Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉനദ്കടിന് ഇക്കുറിയും ‘വില കൂടും’; യുവിക്കും ഷമിക്കും ഒരു കോടി, ഇഷാന്തിന് 75 ലക്ഷം

unadkat-yuvraj-malinga ജയ്ദേവ് ഉനദ്കട്, യുവരാജ് സിങ്, ലസിത് മലിംഗ

മുംബൈ∙ അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിനു അന്തിമ പട്ടിക തയാറായി. ഇതുപ്രകാരം 346 താരങ്ങളാണ് താരലേലത്തിന്റെ ഭാഗമാകുക. ഐപിഎൽ താരലേലത്തിന്റെ ഭാഗമാകാൻ താൽപര്യമറിയിച്ച 1003 താരങ്ങളിൽനിന്ന് ഐപിഎൽ ടീമുകൾ താൽപര്യം പ്രകടിപ്പിച്ച 346 പേരെയാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഡിസംബർ 18ന് ജയ്പുരിലാണ് ഇത്തവണത്തെ താരലേലം അരങ്ങേറുക.

ലേലപ്പട്ടികയിലെ 346 താരങ്ങളിൽ 226 പേർ ഇന്ത്യൻ താരങ്ങളാണ്. അതേസമയം, ലേലത്തിലെ ഏറ്റവും കൂടിയ അടിസ്ഥാന വിലയായ രണ്ടു കോടി മൂല്യമുള്ള ഒരാൾ പോലും ഇതിലില്ല. അതേസമയം, ഒൻപതു വിദേശ താരങ്ങൾ അടിസ്ഥാന വില രണ്ടു കോടിയായി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ താരലേലത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ച ഇന്ത്യൻ താരങ്ങളിൽ ഒരാളായ ജയ്ദേവ് ഉനദ്കടാണ് ഇക്കുറിയും ഏറ്റവും കൂടുതൽ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. 1.5 കോടിയാണ് ഉനദ്കടിന്റെ അടിസ്ഥാന വില.

അതേസമയം, മൂന്നു ന്യൂസീലൻഡ് താരങ്ങളാണ് അടിസ്ഥാന വില രണ്ടു കോടി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു വീതം ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക താരങ്ങവും രണ്ടു കോടി അടിസ്ഥാന വില നിശ്ചയിച്ചു. രണ്ടു കോടി അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്ന വിദേശ താരങ്ങൾ ഇവരാണ്. ബ്രണ്ടൻ മക്കല്ലം, കോളിൻ ഇൻഗ്രാം, കോറി ആൻഡേഴ്സൻ (ന്യൂസീലൻഡ്), ക്രിസ് വോക്സ്, സാം കറൻ (ഇംഗ്ലണ്ട്), ഷോൺ മാർഷ്, ഡാർസി ഷോർട്ട് (ഓസ്ട്രേലിയ), ലസിത് മലിംഗ, ഏഞ്ചലോ മാത്യൂസ് (ശ്രീലങ്ക).

ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്, വൃദ്ധിമാൻ സാഹ, മുഹമ്മദ് ഷമി, അക്സർ പട്ടേൽ എന്നിവർ ഒരു കോടി രൂപ വീതമാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡെയ്ൽ സ്റ്റെയ്ൻ, മോണി മോർക്കൽ, ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയർസ്റ്റോ, അലക്സ് ഹെയിൽസ് എന്നിവർ 1.5 കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യൻ പേസ് ബോളർമാരിൽ പ്രധാനിയായ ഇഷാന്ത് ശർമ 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടത്. ലേലത്തിന് 346 താരങ്ങൾ ലഭ്യമാണെങ്കിലും ആകെ 70 താരങ്ങളെ മാത്രമേ എട്ടു ടീമുകൾക്കും ലേലം വിളിച്ചെടുക്കാനാകൂ. അതിൽത്തന്നെ 20 വിദേശ താരങ്ങളേ പാടുള്ളൂ.

വിവിധ ടീമുകളുടെ അഭ്യർഥന പ്രകാരം 20 താരങ്ങളെ പ്രത്യേകമായി ഐപിഎൽ അധികൃതർ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയ ക്രിക്കറ്റ് ഇലവനെതിരായ പരിശീലന മൽസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തിയ പെർത്തിൽനിന്നുള്ള പേസ് ബോളർ ആരോൺ ഹാർഡിയാണ് ഇവരിൽ പ്രധാനി. കഴിഞ്ഞയാഴ്ച രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ ഇരട്ടസെഞ്ചുറി നേടി റെക്കോർഡിട്ട മധ്യപ്രദേശിന്റെ ഇരുപത്തൊന്നുകാരൻ താരം അജയ് രോഹറ, കൗണ്ടി ക്രിക്കറ്റിൽനിന്നുള്ള യുവതാരം പാറ്റ് ബ്രൗൺ, ലൗറി ഇവാൻസ്, ജാമി ഓവർട്ടൺ തുടങ്ങിയവരും അപ്രതീക്ഷിത താരോദയങ്ങളായേക്കാം.

related stories