വിജയ ശ്രേയസ്സ് !

മൊയിൻ അലിയെ പുറത്താക്കിയ ശ്രേയസ്സ് ഗോപാലിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു.

ജയ്പുർ ∙ കടന്നുകൂടാൻ മാത്രമല്ല, വേണ്ടിവന്നാൽ കളിച്ചുജയിക്കാനും അറിയാമെന്നു തെളിയിച്ച് രാജസ്ഥാൻ റോയൽസ്. മൽസരത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ രാജസ്ഥാൻ റോയൽസിനു ബാംഗ്ലൂരിനെതിരെ 30 റൺസ് ജയം. നാട്ടിലേക്കു മടങ്ങിയ ജോസ് ബട്‌ലറും ബെൻ സ്റ്റോക്സുമില്ലാത്ത രാജസ്ഥാനെ അനായാസം മറികടക്കാമെന്ന ബാംഗ്ലൂരിന്റെ മോഹം അതിമോഹമായി. ജയിച്ചെങ്കിലും രാജസ്ഥാന്റെ പ്ലേ ഓഫ് സ്ഥാനം നാളത്തെ രണ്ടു മൽസരങ്ങളുടെയും ഫലത്തെക്കൂടി ആശ്രയിച്ചിരിക്കും. ശ്രേയസ്സ് ഗോപാലിന്റെ തകർപ്പൻ ബോളിങ് പ്രകടനവും (4–16), രാഹുൽ ത്രിപാഠിയുടെ ഇന്നിങ്സുമാണ് (80*) രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്. സ്കോർ: രാജസ്ഥാൻ–20 ഓവറിൽ നാലിന് 164. ബാംഗ്ലൂർ– 19.2 ഓവറിൽ 134നു പുറത്ത്.

ടോസ് നേടിയ രാജസ്ഥാൻ ബാംഗ്ലൂരിനെ അമ്പരപ്പിച്ചു തിരഞ്ഞെടുത്തത് ബാറ്റിങ്. ബട്‌ലർക്കു പകരം ക്ലാസൺ, സ്റ്റോക്സിനു പകരം ബെൻ ലാഫ്‌ലിൻ. ഓപ്പണറു‍ടെ റോളിൽ എത്തിയ ജോഫ്രെ ആർച്ചർ രണ്ടാം ഓവറിൽത്തന്നെ സംപൂജ്യനായി മടങ്ങി. എന്നാൽ ഓപ്പണിങ് വിക്കറ്റിലെ ബട്‌ലറുടെ ദൗത്യം ഇത്തവണ രാഹുൽ ത്രിപാഠി ഭംഗിയാക്കി. 58 പന്തിൽ പുറത്താകാതെ 80 റൺസാണു ത്രിപാഠി അടിച്ചെടുത്തത്. രണ്ടാം വിക്കറ്റിൽ രാഹുലിനൊപ്പം നായകൻ രഹാനെ ചേർന്നതോടെ രാജസ്ഥാൻ സ്കോർബോർഡിൽ റണ്ണെത്തിത്തുടങ്ങി. 99 റൺസാണു സഖ്യം ടീമിനായി ചേർത്തത്. രഹാനെ (33) മടങ്ങിയതിന്റെ തൊട്ടടുത്ത പന്തിൽത്തന്നെ യാദവ് സഞ്ജുവിനെയും മടക്കിയെങ്കിലും പിന്നീടെത്തിയ ക്ലാസൺ (32) റൺ കണ്ടെത്തിയതോടെ ഭേദപ്പെട്ട സ്കോറിൽ രാജസ്ഥാൻ ഇന്നിങ്സ് അവസാനിപ്പിച്ചു.

ബാംഗ്ലൂരിന്റെ റൺചേസിൽ മൂന്നാം ഓവറിൽത്തന്നെ നായകൻ കോ‌ഹ്‌ലി പുറത്തായി. ഗൗതമാണു കോഹ്‌ലിയുടെ കുറ്റി തെറിപ്പിച്ചത്. എന്നാൽ പിന്നാലെ ഡിവില്ലിയേഴ്സ് എത്തിയതോടെ ബാംഗ്ലൂർ വേഗത്തിൽ റൺ നേടിത്തുടങ്ങി. എട്ട് ഓവർ പിന്നിട്ടപ്പോൾ 1–74 എന്ന നിലയിലായിരുന്നു ബാംഗ്ലൂർ. ഒൻപതാം ഓവറിൽ ശ്രേയസ്സ് ഗോപാൽ പാർഥിവ് പട്ടേലിനെയും (33), മൊയിൻ അലിയെയും മടക്കി. പിന്നാലെയെത്തിയ ബാറ്റ്സ്മാൻമാർ നിലയുറപ്പിക്കും മുൻപു മടങ്ങി. 53 റണ്ണെടുത്ത ഡിവില്ലിയേഴ്സിനെയും ഗോപാൽതന്നെ മടക്കിയതോടെ ബാംഗ്ലൂരിന്റെ പോരാട്ടം അവസാനിച്ചു.