് പഞ്ചാബ് സർക്കാരിനോടാണ്. ടൂർണമെന്റിനുമുൻപ് ഇന്ത്യൻ ടീമിന് പരിശീലനത്തിനാവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്‌തുകൊടുത്തത് പഞ്ചാബാണ്. ഗുർചരൺസിങ് ബോധിയാണ് ടീമിനെ പരിശീലിപ്പിച്ചത്. ബൽബീർ സിങ് (സീനിയർ) ആയിരുന്നു ഇന്ത്യൻ മാനേജർ. 1975നുശേഷം ഇന്ത്യ ഒരിക്കൽപ്പോലും ലോകകപ്പിന്റെ സെമിയിൽപ്പോലും കടന്നില്ല. 

related stories