ഡൽഹിയുടെ വീഴ്ച ബാറ്റിങ്ങിൽ: മഞ്ജ്‌രേക്കർ

സഞ്ജയ് മഞ്ജ്‌രേക്കർ

മുംബൈ∙ ബാറ്റിങ് നിരയുടെ പരാജയമാണ് ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസ് ടീമിന്റെ തിരിച്ചടിക്കു കാരണമെന്നും ഗൗതം ഗംഭീറിന്റെ നായകമികവ് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജ്‌രേക്കർ. ഇതുവരെ ഐപിഎൽ കിരീടം നേടാൻ കഴിയാത്ത ഡൽഹി ടീം ഇത്തവണ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്. ആദ്യ ആറു മൽസരങ്ങളിൽ ജയം ഒന്നിൽ മാത്രം.

‘‘ ഗ്ലെൻ മാക്സ്‌വെലിന്റെ ഫോമില്ലായ്മ ഡൽഹിയെ ബാധിച്ചിട്ടുണ്ട്. മറ്റുള്ളവർ പരാജയപ്പെടുമ്പോൾ റൺസെടുക്കേണ്ടതിന്റെ അധിക ഉത്തരവാദിത്തം കൂടി ഗംഭീറിന്റെ തലയിലാകുന്നു.

ബാറ്റ്സ്മാൻ എന്നതിലുപരി ക്യാപ്റ്റൻസിയുടെ പേരിലാണു ഗംഭീർ ടീമിലെത്തിയത്. ബാറ്റിങ് സംഘം എന്ന നിലയിൽ ഡൽഹി പരാജയപ്പെട്ടതോടെ ഗംഭീർ എന്ന ബാറ്റ്സ്മാന്റെ പ്രകടനവും വിലയിരുത്തപ്പെടുന്നു. ക്യാപ്റ്റൻസി ഒരു പ്രശ്നമാണെന്ന് എനിക്കു തോന്നിയിട്ടില്ല. എങ്കിലും തിരിച്ചുവരാൻ ഡൽഹി എന്തെങ്കിലും ചെയ്തേ പറ്റൂ. ’’